കാസര്‍കോട്: പോപ്പുലര്‍ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയിലും ജനങ്ങളെ വലച്ചു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകള്‍ നിരത്തിലിറങ്ങാത്തത് ജനങ്ങളെ നന്നായി ബാധിച്ചു. കാസര്‍കോട് നഗരത്തില്‍ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. കാഞ്ഞങ്ങാട് നഗരത്തിലും കടകള്‍ അടഞ്ഞു കിടക്കുകയാണ്. അത്യാവശ്യം ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. ഏതാനും കെ.എസ്.ആര്‍.ടി.സി ബസുകളും ഓടി. പുതിയകോട്ട ടൗണിലെ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയോരത്തും ഹര്‍ത്താല്‍ വലിയ പ്രതികരണമുണ്ടാക്കിയിട്ടില്ല. ഒടയംചാല്‍, ചുള്ളിക്കര, രാജപുരം, പാണത്തൂര്‍ പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങളും ഓടുന്നുണ്ട്. സ്വകാര്യബസുകളുടെ ഓട്ടം കുറവാണ്. കല്ലേറുള്‍പ്പെടെ ആക്രമണം ഭയന്നാണ് ഓടാതിരിക്കുന്നത്. മലയോരത്ത് സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ബദിയടുക്ക, പെര്‍ള ടൗണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ബസുകള്‍ ഓടിയില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. കാസര്‍കോട് ടൗണില്‍ നടന്ന പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മഹമൂദ്, മനാഫ്, ലത്തീഫ്, ഇസ്ഹാക്, ഹക്കീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടൗണില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന സ്ഥലത്തെത്തി സ്ഥിഗതികള്‍ വിലയിരുത്തി. രണ്ട് പേരെ ടൗണ്‍ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഇന്ന് രാവിലെ ഏഴരയോടെയാണ് പെര്‍വാഡ് ലോറിക്ക് നേരെ കല്ലേറുണ്ടായത്. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.
ഇന്നലെ നായന്മാര്‍മൂലയില്‍ ദേശീയപാത ഉപരോധിച്ചതിന് 30 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ആരിഫ് തങ്ങള്‍, മഹ്‌മൂദ് തുടങ്ങിയ 30 പേര്‍ക്കെതിരെയാണ് കേസ്.
