കാസര്‍കോട്: കോവിഡ് തീവ്രവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. 2021 മേയ് 6ന് അര്‍ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ. കാഞ്ഞങ്ങാട്- നീലേശ്വരം നഗരസഭകളിലെയും അജാനൂര്‍, ബളാല്‍, ബേഡഡുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കള്ളാര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, മടിക്കൈ, മധൂര്‍, മംഗല്പാടി, പടന്ന, പള്ളിക്കര, പിലിക്കോട്, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, ഉദുമ, വെസ്റ്റ്എളേരി എന്നീ പഞ്ചായത്തുകളിലെയും മുഴുവന്‍ പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കോവിഡ് ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.