കലക്ടറുടെ സന്ദര്‍ശനത്തിന് പിന്നാലെ കടല്‍ഭിത്തി നിര്‍മ്മാണം; തൃക്കണ്ണാട്ടെ പ്രതിഷേധത്തിന് അയവ്

ബേക്കല്‍: ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സനേയും സന്ദര്‍ശിച്ചതിന് പിന്നാലെ ഇന്നലെ സന്ധ്യയോടെ തൃക്കണ്ണാട് കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിച്ചു. മല്‍സ്യബന്ധനസാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടം കടലാക്രമണത്തില്‍ തകര്‍ന്നിട്ടും അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെയും മിനിഞ്ഞാന്നുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കലക്ടര്‍ പ്രദേശത്ത് എത്തിയപ്പോഴും നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഉദുമ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നത്. ജനപ്രതിനിധികളും ക്ഷേത്ര ഭാരവാഹികളും വിവിധ വകുപ്പ് […]

ബേക്കല്‍: ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സനേയും സന്ദര്‍ശിച്ചതിന് പിന്നാലെ ഇന്നലെ സന്ധ്യയോടെ തൃക്കണ്ണാട് കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിച്ചു. മല്‍സ്യബന്ധനസാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടം കടലാക്രമണത്തില്‍ തകര്‍ന്നിട്ടും അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെയും മിനിഞ്ഞാന്നുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കലക്ടര്‍ പ്രദേശത്ത് എത്തിയപ്പോഴും നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഉദുമ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നത്. ജനപ്രതിനിധികളും ക്ഷേത്ര ഭാരവാഹികളും വിവിധ വകുപ്പ് ജീവനക്കാരും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലും പലരും പ്രതിഷേധമറിയിച്ചു. തുടര്‍ന്ന് കടല്‍ ഭിത്തി നിര്‍മ്മിക്കുമെന്ന ഉറപ്പ് നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ മണ്ണുമാന്തി യന്ത്രവും കരിങ്കല്ലുകളും പ്രദേശത്ത് എത്തിച്ച് കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയത്. തൃക്കണ്ണാട്ട് ശാശ്വാതമായി കടപ്പുറം സംരക്ഷിക്കാനാവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ടും ഇന്നലെ രാവിലെയുമാണ് നാട്ടുകാര്‍ തൃക്കണ്ണാട്ട് കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപരോധിച്ചത്. ആദ്യം റോഡ് ഉപരോധിച്ചപ്പോള്‍ ചൊവ്വാഴ്ച രാവിലെ ജില്ലാകലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനം അറിയിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെയും കലക്ടര്‍ എത്താതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും റോഡ് ഉപരോധിച്ചത്. പൊലീസുമായി സംഘര്‍ഷത്തിലായ സമരക്കാര്‍ കലക്ടര്‍ വരാതെ പിന്‍മാറില്ലെന്ന നിലപാട് സ്വീകരിച്ചു. ഉച്ചക്ക് ശേഷം കലക്ടര്‍ എത്തുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് രണ്ടാമത്തെ സമരവും അവസാനിപ്പിച്ചത്. ഇന്നലെ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തിരിച്ചുപോകാനൊരുങ്ങുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമുണ്ടായി. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. കലക്ടര്‍ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

Related Articles
Next Story
Share it