കോവിഡ്: പിന്നിട്ട കാലവും വൈറസ് വകഭേദം സൃഷ്ടിക്കുന്ന ആശങ്കയും

2020 കടന്നു പോയത് കോവിഡ് സൃഷ്ടിച്ച നടുക്കുന്ന ഓര്‍മ്മകളിലൂടെയാണെങ്കില്‍ 2021 കടന്നു വന്നത് യു.കെ.യില്‍ കണ്ട വൈറസ് വകഭേദം കേരളത്തിലും എത്തി എന്ന മറ്റൊരു നടുക്കുന്ന വാര്‍ത്തയുമായാണ്. കണ്ണൂരില്‍ അടക്കം ഈ വകഭേദം കണ്ടെത്തിയതോടെ ഉണ്ടായിട്ടുള്ള ആശങ്ക ചെറുതല്ല. അതീവ ജാഗ്രതക്കാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. വൈറസുകള്‍ക്ക് ജനിതക മാറ്റം പുതിയ കാര്യമല്ലെങ്കിലും പകരാനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്ന അനുമാനമാണ് യു.കെ.യില്‍ കണ്ട വകഭേദം ആശങ്ക സൃഷ്ടിക്കാന്‍ കാരണം. കൊറോണ വൈറസിനെ മനുഷ്യ കോശത്തിലേക്ക് കയറാന്‍ […]

2020 കടന്നു പോയത് കോവിഡ് സൃഷ്ടിച്ച നടുക്കുന്ന ഓര്‍മ്മകളിലൂടെയാണെങ്കില്‍ 2021 കടന്നു വന്നത് യു.കെ.യില്‍ കണ്ട വൈറസ് വകഭേദം കേരളത്തിലും എത്തി എന്ന മറ്റൊരു നടുക്കുന്ന വാര്‍ത്തയുമായാണ്. കണ്ണൂരില്‍ അടക്കം ഈ വകഭേദം കണ്ടെത്തിയതോടെ ഉണ്ടായിട്ടുള്ള ആശങ്ക ചെറുതല്ല. അതീവ ജാഗ്രതക്കാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. വൈറസുകള്‍ക്ക് ജനിതക മാറ്റം പുതിയ കാര്യമല്ലെങ്കിലും പകരാനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്ന അനുമാനമാണ് യു.കെ.യില്‍ കണ്ട വകഭേദം ആശങ്ക സൃഷ്ടിക്കാന്‍ കാരണം. കൊറോണ വൈറസിനെ മനുഷ്യ കോശത്തിലേക്ക് കയറാന്‍ സഹായിക്കുന്നത് സ്‌പൈക്ക് പ്രോട്ടീനാണ്. പുതിയ വക ഭേദത്തിലെ പ്രധാന മാറ്റം സ്‌പൈക്ക് പ്രോട്ടീനിലാണ്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും പുതിയ വൈറസ് വകഭേദം ചികിത്സിച്ച് ഭേദമാക്കാന്‍ ആവുമെന്നും കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും പുതിയ സാഹചര്യത്തില്‍ ചില രാജ്യങ്ങളില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മാസങ്ങള്‍ നീണ്ട ലോക്ഡൗണ്‍ നമ്മെ എത്രമാത്രം സാമ്പത്തികമായും മാനസികമായും തകര്‍ത്തുവെന്ന് നമുക്കറിയാം. ആധുനിക ടെക്‌നോളജികളുടെ സഹായത്തോടെയല്ലാതെ, മനുഷ്യ കണ്ണുകളില്‍ നേരിട്ട് കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള കുഞ്ഞു വൈറസിന്റെ താണ്ഡവം ലോകത്തെ തന്നെ തകര്‍ത്തുകളഞ്ഞു. കോവിഡ് കവര്‍ന്നെടുത്ത ജീവനുകള്‍, ഉണ്ടാക്കി വെച്ച നാശ നഷ്ടങ്ങള്‍, നിശ്ചലമാക്കിയ കവലകള്‍, പൊതു ഇടങ്ങള്‍, നട അടച്ചിട്ട ആരാധനാലയങ്ങള്‍...പള്ളികളുമില്ലാ പള്ളിക്കൂടങ്ങളുമില്ലാത്ത അവസ്ഥയായിരുന്നു. ബസ്സ്റ്റാന്റുകളും റെയില്‍വേ സ്റ്റേഷനുകളും വിമാന താവളങ്ങളും വിജനമായ നാളുകള്‍, ഭീതിയിലാണ്ടുകിടന്ന ജനങ്ങള്‍... തിരുവോണവും പെരുന്നാളും ക്രിസ്തുമസുമൊക്കെ ഹസ്തദാനവും ആലിംഗനവും ആഘോഷവുമില്ലാതെ കടന്ന് പോയി, കാല്‍കോടിയിലധികം തീര്‍ത്ഥാടകര്‍ സംബന്ധിക്കാറുള്ള ഹജജ് കര്‍മ്മം പോലും നാമമാത്രമായ വര്‍ഷം. കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്ന അനേകരുടെ ജീവന്‍ കോവിഡ് കവര്‍ന്നു കൊണ്ടുപോയി.
ഡബിള്‍ ലോക്കും ട്രിപ്പിള്‍ ലോക്കും ക്ലസ്റ്ററുകളും നമ്മെ വീടുകളില്‍ പൂട്ടിയിട്ടു. കെങ്കേമമായി നടന്നിരുന്ന വിവാഹങ്ങള്‍ വിരലില്‍ എണ്ണാവുന്നവരില്‍ ഒതുങ്ങി. മരണവീടുകളില്‍ ഉറ്റവരെ അവസാനമായി ഒരു നോക്കു കാണാന്‍ ചെല്ലാന്‍ കഴിയാതെ പലരും വിഷമിച്ചു.
വേലയും കൂലിയും നഷടപെട്ട് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പട്ടിണിയിലും കഷ്ടപ്പാടിലുമായത് നിരവധി കുടുംബങ്ങളാണ്. പലരും പലതും പഠിച്ചു. 2020നെ എങ്ങനെ വിശേഷിപ്പിക്കുമെന്ന ചോദ്യത്തിന് പല ഉത്തരങ്ങളും ഉണ്ടായി. മാസ്‌ക്കിട്ട വര്‍ഷം, ചക്കയ്ക്ക് പ്രിയമേറിയ വര്‍ഷം, യൂട്യൂബുകളില്‍ പലഹാരങ്ങളുടെ പരീക്ഷണം നിറഞ്ഞു നിന്ന വര്‍ഷം... അങ്ങനെ രസകരമായ ഒരുപാട് വിശേഷണങ്ങള്‍ ചാര്‍ത്തപ്പെട്ടു.
കോവിഡ് സൃഷ്ടിച്ച വലിയ നഷ്ടങ്ങള്‍ക്കിടയിലും കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ കൊച്ചു കേരളം നടത്തിയ അഭിമാനാര്‍ഹമായ പ്രവര്‍ത്തനം നമ്മെ ആഹ്ലാദിപ്പിക്കുന്നുണ്ട്. കൊറോണ വൈറസ് നാടാകെ വിലസിയപ്പോള്‍ നിര്‍ഭയത്തോടെ സധൈര്യം നേരിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആരോഗ്യ വകുപ്പ് ജീവനക്കാര്‍. സ്‌നേഹവും കരുതലും സഹാനുഭൂതിയും കൊണ്ട് ഹൃദയങ്ങളെ കീഴടക്കിയവര്‍. പൊലീസുകാര്‍, പൊതു സേവകര്‍, ജനപ്രതിനിധികള്‍...
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനായി വൈകിട്ട് 6 മണി പിറക്കാനായി കാത്തിരുന്ന നാളുകള്‍. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിശ്ചദാര്‍ഢ്യവും കരുതലും പകര്‍ന്ന ആശ്വാസം. 2020 അകലുമ്പോള്‍ കാരുണ്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായി മലയാളികളുടെ ഹൃദയങ്ങളില്‍ കുടിയേറിയ ശൈലജ ടീച്ചറെ തേടി വന്ന പുരസ്‌കാരങ്ങള്‍... അങ്ങനെ സന്തോഷിക്കാനും വകയുള്ള കുറെ നല്ല മുഹൂര്‍ത്തങ്ങളും ഈ കോവിഡ് കാലം സമ്മാനിച്ചിട്ടുണ്ട്.

Related Articles
Next Story
Share it