ടാറ്റ നിര്‍മ്മിച്ച് നല്‍കിയത് 551 ബെഡ്ഡുകളുള്ള കോവിഡ് ആസ്പത്രി; ഏഴുമാസം കഴിഞ്ഞിട്ടും സര്‍ക്കാറിന് സജ്ജീകരിക്കാന്‍ കഴിഞ്ഞത് 120 ബെഡ് മാത്രം!

കാസര്‍കോട്: കോവിഡ് രണ്ടാംതരംഗത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തോടടുക്കുമ്പോള്‍ ജില്ലയിലെ രോഗികള്‍ക്ക് ആശ്രയമാവുമെന്ന് കരുതിയ കാസര്‍കോട് തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രി സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇപ്പോഴും മെല്ലെപ്പോക്കില്‍ തന്നെ. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു കുതിച്ചപ്പോള്‍ ജില്ലയിലെ ആരോഗ്യസംവിധാനങ്ങളുടെ പരിമിതികള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചതോടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് ആസ്പത്രി സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി 2020 ഏപ്രിലില്‍ ടാറ്റ ഗ്രൂപ്പ് മുന്നോട്ട് വന്നത്. ടാറ്റ പറഞ്ഞാല്‍ അത് വാക്കാണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കി 60 […]

കാസര്‍കോട്: കോവിഡ് രണ്ടാംതരംഗത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തോടടുക്കുമ്പോള്‍ ജില്ലയിലെ രോഗികള്‍ക്ക് ആശ്രയമാവുമെന്ന് കരുതിയ കാസര്‍കോട് തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രി സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇപ്പോഴും മെല്ലെപ്പോക്കില്‍ തന്നെ. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു കുതിച്ചപ്പോള്‍ ജില്ലയിലെ ആരോഗ്യസംവിധാനങ്ങളുടെ പരിമിതികള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചതോടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് ആസ്പത്രി സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി 2020 ഏപ്രിലില്‍ ടാറ്റ ഗ്രൂപ്പ് മുന്നോട്ട് വന്നത്. ടാറ്റ പറഞ്ഞാല്‍ അത് വാക്കാണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കി 60 കോടി ചെലവില്‍ പൂര്‍ണമായും പ്രീ ഫാബ് സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച 551 കിടക്കകളോട് കൂടിയ ആസ്പത്രി 4 മാസം കൊണ്ട് പൂര്‍ത്തീകരിച്ച് നല്‍കുകയായിരുന്നു. 2020 സെപ്തംബര് 9 ന് കേരള സര്‍ക്കാര്‍ ഔദ്യോഗികമായി താക്കോല്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഏഴു മാസം കഴിഞ്ഞിട്ടും ഇവിടെ സജ്ജീകരിക്കാന്‍ കഴിഞ്ഞത് 120 ബെഡ്ഡുകള്‍ മാത്രം. നിലവില്‍ ചികിത്സയിലുള്ളതാകട്ടെ 111 പേരാണ്. താക്കോല്‍ ഏറ്റു വാങ്ങി വീണ്ടും ഒന്നര മാസത്തോളം കഴിഞ്ഞാണ് ആദ്യം രണ്ട് ഡോക്ടര്‍മാരെ വെച്ച് കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങിയത്.
കോവിഡ് വ്യാപനം അതിരൂക്ഷമായതിനാല്‍ കാസര്‍കോട് ജില്ലയിലെ കിടത്തിചികിത്സ കടുത്ത വെല്ലുവിളിയാകുമെന്നാണ് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു കഴിഞ്ഞ ദിവസം നല്‍കിയ മുന്നറിയിപ്പ്. ജില്ലയിലെ ആരോഗ്യരംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യപ്രവര്‍ത്തകരും മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയ കലക്ടര്‍, കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ഉക്കിനടുക്കയിലെ താല്‍ക്കാലിക കോവിഡ് ആസ്പത്രി, ടാറ്റ കോവിഡ് ആസ്പത്രി തുടങ്ങിയയിടങ്ങളിലടക്കം ആകെയുള്ള 376 ബെഡുകളില്‍ 200 എണ്ണത്തില്‍ നിലവില്‍ രോഗികളുണ്ടെന്നും പറഞ്ഞിരുന്നു. ഐ.സി.യു ബെഡുകളുടെ പരിമിതികളെക്കുറിച്ചും പറഞ്ഞിരുന്നു.
എന്നാല്‍ ടാറ്റാ ആസ്പത്രിയില്‍ മാത്രം അഞ്ഞൂറിലേറെ പേര്‍ക്ക് കിടത്തി ചികിത്സ നല്‍കാന്‍ സൗകര്യമുണ്ടായിട്ടും അത് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. ടാറ്റ കോവിഡ് ആസ്പത്രി കെട്ടിടത്തിന്റെ നാലിലൊന്ന് ഭാഗം മാത്രമാണ് നിലവില്‍ രോഗികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കോവിഡ് ആസ്പത്രിയില്‍ സോണ്‍ ഒന്നിലും സോണ്‍ രണ്ടിലുമായാണ് 120 രോഗികളെ പ്രവേശിപ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. 9 ഓളം ഐ.സി.യു. ബെഡുകളും 40 ഓളം സെന്‍ട്രലൈസ്ഡ് പൈപ്പ് ലൈന്‍ സൗകര്യമുള്ള ബെഡുകളും 4 വെന്റിലേറ്ററുകളും ഇതില്‍ പെടും.
സോണ്‍ 3 നിലവില്‍ പൂര്‍ണമായും ഓഫീസ് സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ജീവനക്കാരുടെ താമസത്തിനും ചില മുറികള്‍ മാറ്റിവെച്ചിട്ടുണ്ട്. 14 ഡോക്ടര്‍മാര്‍ വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. 17 നഴ്‌സുമാരും മറ്റ് ജീവനക്കാരുമടക്കം ഏതാണ്ട് 80 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഇവിടെ കാന്റീന്‍ സൗകര്യമില്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പ്രീ ഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച പല കണ്ടെയ്‌നറുകളുടെയും മുറികളില്‍ ചോര്‍ച്ചയുള്ളതിനാലും ബാത്ത്‌റൂം സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാലും ഇത് പരിഹരിക്കാതെ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് പരിമിതിയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചോര്‍ച്ചയും നിര്‍മാണത്തിലെ മറ്റ് പോരായ്മകളും പരിഹരിക്കാന്‍ ടാറ്റാ ഗ്രൂപ്പിലെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജലവിതരണത്തിന് പ്രഷര്‍ പമ്പ് ഉപയോഗിക്കുന്നത് മൂലം ചെറിയ തോതിലുള്ള ചോര്‍ച്ചയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവ ഉടന്‍ പരിഹരിച്ച് നല്‍കുമെന്നും ആസ്പത്രി നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ആന്റണി പറഞ്ഞു.
ജനറല്‍ ആസ്പത്രിയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ ടാറ്റാ ആസ്പത്രിയുടെ പ്രവര്‍ത്തനം. ജനറല്‍ ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഗീത ഗുരുദാസിനാണ് കോവിഡ് ആസ്പത്രിയുടെ ചുമതല. ജനറല്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുള്ളതിനാല്‍ ഇവിടെയുള്ള ഡോക്ടര്‍മാരെ ടാറ്റാ ആസ്പത്രിയിലേക്ക് അയക്കാന്‍ കഴിയാത്ത സ്ഥിതിയും നിലനില്‍ക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ 40 ഡോക്ടര്‍മാരടക്കം 191 പുതിയ തസ്തികകളാണ് സര്‍ക്കാര്‍ ടാറ്റാ ആസ്പത്രിയില്‍ സൃഷ്ടിച്ചത്. മൂന്ന് മാസത്തിനകം ആസ്പത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണ സജ്ജമാകുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമിച്ചതാകട്ടെ പകുതിയില്‍ താഴെ പേരെ മാത്രം.
കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്ന് ഡോക്ടര്‍മാര്‍ കാസര്‍കോട് ജില്ലയിലേക്ക് വരാന്‍ തയ്യാറാകാത്തതും ഇവിടെ നിയമിക്കപ്പെടുന്ന ഡോക്ടര്‍മാരെ മറ്റു ജില്ലകളിലേക്ക് മാറ്റുന്നതും മറ്റൊരു പ്രശ്‌നമാണ്. ടാറ്റാ ആസ്പത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ തന്നെ ജില്ലയിലെ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.
അതിനിടെ ടാറ്റാ കോവിഡ് ആസ്പത്രിയില്‍ നിലവില്‍ 200 പേരെ ചികില്‍സിക്കാനുള്ള സൗകര്യമുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അവകാശവാദമുന്നയിക്കുമ്പോഴും നിലവിലുള്ള ജീവനക്കാരുടെ ലഭ്യത അനുസരിച്ച് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് ടാറ്റ കോവിഡ് ആസ്പത്രി വൃത്തങ്ങള്‍ ഉത്തരദേശത്തോട് പറഞ്ഞു.

വീഡിയോ കാണാം...

https://youtu.be/3q6db37ntEU

Related Articles
Next Story
Share it