കാസർകോട്: കേരള സർക്കാറിന്റെ നേതൃത്വത്തിൽ വിവിധജില്ലകളിൽ നിർമ്മാണ പ്രവർത്തനങ്ങളിലുള്ള സാംസ്കാരിക സമുച്ചയങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആദ്യം പൂർത്തിയാകുന്നത് കാസർകോട് ജില്ലയിൽ മടിക്കൈ അമ്പലത്തുകരയിലുള്ള ടി.എസ്. തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന്റെതാണെന്ന് നിർമ്മാണ ചുമതല നിർവ്വഹിക്കുന്ന കെ.എസ്.എഫ്ഡി .സി. ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. മടിക്കൈയിലെ സാംസ്കാരിക സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, പ്രൊഫ.കെ.പി.ജയരാജൻ രവീന്ദ്രൻ കൊടക്കാട്, മടത്തനാട്ട് രാജൻ, കെ. നാരായണൻ , ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. രാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കെ എസ് എഫ് ഡി.സി. ചെയർമാന്റെ സന്ദർശനം. സാംസ്ക്കാരിക സമ്മേളനങ്ങൾ കലാപരിപാടികൾ ഗവേഷണം, ശിൽപശാലകൾ തുടങ്ങിയവയ്ക്ക് ഉതകുന്ന ഓപൺ എയർ തിയേറ്റർ ഉൾപ്പടെ വിപുലമായ സൗകര്യങ്ങളാണ് സാംസ്കാരിക സമുച്ചയത്തിൽ സജ്ജീകരിക്കുന്നതെന്ന് ഷാജി എൻ കരുൺ പറഞ്ഞു.