കോവിഡ് വാക്‌സിന് ലോകത്ത് ഏറ്റവും കൂടിയ വില ഇന്ത്യയില്‍; ഇതേ വാക്‌സിന്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത് പകുതി വിലയ്ക്ക്; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ വ്യാപക വിമര്‍ശനം

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന് ലോകത്ത് ഏറ്റവും കൂടിയ വില ഈടാക്കുന്നത് ഇന്ത്യയിലെന്ന് റിപോര്‍ട്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വിലയാണ് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഡോസിന് 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കുമെന്നാണ് സെറം അറിയിച്ചിട്ടുള്ളത്. അതായത് ഒരു ഡോസിന് എട്ട് ഡോളര്‍! ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാ സെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്സിന്‍ ആണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. മേയ് ഒന്ന് […]

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന് ലോകത്ത് ഏറ്റവും കൂടിയ വില ഈടാക്കുന്നത് ഇന്ത്യയിലെന്ന് റിപോര്‍ട്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വിലയാണ് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഡോസിന് 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കുമെന്നാണ് സെറം അറിയിച്ചിട്ടുള്ളത്. അതായത് ഒരു ഡോസിന് എട്ട് ഡോളര്‍!

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാ സെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്സിന്‍ ആണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. മേയ് ഒന്ന് മുതലാണ് വാക്സിന് പുതിയ വില പ്രഖ്യാപിച്ചിട്ടുളളത്. സ്വകാര്യ ആശുപത്രികള്‍ക്ക് അറുന്നൂറ് രൂപയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കുമാണ് മേയ് ഒന്ന് മുതല്‍ വാക്സിന്‍ നല്‍കുക.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വില പോലും ആസ്ട്രാ സെനക്ക വാക്സിന്‍ മറ്റു രാജ്യങ്ങളില്‍ ഈടാക്കുന്ന വിലയേക്കാള്‍ കൂടുതലാണ്. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ആസ്ട്രാ സെനക്കയില്‍ നിന്നും നേരിട്ടാണ് വാക്സിന്‍ വാങ്ങുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത് അഞ്ചര ഡോളറിന് മുകളിലാണ്. അമേരിക്കയില്‍ ഒരു ഡോസ് വാക്സിന് നല്‍കേണ്ടത് നാലു ഡോളര്‍ മാത്രമാണ്. ബ്രിട്ടനില്‍ ഇത് മൂന്നു ഡോളറും. ബംഗ്ലാദേശില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ നാലു ഡോളറിനാണ് വാക്സിന്‍ നല്‍കുന്നത്. സൗദി അറേബ്യയില്‍ ഒരു ഡോസ് വാക്സിന്റെ വില അഞ്ചേകാല്‍ ഡോളറാണ്. ദക്ഷിണ ആഫ്രിക്കയിലും ഇതേ വിലയ്ക്ക് വാക്സിന്‍ കിട്ടും.

പൗരന്മാര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് ഉറപ്പുനല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരിക്കുന്നതിനിടെയാണ് വാക്സിന്‍ വില താരതമ്യം ചെയ്തുകൊണ്ടുളള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ വില നയത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

Related Articles
Next Story
Share it