അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദന പൂച്ചെണ്ടുകള്‍

കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാര പ്രഖ്യാപനം. വാര്‍ത്ത ശ്രദ്ധിച്ചപ്പോള്‍ വളരെ സന്തോഷവും അഭിമാനവും തോന്നി. അവാര്‍ഡിന് അര്‍ഹരായവരില്‍ രണ്ടുപേര്‍ എനിക്ക് വളരെ പ്രിയപ്പെട്ടവര്‍. പെരുമ്പടവം ശ്രീധരനും പ്രൊഫ. എം.എ റഹ്‌മാനും. ആദ്യം പറഞ്ഞ ആള്‍ തെക്കേ അറ്റത്തെ ജില്ലക്കാരന്‍ രണ്ടാമന്‍ അത്യുത്തര ജില്ലക്കാരനും. ശ്രീധരേട്ടന്‍ (അങ്ങനെയാണ് ഞാന്‍ വിളിക്കാറ്) തിരുവനന്തപുരം ജില്ലയിലെ 'തമലം' എന്ന സ്ഥലത്ത്. റഹ്‌മാന്‍ മാഷ് ഉദുമയിലും. തൊട്ട യല്‍പക്കത്താണെങ്കിലും റഹ്‌മാന്‍ മാഷെ ഞാന്‍ നേരിട്ട് പരിചയപ്പെട്ടത് അകലെയുള്ള ശ്രീധരേട്ടനെ പരിചയപ്പെട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞ്. […]

കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാര പ്രഖ്യാപനം. വാര്‍ത്ത ശ്രദ്ധിച്ചപ്പോള്‍ വളരെ സന്തോഷവും അഭിമാനവും തോന്നി. അവാര്‍ഡിന് അര്‍ഹരായവരില്‍ രണ്ടുപേര്‍ എനിക്ക് വളരെ പ്രിയപ്പെട്ടവര്‍. പെരുമ്പടവം ശ്രീധരനും പ്രൊഫ. എം.എ റഹ്‌മാനും. ആദ്യം പറഞ്ഞ ആള്‍ തെക്കേ അറ്റത്തെ ജില്ലക്കാരന്‍ രണ്ടാമന്‍ അത്യുത്തര ജില്ലക്കാരനും.
ശ്രീധരേട്ടന്‍ (അങ്ങനെയാണ് ഞാന്‍ വിളിക്കാറ്) തിരുവനന്തപുരം ജില്ലയിലെ 'തമലം' എന്ന സ്ഥലത്ത്. റഹ്‌മാന്‍ മാഷ് ഉദുമയിലും. തൊട്ട യല്‍പക്കത്താണെങ്കിലും റഹ്‌മാന്‍ മാഷെ ഞാന്‍ നേരിട്ട് പരിചയപ്പെട്ടത് അകലെയുള്ള ശ്രീധരേട്ടനെ പരിചയപ്പെട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞ്. വിചിത്രമായി തോന്നുന്നു. നേരിട്ട് പരിചയപ്പെട്ടിരുന്നില്ലെങ്കിലും മാഷെ നേരത്തെ അറിയാമായിരുന്നു. അദ്ദേഹത്തിന്റെ കഥകള്‍ വായിച്ച് ആസ്വദിച്ചിട്ടുണ്ടായിരുന്നു. ഡോക്യുമെന്ററി സംവിധായകന്‍ എന്ന നിലക്കും അറിയാമായിരുന്നു. എന്നിട്ടും നേരിട്ട് കാണാന്‍ വൈകി. എന്റെ പിഴ. പരിചയപ്പെട്ടപ്പോള്‍ തോന്നി. ഇദ്ദേഹത്തെ മുമ്പേ കണ്ടിട്ടുണ്ടല്ലോ, പല തവണ.എന്നാല്‍ 'കണ്ടിട്ടില്ല'!(വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് വിക്ടര്‍ ഹ്യൂഗോവിന്റെ ഒരു കഥാപാത്രം പറയുന്നത് മാതിരി. കണ്ടിട്ടുണ്ട്; പക്ഷെ, നോക്കിയിട്ടില്ല!")
ഞാന്‍ കാസര്‍കോട്ട് സാഹിത്യവേദിയുമായി അടുത്തു. സി. രാഘവന്‍ മാസ്റ്റരെയും കെ.എം അഹ്‌മദ് മാസ്റ്ററെയും നേരത്തെ പരിചയമുണ്ടായിരുന്നു. സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചക്കായി ഒരിക്കല്‍ തിരഞ്ഞെടുത്തത് റഹ്‌മാന്‍ മാസ്റ്ററുടെ ഒരു ചെറുകഥ ആയിരുന്നു. അത് ചര്‍ച്ചക്കായി അവതരിപ്പിക്കാന്‍ എന്നോടാവശ്യപ്പെട്ടു. രചയിതാവിനെ നേരിട്ട് പരിചയമില്ല എന്നത് മാത്രമായിരുന്നു എന്റെ യോഗ്യത എന്ന് തോന്നുന്നു. പക്ഷപാതമോ, മുന്‍വിധിയോ ഉണ്ടാകാനിടയില്ലല്ലോ! കഥയുടെ പേര് ഓര്‍മ്മയില്‍ തെളിയുന്നില്ല. ഒരു പ്രവാസി യുവാവിന്റെ വീര്‍പ്പുമുട്ടലുകളായിരുന്നു പ്രതിപാദ്യം. പരിപാടിക്ക് മാഷും എത്തിയിരുന്നു. അവിടെ വെച്ച് തുടങ്ങി ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം. പിന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ട നാളുകള്‍. ഞങ്ങള്‍ കൂടുതല്‍ അടുത്തു. സഹപ്രവര്‍ത്തകരായി എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ അലിഞ്ഞും എരിഞ്ഞും നരകിക്കുന്ന 'അരജീവി'കളെകുറിച്ച് അദ്ദേഹം തയ്യാറാക്കിയ ഹ്രസ്വചിത്രം എത്ര പ്രാവശ്യം കണ്ടു. ഞാന്‍ ഓര്‍ക്കുന്നു: ജനീവാ കണ്‍വെന്‍ഷനില്‍, എന്‍ഡോസള്‍ഫാന്‍ പ്രയോഗം ആഗോളതലത്തില്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭം. ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാട് പ്രമേയത്തിന് എതിരായിരുന്നു. അത് നിരോധിക്കുന്ന പക്ഷം, നമ്മുടെ കാര്‍ഷിക മേഖലയാകെ പ്രതിസന്ധിയിലായിപ്പോകും എന്ന്! മുമ്പ് നടന്ന കണ്‍വെന്‍ഷനുകളില്‍ ഈ നിലപാടെടുത്തിരുന്നത് കൊണ്ട് തല്‍സമയം നടക്കുന്ന നിര്‍ണ്ണായക സമ്മേളനത്തിലും അതേ സമീപനമായിരിക്കുമോ എന്ന ആശങ്കയായിരുന്നു ഞങ്ങള്‍ക്ക്. ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുമ്പാകെ അതിനെതിരെ ഒരു സത്യഗ്രഹം. അവിടെ പ്രദര്‍ശിപ്പിക്കാന്‍ കുറേ ദൃശ്യങ്ങള്‍ വേണം. പരിപാടി സംഘടിപ്പിക്കുന്ന ശ്രീമതി ആനിരാജയുടെ ആവശ്യം. മാഷ് തയ്യാറാക്കിയ ഫിലിമും മധുരാജിന്റെ ഫോട്ടോകളും ഞാന്‍ എത്തിച്ചു കൊടുത്തു. എന്‍ഡോസള്‍ഫാന്‍ ശാശ്വതമായി നിരോധിക്കുകയും വര്‍ഷങ്ങളോളം അത് യാതൊരു മുന്‍ കരുതലുമെടുക്കാതെ അശാസ്ത്രീയമായി ജനവാസ മേഖലയില്‍ വര്‍ഷിച്ചതിന്റെ ഫലമായി നരകയാതന അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണമെന്നാവശ്യപ്പെടുന്ന ഒരു പൊതുതാല്‍പര്യഹരജി സുപ്രിം കോടതി പരിഗണനക്കെടുക്കുന്ന ദിവസം നമ്മുടെ ബസ്സ്റ്റാന്റ് പരിസരത്ത് എം.ടി വാസുദേവന്‍ നായര്‍ നാമകരണം ചെയ്ത 'ഒപ്പുമര'ച്ചോട്ടില്‍ ഒരു ധര്‍ണ്ണ. അതില്‍ ദുരിതബാധിതര്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന ബദല്‍ സത്യവാങ്മൂലം (കേന്ദ്രസര്‍ക്കാരിന്റേതിന് മറുപടി എന്ന നിലയില്‍ തയ്യാറാക്കിയത്) അവതരിപ്പിക്കുന്ന ഒരു പ്രതീകാത്മക പരിപാടി-റഹ്‌മാന്‍ മാസ്റ്ററുടെ സഹധര്‍മ്മിണ്ണി ഇംഗ്ലീഷില്‍ തയ്യാറാക്കിയ സത്യവാങ്ങ്മൂലം വായിച്ചവതരിപ്പിക്കുകയുണ്ടായി. ഒരു അഭിഭാഷക തന്നെ അത് വായിച്ചു: അഡ്വ. പി. വസന്തം. ഇങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ ഒപ്പം പ്രവര്‍ത്തിച്ചു.
ബഷീര്‍ ദ മാന്‍, കുമാരനല്ലൂരിലെ കുളങ്ങള്‍...ഇങ്ങനെ എത്ര ഡോക്യുമെന്ററികള്‍! നല്ലൊരു ചിത്രകാരി കൂടിയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായ ഇംഗ്ലീഷ് പ്രൊഫസര്‍. അവര്‍ വരച്ച അനന്തപുരം ദൃശ്യങ്ങള്‍ കലക്ടറേറ്റിലെ പി.ആര്‍.ഡി ഓഫീസില്‍ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്നു.
റഹ്‌മാന്‍ മാസ്റ്ററുടെ ലേഖന സമാഹാരം നേരത്തെ സമ്മാനിതമായിട്ടുണ്ട്. ഇപ്പോള്‍ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരവും. നമുക്ക് അദ്ദേഹത്തെ സാഭിമാനം അനുമോദിക്കാം.
ഇനി പെരുമ്പടവത്തെക്കുറിച്ച് രണ്ട് വാക്ക്: പെരുമ്പടവം ശ്രീധരന്‍. ആ പേര് മനസ്സില്‍ പതിഞ്ഞത് 'അഭയം' എന്ന നോവല്‍ വായിച്ചതോടെ ആയിരുന്നു. സാഹിത്യ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹമായി ആ നോവല്‍. പിന്നെ അഷ്ടപദി, കുരിശുമെടുത്ത് നിന്റെ പിന്നാലെ, കാല്‍വരിയിലേക്ക് വീണ്ടും, ഒരു സങ്കീര്‍ത്തനം പോലെ... ഇങ്ങനെ എത്രയെത്ര രചനകള്‍.
തൃശൂരില്‍ വെച്ചായിരുന്നു ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്. തുടര്‍ന്ന് രണ്ട് മൂന്ന് പ്രാവശ്യം കൂടി കണ്ടു. തൃശൂരും എറണാകുളത്തും വെച്ച്. ഒടുവില്‍ കണ്ടത് കാസര്‍കോട്ട് വെച്ച് ആയിരുന്നു. എട്ടുപത്ത് കൊല്ലം മുമ്പ്. കത്തിടപാടുണ്ടായിരുന്നു. നീണ്ടകാലം കാണാതിരുന്നതിന് ശേഷം വീണ്ടും കാണുമ്പോള്‍ എന്നെ തിരിച്ചറിയുമോ, സ്വയം പരിചയപ്പെടുത്തേണ്ടി വരുമോ എന്ന സംശയമുണ്ടായിരുന്നു. അത് അസ്ഥാനത്തായി. അകലെ നിന്നേ എന്നെ തിരിച്ചറിഞ്ഞു. കുശലം പറഞ്ഞു. അദ്ദേഹം പ്രസംഗം തുടങ്ങിയത് തന്നെ എന്നെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു. അഭിമാനം തോന്നിയ സന്ദര്‍ഭം.
തൂലികയുടെ ബലത്തില്‍ മാത്രം ജീവിക്കുന്ന അപൂര്‍വ്വ പ്രതിഭ. നാലഞ്ചു കൊല്ലം മുമ്പ് അദ്ദേഹത്തിന്റെ ജീവിത സഖി അജിതഭവനം ലൈലകാലഗതി പ്രാപിച്ചു.
എഴുത്തുകാരിയായിരുന്നു ലൈലച്ചേച്ചി. ഒ.വി ഉഷയാണ് ലൈലച്ചേച്ചിയുടെ വേര്‍പാടിന്റെ കാര്യം അറിയിച്ചത്. പുരസ്‌കാരലബ്ധിയുടെ സന്തോഷം പങ്കിടാന്‍ സഖി ഇല്ലാതെ പോയി.

Related Articles
Next Story
Share it