ബദിയടുക്ക: റോഡ് തടസപ്പെടുത്തിയുള്ള ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തിക്കെതിരെ നാട്ടുകാരുടെ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയ സമര സമിതിക്ക് രൂപം നല്കി. അതിനിടെ പ്രദേശവാസികളുടെ പോരാട്ടത്തിന് പിന്തുണയുമായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും രംഗത്തെത്തി. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള മഹിളാ ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്ത്തനത്തിക്കിടെയാണ് വര്‍ഷങ്ങളായി ഉക്കിനടുക്കയില്‍ നിന്നും സര്പ്പങ്കളയിലേക്ക് കടന്ന് പോകുന്നതിന് ഉപയോഗിച്ചിരുന്ന റോഡ് തടസപ്പെടുത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെയടക്കം ആസ്പത്രിയില്‍ കൊണ്ടു പോവാന്‍ പോലും വഴിയില്ലാത്ത സാഹചര്യമാണ്. റോഡ് തുറന്ന് നല്‍കണമെന്ന് ജില്ലാ കലക്ടര്‍, ആര്.ഡി.ഒ തുടങ്ങിയവരോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് സമര സമിതി രൂപീകരിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്. എന്മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്.സോമശേഖര ചെയര്‍മാനും മാഹിന്‍ കേളോട്ട് വര്‍ക്കിംഗ് ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.അനില്‍ കുമാര്‍ വൈസ് ചെയര്‍മാനും ആയുള്ള വിപുലമായ സമര സമിതിയാണ് രൂപീകരിച്ചത്. സ്ഥലത്തെത്തിയ എം.എല്‍.എ പ്രദേശവാസികളുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യോഗത്തില്‍ ജെ.എസ്.സോമശേഖര, ബി.എസ് ഗാംബീര്‍, മാഹിന്‍ കേളോട്ട്, അബദുല്ല ചാലക്കര, അനില്‍കുമാര്‍, ജ്യോതി കര്യാട്, റംല, അബ്ദുല്ല, പവിത്രന് സര്‍പ്പംഗള തുടങ്ങിയവര്‍ സംബന്ധിച്ചു.