ഭരണത്തുടര്‍ച്ചയോ, ഭരണമാറ്റമോ ?

പൊതുവേ സര്‍വേ ഫലങ്ങള്‍ കുരുടന്‍ വെടി വെച്ചത് പോലെയാണ്. കൊണ്ടാല്‍ കൊണ്ടു എന്ന് പറയാം. 'ചെ ലേപ്പം സെരിയാവും..ചെലേപ്പം സേരിയാ വീല'! മുന്‍കാല അനുഭവങ്ങള്‍ അതാണ്. 2004 യു.പി.എ സഖ്യം അധികാരത്തില്‍ വരുമെന്ന് ഒരു സര്‍വേക്കാരനും പ്രവചിച്ചില്ല. 2019ല്‍ പാലക്കാട് വി.കെ ശ്രീകണ്ഠനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും തിരുവനന്തപുരത്ത് ശശി തരൂറും തോല്‍ക്കുമെന്നും പല സര്‍വ്വേകളും പ്രവചിച്ചിരുന്നുവെങ്കിലും ഫലം മറിച്ചായിരുന്നു. ഞാനിത് പറയുമ്പോള്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച് പുറത്ത് വന്ന സര്‍വേകളെ വിശ്വസിക്കരുത് എന്നല്ല പറയുന്നത്. സി.പി.എം […]

പൊതുവേ സര്‍വേ ഫലങ്ങള്‍ കുരുടന്‍ വെടി വെച്ചത് പോലെയാണ്. കൊണ്ടാല്‍ കൊണ്ടു എന്ന് പറയാം. 'ചെ ലേപ്പം സെരിയാവും..ചെലേപ്പം സേരിയാ വീല'! മുന്‍കാല അനുഭവങ്ങള്‍ അതാണ്. 2004 യു.പി.എ സഖ്യം അധികാരത്തില്‍ വരുമെന്ന് ഒരു സര്‍വേക്കാരനും പ്രവചിച്ചില്ല. 2019ല്‍ പാലക്കാട് വി.കെ ശ്രീകണ്ഠനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും തിരുവനന്തപുരത്ത് ശശി തരൂറും തോല്‍ക്കുമെന്നും പല സര്‍വ്വേകളും പ്രവചിച്ചിരുന്നുവെങ്കിലും ഫലം മറിച്ചായിരുന്നു. ഞാനിത് പറയുമ്പോള്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച് പുറത്ത് വന്ന സര്‍വേകളെ വിശ്വസിക്കരുത് എന്നല്ല പറയുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി പറഞ്ഞത് പോലെ തള്ളുന്നുമില്ല കൊള്ളുന്നുമില്ല!
വോട്ടര്‍മാരില്‍ മൂന്ന് തരക്കാരുണ്ട്. 100 പേരില്‍ 70 പേരും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നേരത്തെ തീരുമാനിക്കുന്നവരാണ്. 30പേരില്‍ 15പേര്‍ പ്രചരണത്തില്‍ കുടുങ്ങിപ്പോവുന്നവര്‍. എങ്ങോട്ട് വേണമെങ്കിലും ഇവര്‍ മറിയാം. അവശേഷിക്കുന്ന 15 പേര്‍ വേറൊരു ലെവലാണ്. മനസാക്ഷിയാണ് ഇവരുടെ യജമാനന്‍. പാര്‍ട്ടിയുടെയോ മുന്നണിയുടെയോ ശരിതെറ്റുകള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടിവര്‍ വോട്ട് ചെയ്യും. ഒരു സൂചനയും ഇക്കൂട്ടര്‍ പുറത്ത് കാട്ടില്ല. ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് 70% അല്ല. ചിത്രത്തിലില്ലാത്ത 30% പേരാണ്. പ്രചാരണവും പ്രലോഭനവും സ്ഥാനാര്‍ത്ഥി മികവും ഭരണത്തിന്റെ നേട്ട കോട്ടങ്ങള്‍ക്കും ഇക്കൂട്ടര്‍ മാര്‍ക്കിടും. സര്‍വേകളിലെ മുന്‍തൂക്കം എല്‍.ഡി.എഫിന് പ്രചാരണ രംഗത്ത് മൈലേജ് കിട്ടാന്‍സഹായിച്ചിട്ടുണ്ട്. 2011ല്‍ എല്‍.ഡി.എഫും 2016ല്‍ യു.ഡി.എഫും തിരിച്ചു വരില്ലെന്നു ഏതാണ്ട് ഉറപ്പിച്ചിരുന്നതാണ്. പക്ഷേ 2021ല്‍ അതല്ല സ്ഥിതി. പിണറായി വിജയന്‍ തിരിച്ച് വന്നേക്കാം എന്ന തോന്നല്‍ ഉണ്ടാക്കാനായി എന്നതൊരു നേരാണ്. അതിന്റെ ക്രെഡിറ്റ് പോവേണ്ടത് ശരിയെന്നു തോന്നുന്നത് വിളിച്ച് പറയുന്ന നിലപാടുള്ള പിണറായി വിജയനാണ്. ആവറേജ് മാര്‍ക്ക് കിട്ടിയ സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിക്ക് പാരയായി തീര്‍ന്ന 'സരിതയും സോളാറും' പിണറായി കാലത്തുമുണ്ട്. കീരി പോയി ചെങ്കീരി വന്ന മട്ടില്‍ സരിതക്ക് പകരം സ്വപ്‌നയും സോളാറിന് പകരം ഡോളറും എന്ന് മാത്രം. സരിതക്ക് സര്‍ക്കാരിന്റെ ശമ്പളമില്ലായിരുന്നു. സ്വപ്‌നക്ക് സര്‍ക്കാരിന്റെ ശമ്പളം കിട്ടി. കൂട്ടത്തില്‍ സ്പ്രിഗ്്ളറും ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പോലുള്ള വിവാദങ്ങളുമുണ്ട്. പഠിച്ചിട്ടെന്ത് കാര്യം എന്ന മട്ടില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ പെരുമഴക്കാലം ആര് മറന്നാലും പി.എസ്.സി ടെസ്റ്റ് എഴുതിയവര്‍ മറക്കില്ല. 1977ല്‍ കെ. കരുണാകരന് മുഖ്യമന്ത്രി പദവി പോയത് രാജന്‍ കേസിനെത്തുടര്‍ന്നാണ്. 5 കൊല്ലത്തിനിടയില്‍ അത്തരം എത്ര സംഭവങ്ങള്‍ ആവര്‍ത്തിച്ചു. ഇത് പോലുള്ള മൈനസ് പോയിന്റുകളെ പ്രചാരണ രംഗത്ത് എല്‍.ഡി.എഫ് മറച്ച് പിടിക്കേണ്ടത് കിറ്റും പെന്‍ഷനും കൊണ്ടാണ്. അതായത് പിണറായി വിജയന്‍ ഫോക്കസ് ചെയ്യാന്‍ ഉദ്ദശിച്ച 'അന്നം' എന്ന ചൂണ്ടയില്‍ അറിഞ്ഞോ അറിയാതെയോ രമേശ് ചെന്നിത്തല കൊത്തി വിവാദമാക്കി! പറഞ്ഞ് വന്നത് തുടര്‍ ഭരണ സാധ്യത പ്രവചിച്ചുള്ള സര്‍വേകളെ തള്ളാനോ കൊള്ളാനോ അല്ല.

പ്രത്യക്ഷത്തില്‍ ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തിരഞ്ഞെടുപ്പാണിത്? രാഷ്ട്രീയ ബലാബലം നോക്കിയാല്‍ മാണിയുടെ പാര്‍ട്ടിയും വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയും എല്‍.ഡി.എഫിലേക്ക് കൂട് മാറിയത് ഗുണം ചെയ്‌തേക്കാം. (ഈ രണ്ട് പാര്‍ട്ടികളും യു.ഡി.എഫിലുണ്ടായിട്ടും 2016ല്‍ തോറ്റു എന്നും മറക്കരുത്). പോരാത്തതിന് കോണ്‍ഗ്രസ്സിനെ മടുത്ത് മറു കണ്ടം ചാടുന്ന വാര്‍ത്തകളും എല്‍.ഡി.എഫ് ക്യാമ്പിന് ഊര്‍ജ്ജം പകരുന്നത് തന്നെ. അതേ സമയം കോണ്‍ഗ്രസ് വയസന്മാരുടെ ക്ലബ്ബ് അല്ല എന്ന് തെളിയിച്ചു കൊണ്ട് 93 സ്ഥാനാര്‍ത്ഥികളില്‍ 70 പേരും 40 വയസിന് താഴെയുള്ളവരാണ്. ഈസി വാക്കോവര്‍ കിട്ടിയിരുന്ന പല മണ്ഡലങ്ങളിലും ചിലര്‍ വല്ലാതെ വിയര്‍ക്കുന്നുണ്ട് എന്നതൊരു നേരാണ്! 20നും 25നും ഇടയില്‍ പ്രായമുള്ള 45 ലക്ഷം യുവജനങ്ങള്‍ ഇത്തവണ വോട്ട് ചെയ്യാനുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 50 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുണ്ട് പട്ടികയില്‍. 38000ല്‍ പരം ഇരട്ട വോട്ടുകളുമുണ്ട്. ഇവരൊക്കെ ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്ന് ഒരു മഖ്‌ലൂഖിനും പറയാനാവില്ല?
കേരളത്തില്‍ ഒരു ഭരണമാറ്റത്തിന് 50,000 വോട്ട് മതി. ഒരു ശതമാനം വോട്ട് വ്യത്യാസം പോലും വേണ്ട ഒരു മുന്നണിയെ കുളിപ്പിച്ച് കിടത്താന്‍ ഇത്തവണ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ അരാഷ്ട്രീയ വോട്ടുകള്‍ക്ക് വലിയ റോളുണ്ടാവും? അപ്പോഴും സീറ്റ് നില ത്രാസിന്റെ മുള്ള് പോലെ അങ്ങോട്ടുമിങ്ങോട്ടും ആടിയേക്കാം! അതല്ലെങ്കില്‍ ഒരു മുന്നണി ക്ലീന്‍ ബൗള്‍ഡ് ആയാലും അതിശയപ്പെടാനില്ല!

വാല്‍ക്കഷ്ണം:
50 കൊല്ലം മുമ്പ് കണ്യാളങ്കര ചന്തയില്‍ ഒരു മരുന്ന് കച്ചവടക്കാരന്‍ വന്നു. ആദ്യമയാള്‍ ഒരു പാട്ട് പാടി. പാട്ട് കേട്ട് ആള് കൂടി. പാട്ട് കഴിഞ്ഞു അയാള്‍ ഒരു മുട്ട കയ്യിലെടുത്ത് പറഞ്ഞു: 'മിത്രോം.. ഈ മുട്ടയെ ഞാന്‍ ഈ കൂട കൊണ്ട് മൂടിവെക്കും. അര മണിക്കൂര്‍ കഴിഞ്ഞാല്‍ കൂടക്കകത്ത് മുട്ട വിരിഞ്ഞു കോഴിക്കുഞ്ഞുണ്ടാവും അതാണ് മാജിക്ക്!
പിന്നീട് അയാള്‍ പറഞ്ഞു തുടങ്ങിയത് മാജിക്കിനെ കുറിച്ചല്ല. സകലവേദനകളെയും കുറിച്ചാണ്. തരിപ്പ്, കടച്ചല്‍, കൂച്ചല്‍ വരെ മാറ്റാനുള്ള മരുന്നിനെ (തൈലം) കുറിച്ചാണ്. ഒരു കുപ്പിയിലെ തൈലം ചിലരുടെ കൈ കാലുകളില്‍ പിരട്ടി. പിന്നെ തൈലം കച്ചവടമായി. തൈലവും വാങ്ങി ഓരോരുത്തരും പോയിത്തുടങ്ങി. ആരും മുട്ടയെ കുറിച്ചു ചോദിച്ചില്ല! ഞാനാണെങ്കില്‍ മുട്ട വിരിഞ്ഞു കാണാനുള്ള സസ്‌പെന്‍സിലും. മരുന്ന് കച്ചവടവും കഴിഞ്ഞു അവസാനത്തെ ആളും പിരിഞ്ഞു പോവുന്നത് വരെ ഞാന്‍ കാത്തിരുന്നു. മാജിക് കാണാന്‍.... തൈല കച്ചവടക്കാരന്‍ എല്ലാം വാരിക്കെട്ടുമ്പോള്‍ മുട്ടയും കൂടയുമെടുത്ത് ബാഗിലിട്ടു കൂളായിട്ട് പോയി!.... തൈലക്കച്ചവടക്കാരന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തന്നെയാണ് ഏത് രാഷ്ട്രീയക്കാരനും പയറ്റുന്നത്.

Related Articles
Next Story
Share it