കൊച്ചി: യുവനടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയായ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു ഒളിവില്‍. വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എറണാകുളം ഡി.സി.പി വി.യു കുര്യക്കോസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തു.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവ നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാല്‍ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. നടന്നത് അതിക്രൂര ബലാല്‍സംഗമാണെന്നും മദ്യം നല്കി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നഗ്നവീഡിയോ റെക്കോര്‍ഡ്ചെയ്ത് ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. ഫേസ്ബുക്കിലെ വിമെന്‍ എഗയ്ന്സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് പേജിലൂടെയാണ് നടി നടന് വിജയ്ബാബു പീഡിപ്പിച്ച വിവരം പുറത്തുവിട്ടത്.