കാസര്‍കോട്: നഗരസഭ പ്രദേശത്ത് കഴിഞ്ഞ രണ്ടു മാസങ്ങളായി നഗരസഭ അധികൃതര്‍ നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആര്‍ടിപിസിആര്‍ ടെസ്റ്റും വാക്സിനേക്ഷന്‍ ക്യാമ്പുകളും കോവിഡ് വ്യാപനം നിയന്ത്രിക്കാനും ഒരുപരിധിവരെ തടയാനും സഹായകമായിട്ടുണ്ടെന്ന് കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു.
മാസങ്ങളോളം ജില്ലയിലെ മുഴുവന്‍ കടകളും ടിപിആറിന്റെ പേരില്‍ അടച്ചിട്ടപ്പോഴും ജില്ലയിലെ മുഴുവന്‍ ജനങ്ങളും കാസര്‍കോട് നഗരത്തെയാണ് വ്യാപാര ആവശ്യങ്ങള്‍ക്കായി ആശ്രയിച്ചത്. എന്നിട്ടുപോലും നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു രോഗവ്യാപനം ഉണ്ടായിട്ടില്ല. കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ച എല്ലാ വ്യാപാരികളെയും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കോവിഡ് വ്യാപനം തടയാന്‍ വാര്‍ഡുകള്‍ തോറും പ്രവര്‍ത്തിച്ച നഗരസഭാ കൗണ്‍സില്‍ അംഗങ്ങളെയും അതിന് നേതൃത്വം നല്കിയ നഗരസഭാ ചെയര്‍മാനെയും ഭരണസമിതിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മര്‍ച്ചന്റ്സ് അസോസിയേഷന് പ്രവര്‍ത്തകസമിതി യോഗം അഭിനന്ദിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് എകെ മൊയ്തീന് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബഷീര്‍ കല്ലങ്കാടി, എഎ അസീസ്, ടിഎ ഇല്യാസ്, മാഹിന്‍ കോളിക്കര, ദിനേശ് കെ, അബ്ദുല്‍ നഹീം, സികെ ഹാരിസ്, ജലീല്‍ ടിഎം, ഉല്ലാസ് കുമാര്‍, മുനീര്‍ ബിസ്മില്ല, റൗഫ് പള്ളിക്കാല്‍ സംസാരിച്ചു. കെ. നാഗേഷ് ഷെട്ടി സ്വാഗതവും മുനീര്‍ അടുക്കത്ത്വയല്‍ നന്ദിയും പറഞ്ഞു.