സീതാംഗോളി: സീതാംഗോളി ബുഖാരിക്കണ്ടത്ത് വീട് തകര്‍ത്തതായി പരാതി. ബുഖാരിക്കണ്ടത്തെ താഹിറയാണ് കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. വീട് പൂട്ടി ബന്ധുവീട്ടില്‍ പോയപ്പോഴാണ് സംഭവം. വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യം ബന്ധുവീട്ടില്‍ വെച്ച് മൊബൈല്‍ ഫോണില്‍ പരിശോധിച്ചപ്പോള്‍ രണ്ട് പേര് വീടിന്റെ ഗേറ്റ് ചാടി കടക്കുന്നതും വീട് അക്രമിക്കുന്നതും പതിഞ്ഞിട്ടുണ്ടെന്ന് താഹിറ പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വീട് പരിശോധിച്ചെങ്കിലും വീട് തകര്‍ത്തതിന്റെ ലക്ഷണമൊന്നും കണ്ടില്ലെന്ന് പൊലീസ് പറയുന്നു. ഇന്നലെ എത്തിയ രണ്ട് പേരില്‍ ഒരാള്‍ മാസങ്ങള്‍ക്ക് മുമ്പ് താഹിറയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വീട് തകര്‍ത്ത കേസില്‍ പ്രതിയാണെന്നും അന്ന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് വീണ്ടും അക്രമിക്കാനുള്ള ശ്രമമെന്ന് താഹിറ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം നടത്തിവരികയാണ്.