ഗള്‍ഫാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി നിര്‍മ്മാണം ഉടന്‍ തുടങ്ങും; സി.ഇ.ഒയും ചീഫ് ആര്‍ക്കിടെക്ടും സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: കാസര്‍കോടിന്റെ ആരോഗ്യമേഖലക്ക് പുതിയ പ്രതീക്ഷയായി ഗള്‍ഫാര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ച മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ഗള്‍ഫാറിന്റെ ഇന്ത്യയിലെ നിര്‍മ്മാണ കമ്പനിയായ എംഫാര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഫയാസ് കമാലുദ്ദീന്‍, ചീഫ് ആര്‍ക്കിടെക്ട് സുനില്‍ സഡേക്കര്‍, കമ്പനി വൈസ് പ്രസിഡണ്ട് രാജേഷ് ജി. എന്നിവര്‍ ചൊവ്വാഴ്ച വിദ്യാനഗര്‍ കല്ലക്കട്ടയിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. എംഫാറിന്റെ ഇന്ത്യയിലെ നിരവധി പ്രൊജക്ടുകള്‍ രൂപകല്‍പ്പന ചെയ്ത മുംബൈയിലെ ഉപ്പലേക്കര്‍ സഡേക്കര്‍ ആര്‍ക്കിടെക്ട് കമ്പനിയാണ് ആസ്പത്രി […]

കാസര്‍കോട്: കാസര്‍കോടിന്റെ ആരോഗ്യമേഖലക്ക് പുതിയ പ്രതീക്ഷയായി ഗള്‍ഫാര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ച മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ഗള്‍ഫാറിന്റെ ഇന്ത്യയിലെ നിര്‍മ്മാണ കമ്പനിയായ എംഫാര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഫയാസ് കമാലുദ്ദീന്‍, ചീഫ് ആര്‍ക്കിടെക്ട് സുനില്‍ സഡേക്കര്‍, കമ്പനി വൈസ് പ്രസിഡണ്ട് രാജേഷ് ജി. എന്നിവര്‍ ചൊവ്വാഴ്ച വിദ്യാനഗര്‍ കല്ലക്കട്ടയിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
എംഫാറിന്റെ ഇന്ത്യയിലെ നിരവധി പ്രൊജക്ടുകള്‍ രൂപകല്‍പ്പന ചെയ്ത മുംബൈയിലെ ഉപ്പലേക്കര്‍ സഡേക്കര്‍ ആര്‍ക്കിടെക്ട് കമ്പനിയാണ് ആസ്പത്രി നിര്‍മ്മാണത്തിനുള്ള പ്ലാന്‍ തയ്യാറാക്കുന്നത്. ആസ്പത്രിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും പ്ലാന്‍ ഉടന്‍ തയ്യാറാക്കി എത്രയും പെട്ടെന്ന് ആസ്പത്രി നിര്‍മ്മാണം ആരംഭിക്കുമെന്നും എംഫാര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് സി.ഇ.ഒ. ഫയാസ് കമാലുദ്ദീന്‍ ഉത്തരദേശത്തോട് പറഞ്ഞു. മനോഹരമായ സ്ഥലമാണെന്നും ആസ്പത്രിക്ക് അനുയോജ്യമായ നല്ലൊരു പ്ലാന്‍ തയ്യാറാക്കാന്‍ കഴിയുമെന്നും സുനില്‍ സഡേക്കര്‍ വ്യക്തമാക്കി. ഗള്‍ഫ് വ്യവസായി ഖാദര്‍ തെരുവത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലക്കട്ടയിലെ 12 ഏക്കറോളം വരുന്ന സ്ഥലത്ത് മൂന്നേക്കര്‍ വിസ്തൃതിയില്‍ ആസ്പത്രി സമുച്ചയം ഉയരും. ഇതിന് മുന്നോടിയായി ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കും. ഏകദേശം ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് ആസ്പത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കുക.
50,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിക്കും. ആരോഗ്യരംഗത്ത് അനുഭവിച്ചുവരുന്ന ദുരിതം പരിഹരിക്കുന്നതിന് കാസര്‍കോട്ട് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി നിര്‍മ്മിക്കണമെന്ന ഖാദര്‍ തെരുവത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദലി ആസ്പത്രി നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത്. ഏതാനും മാസങ്ങള്‍ക്കകം തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചത് കാസര്‍കോട്ടുകാരില്‍ വലിയ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ആര്‍ക്കിടെക്ട് ആണ് സുനില്‍ സഡേക്കര്‍.
ബംഗളൂരുവിലെ നാരായണ ഹൃദയാലയ, മംഗളൂരുവിലെ യേനപ്പോയ ആസ്പത്രി അടക്കമുള്ള നിരവധി വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവ സമ്പത്തുമായാണ് എംഫാര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് കാസര്‍കോട്ടെ ആദ്യത്തെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ നിര്‍മ്മാണം ഏറ്റെടുത്തത്. സി.ഇ.ഒ.യും ചീഫ് ആര്‍ക്കിടെക്ടും സ്ഥലം സന്ദര്‍ശിച്ച് പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടെ ചികിത്സയ്ക്ക് ഏറെ പ്രയാസപ്പെട്ടിരുന്ന കാസര്‍കോട്ടുകാരുടെ മുറവിളിക്ക് പരിഹാരമായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി അധികം വൈകാതെ യാഥാര്‍ത്ഥ്യമാവുമെന്ന സന്തോഷത്തിലാണ് കാസര്‍കോടന്‍ ജനത. സംഘത്തെ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, ഖാദര്‍ തെരുവത്തിന്റെ സഹോദരന്‍ ബഷീര്‍ തെരുവത്ത്, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, കെ.എം. ബഷീര്‍, ഷരീഫ് മദീന തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വീഡിയോ കാണാം:

https://fb.watch/8BlNLWZH8C/

Related Articles
Next Story
Share it