'നിതാന്തജാഗ്രത'-മിഥ്യാഭയമല്ല

'വേഗം ഉറങ്ങിക്കോളു; ഇല്ലെങ്കില്‍, 'ഈനാംപേച്ചി' വന്ന് പിടിച്ചുകൊണ്ടു പോകും!' ഓരോ കാര്യത്തില്‍ ദുര്‍വാശി പിടിച്ച് ഉറങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളെ ഭയപ്പെടുത്താന്‍ അമ്മമാര്‍ പറയാറുള്ളത്. ഇങ്ങനെ പേടിപ്പിക്കാന്‍ പാടില്ലെന്ന് അറിയാതെയല്ല; തല്‍സമയം അവര്‍ അതൊന്നും ചിന്തിക്കാറില്ല. കുഞ്ഞ് വേഗം ഉറങ്ങണം. എന്നിട്ട് വേണം അമ്മമാരുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍. അതിന് ഇങ്ങനെ ചില തന്ത്രങ്ങള്‍. 'മിഥ്യാഭയം' സൃഷ്ടിക്കാന്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. ഇക്കാര്യം ഓര്‍മ്മിപ്പിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആരും കേരളത്തിലേക്ക് പോകാന്‍ പാടില്ല; കേരളത്തില്‍ […]

'വേഗം ഉറങ്ങിക്കോളു; ഇല്ലെങ്കില്‍, 'ഈനാംപേച്ചി' വന്ന് പിടിച്ചുകൊണ്ടു പോകും!'
ഓരോ കാര്യത്തില്‍ ദുര്‍വാശി പിടിച്ച് ഉറങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളെ ഭയപ്പെടുത്താന്‍ അമ്മമാര്‍ പറയാറുള്ളത്. ഇങ്ങനെ പേടിപ്പിക്കാന്‍ പാടില്ലെന്ന് അറിയാതെയല്ല; തല്‍സമയം അവര്‍ അതൊന്നും ചിന്തിക്കാറില്ല. കുഞ്ഞ് വേഗം ഉറങ്ങണം. എന്നിട്ട് വേണം അമ്മമാരുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍. അതിന് ഇങ്ങനെ ചില തന്ത്രങ്ങള്‍.
'മിഥ്യാഭയം' സൃഷ്ടിക്കാന്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. ഇക്കാര്യം ഓര്‍മ്മിപ്പിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആരും കേരളത്തിലേക്ക് പോകാന്‍ പാടില്ല; കേരളത്തില്‍ നിന്ന് അങ്ങോട്ടും ആരും പോകരുത് എന്ന കല്‍പ്പന വല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. കര്‍ണ്ണാടക സര്‍ക്കാറിന്റെ നിലപാട് നമ്മെ വല്ലാതെ അലട്ടുന്നു. കര്‍ണ്ണാടകയുമായുള്ള ഗതാഗതം ഒഴിവാക്കാനാവില്ലല്ലോ നമുക്ക്. ജോലി സ്ഥലം അപ്പുറത്തായിരിക്കും. പഠിക്കുന്ന, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും അപ്രകാരം തന്നെ. വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ഇല്ലാത്തത് കൊണ്ട് രോഗികളെ മംഗലാപുരത്തേക്ക് കൊണ്ടു പോകണം. കോവിഡ്-19 ഉണ്ടോ എന്ന ടെസ്റ്റ് നടത്തി, 'ഇല്ല' (നെഗറ്റീവ്) എന്ന് പ്രഖ്യാപിക്കുന്ന സാക്ഷ്യപത്രം കയ്യില്‍ ഇല്ലാത്ത ആരും അങ്ങോട്ട് കടക്കാന്‍ പാടില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ പറയുന്നു. 72 മണിക്കൂര്‍ നേരത്തക്കേ (അതായത് മൂന്ന് ദിവസം) ഈ സര്‍ട്ടിഫിക്കറ്റിന് സാധ്യതയുള്ളു. മൂന്ന് ദിവസം പിന്നിടുമ്പോള്‍ വീണ്ടും ടെസ്റ്റ് നടത്തണം. മിന്നായം പോലെ മുഖനിരീക്ഷണം നടത്തി കുറിച്ചുകൊടുക്കാവുന്നതല്ല ഈ ടെസ്റ്റ് റിപ്പോര്‍ട്ടും സാക്ഷ്യപത്രവും. ടെസ്റ്റിനെത്തുന്നവരുടെ തിരക്ക് കൂടുന്നു. അപ്പോള്‍ ഒരു ദിവസം മുഴുവന്‍ നേരവും ടെസ്റ്റിനായി മെനക്കെടേണ്ടി വരും. മൂന്നാം ദിവസം ഈ പ്രക്രിയ ആവര്‍ത്തിക്കണം, സമയനഷ്ടം, സാമ്പത്തിക നഷ്ടം, രോഗസംക്രമണവും വ്യാപനവും തന്നിമിത്തമുണ്ടാകാനിടയുള്ള അപരിഹാര്യമായ ആപത്തും ഒഴിവാക്കേണ്ടതല്ലേ? ജാഗ്രത പാലിക്കേണ്ടേ?
തദ്ദേശീയരുടെ സുരക്ഷിതത്വം ഓരോ സംസ്ഥാന സര്‍ക്കാരിന്റെയും പ്രാഥമിക കര്‍ത്തവ്യമല്ലേ എന്ന് ചോദിക്കും. ന്യായമാണ് ആ ചോദ്യം. എന്നാല്‍ അതിന്റെ അടിസ്ഥാനമെന്താണ്? എന്ത് തെളിവിന്റെ ബലത്തിലാണ് കേരളീയര്‍ കര്‍ണ്ണാടക സംസ്ഥാനത്തേക്ക് പ്രവേശിച്ചാല്‍ രോഗസംക്രമണവും വ്യാപനവും സംഭവിക്കും എന്ന് പറയുന്നത്. ഇവിടെയുള്ള എല്ലാവരും കോവിഡും ചുമന്ന് നടക്കുന്നവരാണോ? അവിടെ 'സര്‍വ്വതോഭദ്രം' ആണോ? ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലും രണ്ടാമത് കേരളത്തിലും ആണ് എന്നു പറയുന്നു. ഇപ്പോള്‍ വേറെയും അഞ്ചാറ് സംസ്ഥാനങ്ങളുടെ പേര് പറയുന്നുണ്ട്. ആ സംസ്ഥാന വാസികള്‍ ഡല്‍ഹിയില്‍ പ്രവേശിക്കണമെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ കല്‍പനയാണ്.
രോഗബാധിതരുടെയും രോഗം നിമിത്തം മരിച്ചവരുടെയും എണ്ണം പ്രതിദിനം അറിയിക്കാറുണ്ടായിരുന്നു മുമ്പ്. കുറച്ചുനാളായി അത് കാണുന്നില്ല. കേരളത്തിലെ വിവരങ്ങള്‍ എന്നും വൈകുന്നേരം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇതര സംസ്ഥാനങ്ങളിലെ കണക്ക് അറിയാന്‍ കഴിയുന്നില്ല. ലഭ്യമായിട്ടുള്ള ഒരു കണക്ക്-കേരളത്തില്‍ നിന്നുള്ളത്-ഇതാ: 20-2-2021ലെ വിവരങ്ങളാണ്: കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളവര്‍ 4505. അന്ന് രോഗമുക്തരായിട്ടുള്ളവര്‍-4854. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്തത് 67,574 പേരെ, അന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്-6.67 ശതമാനം. അന്ന് കോവിഡ് മൂലം മരിച്ചത് 15 പേര്‍. അതുവരെ ആകെ മരണം 4061.
അന്നത്തെ ദേശീയ വിവരം ലഭ്യമായിരുന്നു. അത് പ്രകാരം രാജ്യത്ത് ആകെ പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചത് 1,09,63,394. രോഗമുക്തി-1,06,67,741. അന്നത്തെ മരണം-97. അത് വരെയുള്ള ആകെ മരണം-1,56,111. ഇത് വെച്ച് കണക്ക് കൂട്ടുമ്പോള്‍ മനസ്സിലാകുന്നത് എന്താണ്? ആകെ ഇന്ത്യയില്‍ മരണപ്പെട്ട 1,56,111 പേരില്‍ 4061 പേരെയുള്ളു കേരളത്തില്‍ നിന്നുള്ളവര്‍. ബാക്കി 1,52,050 പേരും ഇതര സംസ്ഥാനങ്ങളിലുള്ളവരാണ്. ഇനി പറയു. കേരളമാണോ കോവിഡ്-19 ബാധയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള സംസ്ഥാനം.
കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് രോഗബാധയില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നല്ല കാര്യം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇത് ആവശ്യമാണല്ലോ. നേരത്തെ ഇപ്രകാരം ഒരു നിബന്ധന വെച്ചപ്പോള്‍ ഒരു വിഭാഗം ആളുകള്‍ വലിയ ബഹളം വെക്കുകയുണ്ടായി. ഇപ്പോള്‍ അവര്‍ മൗനവ്രതത്തിലാണല്ലോ. നാലഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഡല്‍ഹിയിലേക്ക് പോകുന്നതിന് കര്‍ശന നിബന്ധന വെച്ചിട്ടുള്ളത്. കോവിഡ് മാത്രമാണോ ഇതിന്റെ പിന്നിലുള്ളത്. കര്‍ഷക സമരത്തിന് പിന്തുണയുമായി ഈ സംസ്ഥാനങ്ങളില്‍ നിന്ന് ആരും ഡല്‍ഹിയിലേക്ക് പോകാന്‍ പാടില്ല എന്ന ദുരുദ്ദേശവും ഇതിലുണ്ടോ?
ജാഗ്രത ആവശ്യമാണ്. അജ്ഞാത രോഗമാകുമ്പോള്‍ വിശേഷിച്ചും. ജാഗ്രത അനുപേക്ഷണീയം തന്നെ. നിതാന്തജാഗ്രത-അത് പരമപ്രധാനമാകുന്നു. എന്നാല്‍ അതിന്റെ പേരില്‍ മിഥ്യാഭയം സൃഷ്ടിക്കുന്ന പ്രചരണങ്ങള്‍ ദുരുപദിഷ്ടമാണ്.

Related Articles
Next Story
Share it