ഒരു ദിവസം 55 വാര്‍ഡുകളിലായി 4125 പേര്‍ക്ക് കോവിഡ് പരിശോധന; ജനങ്ങളുമായി ഇടപഴകുന്ന വിഭാഗങ്ങള്‍ക്ക് മുന്‍ഗണന

കാസര്‍കോട്: ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രതിദിനം ജില്ലയിലെ ഒരു വാര്‍ഡില്‍ 75 പേര്‍ക്ക് വീതം ഒരു ദിവസം 55 വാര്‍ഡുകളില്‍ കോവിഡ് പരിശോധന നടത്താനുള്ള ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗ തീരുമാനവുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ഉള്ള പ്രദേശങ്ങള്‍ കണ്ടെത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ അതതു […]

കാസര്‍കോട്: ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രതിദിനം ജില്ലയിലെ ഒരു വാര്‍ഡില്‍ 75 പേര്‍ക്ക് വീതം ഒരു ദിവസം 55 വാര്‍ഡുകളില്‍ കോവിഡ് പരിശോധന നടത്താനുള്ള ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗ തീരുമാനവുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ഉള്ള പ്രദേശങ്ങള്‍ കണ്ടെത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ അതതു മേഖലകളില്‍ മാത്രമായി നിജപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സ്ട്രാറ്റേഡ് മള്‍ട്ടി സ്റ്റേജ് റാന്‍ഡം സാംപ്ലിങ്ങ് നടത്തുന്നത്. ജില്ലയില്‍ രോഗികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഈ പരിശോധനാ രീതി കൂടുതല്‍ ഫലപ്രദമാകുമെന്ന് കലക്ടര്‍ പറഞ്ഞു. എട്ട് ആരോഗ്യ ബ്ലോക്കുകളിലായി 777 വാര്‍ഡുകളാണുള്ളത്. ഒരു ദിവസം 55 വാര്‍ഡുകളിലായി 4125 പേര്‍ക്ക് കോവിഡ് പരിശോധന നടത്തും. 14 ദിവസം കഴിഞ്ഞ് വാര്‍ഡില്‍ വീണ്ടും കോവിഡ് പരിശോധന നടത്തണം.
പോലീസ്, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, കടയുടമകള്‍, കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ എന്നിവരും സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധന നടത്തണം. പരിശോധനയുമായി സഹകരിക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുന്നതിന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വാക്സിനേഷന്‍ വിപുലമാക്കുന്നതിനും യോഗം നിര്‍ദേശിച്ചു. ജില്ലയിലെ വയോജന കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ബുധനാഴ്ച പൂര്‍ത്തിയാക്കി. ഭിന്നശേഷിക്കാര്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം നല്‍കുന്ന രോഗികള്‍ എന്നിവര്‍ക്ക് വീടുകളിലെത്തി വാക്സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പോലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും നടത്തുന്ന പരിശോധന ഊര്‍ജിതമായി തുടരും. കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നും അത് കുട്ടികളെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുള്ളതിനാല്‍ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആസ്പത്രിയില്‍ 100 ഓക്സിജന്‍ കിടക്കകള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചു. ശിശുരോഗ വിദഗ്ധര്‍ക്ക് പരിശീലനം നല്‍കി സേവനം ഉറപ്പാക്കണം. ജില്ലാ ആസ്പത്രി, ടാറ്റ ആസ്പത്രി, കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്, ജനറല്‍ ആസ്പത്രി എന്നിവിടങ്ങളിലും അവശ്യമായ സജ്ജീകരണമൊരുക്കും. മംഗല്‍പാടി താലൂക്ക് ആസ്പത്രിയില്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി.
തീരദേശ മേഖലകളിലും ആദിവാസി മേഖലകളിലും കിറ്റ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പട്ടികജാതി-പട്ടികവര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ച് കോവിഡ് വാക്സിനേഷനായി സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ജില്ലയിലെ ചില കോളനികളില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഉള്‍പ്പെടെ ബോധവത്കരണം നടത്താന്‍ പ്രത്യേക ശ്രദ്ധ നല്‍കാനും യോഗം നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളി മേഖലയില്‍ കോവിഡ് പരിശോധന ഊര്‍ജിതമാണ്.
കേരള-കര്‍ണാടക അതിര്‍ത്തി മേഖലകളില്‍ വ്യാജ മദ്യ വില്‍പ്പന വര്‍ധിക്കുന്നുണ്ട്. വ്യാജമദ്യ വില്‍പനയുള്ള സ്ഥലങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യമുള്ളതിനാല്‍ അത്തരം കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ് നടത്തണം. അതിനാല്‍ ഇവിടങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് വിഭാഗങ്ങള്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്താനും കോര്‍കമ്മിറ്റി യോഗം നിര്‍ദേശിച്ചു.
എ.ഡി.എം അതുല്‍ എസ്. നാഥ്, സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, എ.എസ്.പി പ്രജീഷ് തോട്ടത്തില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍.രാജന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.വി. രാംദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it