തുടര്‍ക്കഥയാകുന്ന മുങ്ങിമരണങ്ങള്‍

ജില്ലയെ മൊത്തം കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം മൊഗ്രാല്‍ (കൊപ്പളം) പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളുടെ, കുമ്പള അക്കാദമിയില്‍ നിന്ന് ഈ വര്‍ഷം ബിരുദം കരസ്ഥമാക്കിയ നവാസ് റഹ്മാന്‍ (22) അനുജന്‍ നാദില്‍ (17) എന്നിവരുടെ മുങ്ങിമരണം! ആ ഞെട്ടല്‍ മാറും മുമ്പ് കാഞ്ഞങ്ങാട് തോട്ടില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരന്‍ മിദ്‌ലാജ് (13) എന്ന കുട്ടിയുടെ മറ്റൊരു മുങ്ങി മരണമാണ് നടുക്കത്തോടെ കേട്ടത്.ഈയിടെയായി എന്താണ് മുങ്ങി മരണം ഇങ്ങനെ തുടര്‍ക്കഥയാകുന്നത്? കഴുത്തുവരെയുള്ള ജലാശയത്തില്‍പ്പോലും കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ല! […]

ജില്ലയെ മൊത്തം കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം മൊഗ്രാല്‍ (കൊപ്പളം) പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളുടെ, കുമ്പള അക്കാദമിയില്‍ നിന്ന് ഈ വര്‍ഷം ബിരുദം കരസ്ഥമാക്കിയ നവാസ് റഹ്മാന്‍ (22) അനുജന്‍ നാദില്‍ (17) എന്നിവരുടെ മുങ്ങിമരണം! ആ ഞെട്ടല്‍ മാറും മുമ്പ് കാഞ്ഞങ്ങാട് തോട്ടില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരന്‍ മിദ്‌ലാജ് (13) എന്ന കുട്ടിയുടെ മറ്റൊരു മുങ്ങി മരണമാണ് നടുക്കത്തോടെ കേട്ടത്.
ഈയിടെയായി എന്താണ് മുങ്ങി മരണം ഇങ്ങനെ തുടര്‍ക്കഥയാകുന്നത്? കഴുത്തുവരെയുള്ള ജലാശയത്തില്‍പ്പോലും കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ല! എന്താണ് ഇതിന്റെ ശാസ്ത്രീയവശം, തീര്‍ച്ചയായും പഠനവിധേയമാക്കേണ്ടതാണ്. കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് കണ്ണിലെണ്ണയൊഴിച്ച് പോറ്റി വളര്‍ത്തിയ, തങ്ങള്‍ക്കാശ്രയം നല്‍കേണ്ട മക്കള്‍ ജീവനറ്റ് കിടക്കുന്ന കാഴ്ച ഏതൊരു മാതാപിതാക്കളാണ് സഹിക്കുക?
ജനിച്ചാല്‍ മരണം സുനിശ്ചിതം, അത് മുമ്പേ ആയുസ്സില്‍ അടയാളപ്പെടുത്തിയതാണ്. നാളെ എന്ത് നടക്കുമെന്നോ ഏത് ഭൂമികയില്‍ മരിക്കുമെന്നോ ഒരാള്‍ക്കും നിശ്ചയമില്ല. മരണം ആസന്നമായാല്‍ അണുമണി തൂക്കം മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ലെന്ന് വേദപുസ്തകത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. വിധിയെ പഴിക്കാതെ നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം അപകടങ്ങളില്‍ നിന്നും രക്ഷിക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുണ്ട്.
എണ്‍പതുകള്‍വരെ നീന്തലും മരം കയറ്റവും സൈക്കിള്‍ റൈഡും കുട്ടികളില്‍ ഉള്‍ച്ചേര്‍ന്ന നൈസര്‍ഗ്ഗീഗ വാസനയായിരുന്നു, അവര്‍ സമപ്രായക്കാരിലൂടെയും കൂട്ടുകാരിലൂടെയും നിഷ്പ്രയാസം സ്വായത്തമാക്കുന്ന പ്രക്രിയ. അതിനായി പ്രത്യേക പരിശീലം കൊടുക്കുക പതിവുണ്ടായിരുന്നില്ല.
സമകാലീന കുട്ടികള്‍ വിരല്‍ത്തുമ്പിലെ വിസ്മയത്തില്‍ ഭ്രമിച്ചുകഴിയുമ്പോള്‍ ക്രിയാത്മകമായി ചെയ്യേണ്ടതും പാരമ്പര്യവും പൈതൃകവുമായ ജന്മസിദ്ധികള്‍ പരിപോഷിപ്പിക്കുന്നതിലും വളരെ പിന്നിലായിപ്പോകുന്നു എന്ന വസ്തുത നാം തിരിച്ചറിയാതെ പോകരുത്. ഫലമോ ശാരീരിക-മാനസീകാരോരോഗ്യനില താളം തെറ്റുകയും ഡയബറ്റിക്‌സ്, പൊണ്ണത്തടി, കാഴ്ചക്കുറവ് എന്നീ രോഗങ്ങള്‍ ഗ്രസിച്ച് അവരെ മന്ദരാക്കുകയും ഉത്സാഹക്കുറവുള്ള ഒരു തലമുറയായി പരിവര്‍ത്തിക്കുകയും ചെയ്യുന്നതിനു നാം സാക്ഷിയാണ്. ഇന്നത്തെ തലമുറ ഓട്ടവും ചാട്ടവും നീന്തലും എല്ലാം "ഗെയിമിലൂടെ" ആസ്വദിച്ചു നിര്‍വൃതിയടയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. അവരെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്താതെ ഏറിയ പങ്കും നമ്മളാണ് കുറ്റക്കാര്‍ എന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
തോടും നീര്‍ച്ചാലും പുഴയും കുളവും മലീമാസമാക്കിയ നമ്മള്‍ അവര്‍ക്ക് കളിക്കാനും നീന്തിക്കുളിക്കാനുമുള്ള ഭൗതിക സാഹചര്യം ഒരുക്കാന്‍ എന്തെങ്കിലും ചെയ്തിരുന്നോ എന്നൊരാത്മപരിശോധന ഈ സാഹചര്യത്തില്‍ ഉചിതമായിരിക്കും.
അക്ഷരാഭ്യാസത്തെപ്പോലെത്തെന്നെ പ്രാധാന്യമുള്ളതാണ് ജീവന്‍ രക്ഷോപാധിയായ നീന്തലും അനുബന്ധ കായിക-നൈസര്‍ഗ്ഗീക പ്രക്രിയകളും കുട്ടികളില്‍ പരിശീലിപ്പിക്കേണ്ടത് എന്ന തിരിച്ചറിവ് ഇനിയെങ്കിലും നാം കാണാതെ പോയാല്‍ വരും തലമുറകളോട് ചെയ്യുന്ന കടുത്ത പാതകമായിരിക്കും.
പട്‌ള ഹയര്‍ സെക്കണ്ടറി റിട്ട. അധ്യാപകന്‍ ലക്ഷ്മണന്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിലും കായികക്ഷമത പരിപോഷിപ്പിക്കുന്നതിലും കാണിക്കുന്ന നിസ്വാര്‍ഥ സേവനതല്‍പരതയും ഉത്സുകതയും എന്ത് കൊണ്ടും ശ്ലാഘനീയമാണ്. അത്തരക്കാരുടെ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ, മത, സാംസ്‌കാരിക, സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ സഗൗരവം ഒരു ഏകീകൃത ഫ്‌ളാറ്റ്‌ഫോറം രൂപീകരിക്കുകയും രജിസ്ട്രഷേന്‍ മുഖേന കുട്ടികളെ കണ്ടെത്തി സൗജന്യമായി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ നിജപ്പെടുത്തി പ്രായോഗികവല്‍ക്കരിക്കുകകയാണെങ്കില്‍ നീന്തല്‍ സംരംഭത്തിന് നല്ല ഒരു തുടക്കം കുറിക്കാം. ഒരു കുട്ടിയെ നീന്തല്‍ പരിശീലിപ്പിക്കുന്നതിലൂടെ കുട്ടി മാത്രമല്ല രക്ഷ പ്രാപിക്കുന്നത്, മറ്റുള്ളവരെ രക്ഷിക്കാനും കൂടിയാണ് പ്രാപ്തരാക്കുന്നത്.

-അസീസ് പട്‌ള

Related Articles
Next Story
Share it