സിസ്റ്റം ശരിയാക്കാനൊരുങ്ങി സര്‍ക്കാര്‍; ശനി, ഞായര്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയേക്കും; എല്ലാ കടകളും എല്ലാ ദിവസവും തുറക്കുമെന്ന് സൂചന; തീരുമാനം ചൊവ്വാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. നിലവിലുള്ള ശനി, ഞായര്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. നിലവിലെ സിസ്റ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍ സംസ്ഥാനത്തുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് ഐ.സി.എം.ആര്‍ ഉള്‍പ്പടെ കുറ്റപ്പെടുത്തിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ അടച്ചിടുന്നത് വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നതായി വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. നിലവിലുള്ള ശനി, ഞായര്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. നിലവിലെ സിസ്റ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍ സംസ്ഥാനത്തുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് ഐ.സി.എം.ആര്‍ ഉള്‍പ്പടെ കുറ്റപ്പെടുത്തിയിരുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ അടച്ചിടുന്നത് വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നതായി വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഇനി വേണ്ടെന്നാണ് ശുപാര്‍ശ. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് എല്ലാ കടകളും തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

മാനദണ്ഡങ്ങളില്‍ മാറ്റം വരുമ്പോള്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന നിലപാട് പോലീസ് സ്വീകരിക്കും. പോലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകള്‍ ഇരട്ടിയാക്കും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുളള നടപടികളെ പറ്റിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രോഗവ്യാപനം കൂടിയാല്‍ ആ തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലുളള പ്രദേശങ്ങള്‍ മൊത്തത്തില്‍ അടയ്ക്കുന്നതിനുപകരം കൂടുതല്‍ രോഗികളുള്ള വാര്‍ഡുകള്‍ മാത്രം അടച്ചിരുന്ന ബദല്‍ നിര്‍ദ്ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്.

കേരളം സന്ദര്‍ശിക്കുന്ന വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാവും നിയന്ത്രണങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രസംഘത്തിന്റെ നിര്‍ദേശങ്ങളില്‍ പ്രധാനം. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ തുറക്കണമെന്നും കേന്ദ്രസംഘം നിര്‍ദേശിക്കുന്നുണ്ട്.

അടച്ചുപൂട്ടലിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ സിസ്റ്റം മാറ്റണമെന്ന നിര്‍ദേശമാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്. എല്ലാ കടകളും കൂടുതല്‍ സമയം തുറന്നുവച്ചാല്‍ തിരക്ക് പരമാവധി ഒഴിവാക്കാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അടച്ചുപൂട്ടല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനോട് കേന്ദ്രസര്‍ക്കാറിന് യോജിപ്പില്ല. അതേസമയം, കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കണക്കില്‍ ആശങ്കപ്പെടേണ്ടെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഗംഗാ ദീപ് കാംഗിന്റെ അഭിപ്രായം. രോഗമുള്ള സ്ഥലത്ത് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാപക പരിശോധനയാണ് കേസുകള്‍ കണ്ടെത്തുന്നതിനും ടി.പി.ആര്‍ ഉയരുന്നതിനും കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

നിലവിലെ ലോക്ഡൗണ്‍ രീതികള്‍ അശാസ്ത്രീയമാണെന്ന ആരോപണത്തിനാെപ്പം വ്യാപകമായി ഉയരുന്ന എതിര്‍പ്പുകളും വ്യാപാരികള്‍ കോടതിയെ സമീപിച്ചതും ഓണക്കാലവുമൊക്കെ പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Articles
Next Story
Share it