മായാമാധവം

'ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും മുറ്റത്ത് കണിക്കൊന്നയുണ്ടായിട്ട് കാര്യമില്ല രമേശാ... മനസ്സില്‍ കണിക്കൊന്നയുണ്ടാകണം. ഞാനാണാ പയ്യനെ നിന്റടുത്തേക്ക് അയച്ചത്. എല്ലാ യോഗ്യതകളുണ്ടായിട്ടും താനാ ചെക്കന്റെ സി.വി തടഞ്ഞുവെച്ചിരിക്കുന്നതെന്തിന്റെ പുറത്താണെന്ന് മനസ്സിലാവുന്നില്ല? ഇറ്റ് ഈസ് വെരി ബാഡ്...' മൊബൈലില്‍ മാധവന്‍ ആരോടോ കയര്‍ക്കുകയാണ്. ആ കലമ്പലിനിടയിലാണ് ഇതേതോ പരിചിത ശബ്ദമാണല്ലോ എന്ന് തോന്നി ഞാന്‍ മാധവനു നേരെ തിരിഞ്ഞു നോക്കിയത്. ഒരു കുഞ്ഞടുപ്പ് പുകഞ്ഞു കാണാനും ഒരു വയറിന്റെ കാളല്‍ ഒഴിവാക്കാനും മാധവന്‍ പെടുന്ന പെടാപാട് ആ സംഭാഷണങ്ങളില്‍ […]

'ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും മുറ്റത്ത് കണിക്കൊന്നയുണ്ടായിട്ട് കാര്യമില്ല രമേശാ... മനസ്സില്‍ കണിക്കൊന്നയുണ്ടാകണം. ഞാനാണാ പയ്യനെ നിന്റടുത്തേക്ക് അയച്ചത്. എല്ലാ യോഗ്യതകളുണ്ടായിട്ടും താനാ ചെക്കന്റെ സി.വി തടഞ്ഞുവെച്ചിരിക്കുന്നതെന്തിന്റെ പുറത്താണെന്ന് മനസ്സിലാവുന്നില്ല? ഇറ്റ് ഈസ് വെരി ബാഡ്...'
മൊബൈലില്‍ മാധവന്‍ ആരോടോ കയര്‍ക്കുകയാണ്. ആ കലമ്പലിനിടയിലാണ് ഇതേതോ പരിചിത ശബ്ദമാണല്ലോ എന്ന് തോന്നി ഞാന്‍ മാധവനു നേരെ തിരിഞ്ഞു നോക്കിയത്. ഒരു കുഞ്ഞടുപ്പ് പുകഞ്ഞു കാണാനും ഒരു വയറിന്റെ കാളല്‍ ഒഴിവാക്കാനും മാധവന്‍ പെടുന്ന പെടാപാട് ആ സംഭാഷണങ്ങളില്‍ നിന്നും മനസ്സിലായി. അപ്പോഴും സ്വര്‍ഗലോകത്തെ സ്വകാര്യ ഭാഷയായ ചിരി മാധവന്റെ മുഖത്ത് മായാതെ ഒളി പരത്തി നിന്നു.
2003ലെ തിരുവോണ നാളായിരുന്നു അന്ന്. ആരോ അയച്ചു തന്ന പാസില്‍ ഷാര്‍ജ-ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാനും കുടുംബവും.
അതിന് മുമ്പ് മാധവനെക്കണ്ടത് ഗവ. കൊളേജില്‍. 1983ല്‍ ഞാനാ കലാലയത്തില്‍ ചേര്‍ന്ന വര്‍ഷം. അക്കൊല്ലത്തെ കൊളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് മാധവന്‍ അവിടെ എസ്.എഫ്.ഐ.യുടെ ചെയര്‍പേഴ്‌സണ്‍ കാന്‍ഡിഡേറ്റായിരുന്നു. എം. സുമതി വൈസ് ചെയര്‍ പേഴ്‌സണും. രണ്ടു പേരും തോറ്റുപോയെങ്കിലും വ്യക്തിഗത പ്രഭാവം മുന്‍ നിര്‍ത്തി എന്റെ വോട്ട് ആ ചിരിയുടെ ആള്‍രൂപത്തിനാണ് ഞാന്‍ നല്‍കിയത്. അത്രയ്ക്കും മാധവന്‍ നെഞ്ചോട് ഒട്ടിച്ചേര്‍ന്നിരുന്നു അപ്പോഴേക്കും.
ഞങ്ങളുടെ ജീവിതപ്പയറ്റിനിടയില്‍ വിദൂരമായ ഓര്‍മകളുടെ വിളറിയ പുറങ്ങളിലേക്ക് ഇടക്ക് കൊഴിഞ്ഞു പോയ ഇരുപത് വര്‍ഷക്കാലം ഒതുങ്ങിപ്പോയിരുന്നു. പഴയ പ്രതാപം തിരിച്ചു പിടിച്ച ത്രില്ലിലായിരുന്നു പിന്നീടങ്ങോട്ട് ഞങ്ങള്‍. അതോടെ അപരിചിതത്വത്തിന്റെ എല്ലാ അദൃശ്യ രേഖകളും ഞങ്ങളില്‍ നിന്നും മാഞ്ഞു പോകുകയായിരുന്നു. മാസ്/ഇന്ത്യന്‍ അസോസിയേഷനുകളുടെ വിവിധ പരിപാടികളില്‍ പലപ്പോഴും മാധവന്റെ ക്ഷണിതാവായി ഞാനെത്തി.
മാധവനിലൂടെയാണ് തന്റെ സന്തത സഹചാരിയായ ഇബ്‌റാഹിം അംബികാനയെയും മുനീര്‍ സി.എല്ലിനെയും പരിചയപ്പെടുന്നത്. അവര്‍ തമ്മില്‍ കാത്തുസൂക്ഷിച്ചിരുന്ന ഒരു തരം 'ക്യുയു' ഫ്രണ്ട്ഷിപ്പ് മരണം വരേ നിലനിര്‍ത്തി.
ആസ്പത്രിയില്‍ മാധവന്‍ അഡ്മിറ്റ് ചെയ്യപ്പെട്ടതിന് ശേഷമുള്ള മുഴുവന്‍ കാര്യങ്ങളും അപ്പപ്പോള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നത് അവരിലൂടെയായിരുന്നു.
കാസര്‍കോട് ഗവ. കൊളേജിന്റെ സുവര്‍ണ കാലമെന്ന് വിശേഷിപ്പിക്കുന്നത് 1975-85 കാലഘട്ടത്തെയാണ്. അക്കാലയളവില്‍ പഠിച്ചവരുടെ കൂട്ടായ്മയായ ഞങ്ങളുടെ 'ഒരു വട്ടം കൂടി'ക്ക് വിത്തുപാകാന്‍ ഒരാളായി സണ്ണി ജോസഫിനും നാസര്‍ ഹസന്‍ അന്‍വറിനും ബപ്പിടിയ്ക്കും മൊയ്തു പെര്‍ലയ്ക്കും ജയിംസിനും ടി.എ.ഖാലിദിനും കെ.എം. ഹനീഫിനും അഷ്‌റഫലി ചേരങ്കെയ്ക്കും ടി.എ.ഇബ്‌റാഹിമിനുമൊപ്പം നിന്ന മറ്റൊരാള്‍ മാധവന്‍ പാടിയായിരുന്നു. ദുബായില്‍ നിന്നു കൊണ്ടാണ് മാധവന്‍ ഒരു വട്ടം കൂടിയ്ക്ക് ഊര്‍ജവും ഉമേഷവും പകര്‍ന്നുകൊണ്ടിരുന്നത്.
ഞാനും പി.സി. അഹമദും ഹാരിഫും ആങ്കറിംഗ് ചെയ്യുന്ന ഒരു വട്ടം കൂടിയുടെ വിവിധ പരിപാടികളില്‍ ഹരം പിടിക്കുമ്പോള്‍ ഇടയ്ക്ക് കയറി വരുന്നൊരു മാധവനുണ്ട്. 'മൈക്കൊന്ന് താടാ സ്‌കാനിയ/പീസീ'എന്നും പറഞ്ഞ്. പിന്നീട് കാണുക ചിരിക്കുന്ന മാധവനെയല്ല. നമ്മെ ചിരിപ്പിക്കുന്ന മാധവനെയാണ്. ആ സ്വര വര്‍ദ്ധിനി വീണ്ടും ഞങ്ങളുടെ കയ്യില്‍ കിട്ടണമെങ്കില്‍ മാധവനില്‍ നിന്നും ഞങ്ങള്‍ക്കതിനെ തട്ടിപ്പറിക്കണമായിരുന്നു
ഞങ്ങളുടെ പ്രിയ മിത്രങ്ങള്‍ ടി.എ.ഇബ്‌റാംചയും മണിച്ചേച്ചിയും സുശോഭിനിയും ലീലേച്ചിയും ബാലേട്ടനും ഡോക്ടര്‍ എന്‍.എ.മുഹമ്മദും ചന്ദ്ര പ്രകാശും കെ.എം. ഹനീഫൊക്കെ വട്ടം കൂടികളെത്തേടി ദുബായില്‍ വന്നപ്പോള്‍ പ്രസരിപ്പു നിറഞ്ഞൊരു തേജോഗോളം പോലെയാണ് മാധവന്‍ കത്തി നിന്നത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിന് ശേഷം തിരിച്ചു പോകും വരേ അവരുടെ നിഴലായി മാധവന്‍ കൂടെ നടന്നു.
ഓഫീസും സംവിധാനങ്ങളുമൊന്നുമായിരുന്നില്ല മാധവനെ മുന്നോട്ട് നയിച്ചത്. കയ്യില്‍ സദാ ഒരു മൊബൈല്‍ ഉണ്ടാവും കമ്മ്യൂണിക്കേഷന്. അത് തന്നെയാണ് അവന്റെ ഓഫീസും ബ്രീഫ് കേയ്‌സും. അവസാനം, മൊബൈല്‍ കയ്യിലില്ലാത്ത മാധവനെ ആസ്പത്രി ഐസിയുവിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ വെച്ച് കണ്ടപ്പോള്‍ കരള്‍ വെന്തു പോയെന്നാണ് ഇബ്‌റാഹീമും മുനീറും പി.സി. അഹമദും സാക്ഷ്യപ്പെടുത്തിയത്.
മാധവന്റെ വാലറ്റില്‍ എന്നും രണ്ടോ മൂന്നോ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളോ ഡെബിറ്റ് കാര്‍ഡുകളോ കാണുമായിരുന്നു. വിവിധ ആവശ്യങ്ങളുമായി വരുന്ന പലര്‍ക്കും കാശ് കയ്യിലില്ലാതെ വരുമ്പോള്‍ ആ കാര്‍ഡുകള്‍ കൈമാറുമായിരുന്നു മാധവന്‍. പലരും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വരേ മാധവന്റെ കാര്‍ഡുകളെയാണ് ആശ്രയിച്ചിരുന്നത്.
കൊടുക്കുന്ന കാശ് തിരിച്ചു കിട്ടുമോ എന്ന് ഒരിക്കലുമവന്‍ ആശങ്കിച്ചില്ല. അവര്‍ രക്ഷപ്പെടട്ടെ എന്നുളള ഒറ്റച്ചിന്തയായിരുന്നു ഉള്ളിലെപ്പോഴും.
പരാതിപ്പെടാനും പരിഭവിക്കാനും മാധവന് എമ്പാടും വകയുണ്ടായിരുന്നു. എന്നിട്ടുമവന്‍ ആരോടും പരിഭവമോ പരാതിയോ പായാരമോ പറഞ്ഞില്ല.
ഞാനും മൊയ്തീന്‍ ചേരൂരും അജ്മാനില്‍ മെഹ്ജബിന്‍ ഓപ്റ്റിക്കല്‍സ് തുടങ്ങിയപ്പോള്‍ ഉദ്ഘാടനത്തിനാരെ കിട്ടും എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് മാധവന്‍ വന്നു വി.പി.പി.മുസ്തഫയുമായി. കൂടെ ഒരു വട്ടം കൂടിയിലെ സകലരേയും കൂടെക്കൂട്ടി.
അവന്റെ വിഭ്രമിപ്പിക്കുന്ന വേഗതയിലുള്ള ഒരു പാട് നിത്യനിദാനങ്ങള്‍ക്കിടയില്‍ അജ്മാനിലുള്ള എന്നോടും ബി.എം. ഹാരിഫിനോടും ചെലവഴിക്കാന്‍ സമയം കിട്ടുമോ എന്തോ എന്ന് ചിന്തിക്കുന്നതിനിടയിലാകും പലപ്പോഴും മാധവന്‍ കയറി വരുന്നത്. മിക്കവാറും മറ്റാരുടെയെങ്കിലും കണ്ണടയുടെ ഒരു പ്രിസ്‌ക്രിപ്ഷന്‍ കയ്യില്‍ കാണും. ഒന്നുകില്‍ ഭാര്യ പ്രസീദ ടീച്ചറുടേത്. അല്ലെങ്കിലേതോ സഹപ്രവര്‍ത്തകരുടേത്. ഇനി അതൊന്നുമില്ലെങ്കില്‍ മാധവന്‍ വെറുതെ പറയും. പഴയ കണ്ണട എവിടെയോ വെച്ച് മറന്നുപോയെടാ എന്ന്. പുതിയൊരെണ്ണം ഉണ്ടാക്കി ഉടനെ തരണമെന്ന്. ഞാന്‍ പൈസ വേണ്ടെന്ന് എത്ര തന്നെ നിര്‍ബന്ധിച്ചാലും മാധവന്റടുത്ത് ഞാന്‍ വെച്ചു നീട്ടുന്ന ഔദാര്യമൊന്നും ചെലവാകുമായിരുന്നില്ല. അതായിരുന്നു മാധവന്‍.
പ്രായത്തില്‍ എത്രയോ മൂത്ത ഹബീബ് കല്ലടിയെപ്പോലുള്ളവര്‍ പോലും വിനയ പുരസ്സരം മാധവനെ മാധവേട്ടാ, മാധവന്‍ സാറേ എന്നൊക്കെ അഭിസംബോധന ചെയ്തിരുന്നിടത്താണ് മാധവനെക്കാള്‍ നന്നേ ചെറുതായ ഞാന്‍ ഒട്ടൊരഹങ്കാരത്തോടെ അവനെ മാധവന്‍ എന്നു വിളിച്ചിരുന്നത്. എനിക്കവനോട്, എന്റെ,'കൃഷ്ണാ ..മുകുന്ദാ.... ജനാര്‍ദ്ദനാ'എന്നൊക്കെയുള്ള ദൈവഭക്തിയില്‍ കുതിര്‍ന്ന ഒരാരാധനയായിരുന്നു.
ഒരു കാന്തത്തിനടുത്ത് കാന്തമല്ലാത്ത ഇരുമ്പ് ദീര്‍ഘനേരം വെച്ചാലുണ്ടാവുന്ന അവസ്ഥയായിരുന്നു മാധവനുമായി ഇടപെടുന്ന ഏതൊരാള്‍ക്കും.
വാട്ട്‌സ് ആപ്പും എഫ്.ബിയും തുടങ്ങി സോഷ്യല്‍ മീഡിയകള്‍ വന്‍ പ്രചാരത്തിലായപ്പോഴാണ് മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്‌മേര മൂര്‍ത്തിയാം മാധവനെ പലര്‍ക്കും ശരിക്കുമെന്താണെന്ന് മനസ്സിലായിത്തുടങ്ങിയത്. ഏറ്റവും വിഹ്വലവും ദാരുണവുമായ ഒരു നിലവിളി, കരച്ചില്‍, അപേക്ഷ, മുന്നറിയിപ്പ്, സഹായാഭ്യര്‍ഥന എന്നിവ പോലും ഒച്ചയിലും ഒഴുക്കിലും പെട്ട് നമ്മെ തൊട്ടും തൊടാതെയും കടന്നുപോയ്‌ക്കൊണ്ടിരുന്നപ്പോഴും ആരുടെ കാലില്‍ തറയ്ക്കുന്ന ഓരോ മുളളും മാധവന്റെ ആത്മാവിനെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു.
യു.എ.ഇയില്‍ തൊഴിലില്ലാതെ അലഞ്ഞിരുന്ന ചെറുപ്പക്കാരുടെ കണ്‍കണ്ട ദൈവമായിരുന്നു മാധവന്‍. ഇന്ത്യന്‍ അസോസിയേഷനില്‍ ജോബ് സെല്ലിന്റെ ഉത്തരവാദിത്വം മാധവന്‍ ഏറ്റെടുത്തപ്പോഴും അല്ലാത്തപ്പോഴും ഉള്ളതെല്ലാം പണയപ്പെടുത്തി കടല്‍ കടന്നെത്തുന്നവരെ ജീവിതത്തിന്റെ കരയോടടുപ്പിക്കാന്‍ വേണ്ടി മാധവന്‍ മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല.
യു.എ.ഇ യുടെ മാത്രമല്ല നമ്മുടെ നാടും ജനതയും നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അവിടെ ഇരുന്ന് ചര്‍ച്ച ചെയ്യുകയും അവയ്ക്ക് പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്ന മാധവനെക്കുറിച്ച് പറയുമ്പോള്‍ ഒരേ ബെഞ്ചിലിരുന്ന് ഒരുപാടു കാലം ഒന്നിച്ചു പഠിച്ച സഖാവ് കുഞ്ഞമ്പുവേട്ടന് തൊണ്ട ഇടറുകയായിരുന്നു. മാധവന് ഏറെ പ്രിയമായിരുന്ന ഗവ.കോളേജില്‍ തന്നെ ഞാനും ബപ്പിടിയും സണ്ണിയേട്ടനും മൊയ്തുവും ജെ.പി.യും വിശ്വേട്ടനും ചേര്‍ന്ന് അവന് വേണ്ടി ഒരുക്കിയ അനുശോചന യോഗത്തില്‍. 'മായാത്ത ആ ഓര്‍മകള്‍ക്കു മുന്നില്‍' എന്നു പേരിട്ട ആ അനുസ്മരണ യോഗം ഞങ്ങള്‍ അവനു വേണ്ടി ഒരുക്കിയ അവസാനത്തെ ആദരം കൂടിയായിരുന്നു. എഴുതുന്നവരുടെ സാഹിത്യ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി വീക്ഷിച്ചിരുന്ന, പ്രോത്സാഹനം നല്‍കിയിരുന്ന മാധവന്‍ പാടിയെക്കുറിച്ചോര്‍ത്തവിടെ ഏറെ വിലപിക്കുകയായിരുന്നു രവിയേട്ടന്‍ ബന്തടുക്കയും ഗിരിധര്‍ രാഘവനും വേണു കണ്ണനുമൊക്കെ. പലരെക്കുറിച്ചും ഉത്തരദേശത്തിലും കെ.വാര്‍ത്തയിലും എഫ്.ബി യിലൊക്കെ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ ഞാന്‍ മാധവനോട് ചോദിച്ചു 'മാധവാ നീ കാണാതെ പോകുന്ന, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകളെയൊക്കെ ഞാനൊന്ന് പുറം ലോകം കാണ്‍കെ പ്രസിദ്ധീകരിച്ചോട്ടേ' എന്ന്. മാധവന്‍ വിലക്കി. വാക്കുകള്‍ ലംഘിച്ചാണെങ്കിലും ഒരവസരം കിട്ടിയപ്പോള്‍ ഞാനെഴുതി 'വാടിക്കരിഞ്ഞ് കൊഴിയാതിരിക്കട്ടെ, സൗഹൃദ വാകപ്പൂമരങ്ങളൊക്കെയും' എന്ന തലക്കെട്ടില്‍ ഉത്തരദേശത്തില്‍. അതിന്റെ അവസാന ഭാഗത്ത് എനിക്ക് പറയാനുണ്ടായിരുന്നത് മാധവന്‍ നിത്യവും രാവിലെയും രാത്രിയും എനിക്കയച്ചു കൊണ്ടിരുന്ന നന്മകള്‍ നിറഞ്ഞ സന്ദേശങ്ങളെക്കുറിച്ചായിരുന്നു.
മാധവന്‍ പോയി. ഇനി പി.സി.എംആസിഫിനും കാജറിനും ഏയര്‍പോര്‍ട്ടില്‍ പോയി അവനെ സ്വീകരിക്കുകയും തിരിച്ച്‌കൊണ്ടാക്കുകയും വേണ്ട. ആസിഫിന്റെ സുഹൃത്ത് ജോണിന് ഞങ്ങളെക്കൊണ്ട് ജന്‍മദിനാശംസകള്‍ പറയിപ്പിക്കണ്ട. ഭാമേച്ചിയുടെ പ്രായമായ അമ്മയെച്ചൊല്ലി വ്യാകുലപ്പെടേണ്ട. രാജലക്ഷ്മിയുടെ ക്ഷേമാഐശ്വര്യങ്ങള്‍ അന്വേഷിക്കേണ്ട. വിനോദിന്റെ കുടുംബ കാര്യങ്ങള്‍ തിരക്കേണ്ട. മുരളിയുടെ അപ്പൂപ്പന്‍ പി.കുഞ്ഞിരാമന്‍ നായരെക്കുറിച്ച് ഓര്‍മപ്പെടുത്തേണ്ട. കാല്‍ദുച്ചാന്റെയും അസീസിന്റെയും കച്ചവടത്തെക്കുറിച്ചറിയേണ്ട. കുഞ്ഞിപ്പയുടെ മൊഗ്രാലിനെക്കുറിച്ച് ചോദിക്കേണ്ട. താഹിറയുടേയും ജമീലയുടേയും ശബ്ദരേഖകള്‍ക്ക് മറുപടി പറയേണ്ട. ശ്യാമേച്ചിയുടേയും കുഞ്ഞികൃഷ്‌ണേട്ടന്റെയും ഈരടികള്‍ക്ക് കാതോര്‍ക്കണ്ട. മണിചേച്ചിയുടെയും സുശോഭിനിയുടേയും പാട്ടാസ്വദിക്കണ്ട. സുകുവേട്ടന്റെയും ഷാഹുലിന്റെയും തമാശകള്‍ കേട്ട് ചിരിക്കേണ്ട. കുഞ്ഞിരാമേട്ടന്റെ വൈദ്യ മറിയേണ്ട. ജയേച്ചിയുടേയും ആബിദാന്റെയും അനിലിന്റെയും അംബികയുടേയും ബാലന്റെയും ചന്ദ്രന്റെയും ദിനേശന്റെയും ദിവാകരന്റെയും ഫത്താന്റെയും ആരിഫിന്റെയും ഫിറോസിന്റെയും എന്‍.എ അമീച്ചയുടേയും മയൂര നരേന്ദ്രന്റെയും മൊയ്തീന്‍ നെക്രാജയുടേയും നാസര്‍ചമുണ്ടാങ്കലത്തിന്റെയും രഘുവേട്ടന്റെയും രാജലക്ഷ്മി ടീച്ചറുടേയും പ്രൊഫസര്‍ ആര്‍.കെ.യുടേയും ഫോര്‍ട്ട് റോഡ് ഷാഫിച്ചയുടേയും ഷുക്കൂറിന്റെയും സുരേശിന്റെയും വഹാബ്ച്ചയുടേയും യൂസുഫിന്റെയും സുരേഷ് ബാബുവിന്റെയും ഹമീദ് കടവത്തിന്റെയും ഹാഷിം പുതിയ പുരയുടേയും ഈസിച്ചയുടെയും മറ്റുള്ള എല്ലാവരുടേയും ഇന്‍ബോക്‌സുകളില്‍ വന്ന് സുപ്രഭാതവും ശുഭരാത്രികളും ആശംസിക്കാന്‍ മുങ്ങിയും പൊങ്ങിയും ഇക്കാലഘട്ടങ്ങളില്‍ എത്രയോ മുഖങ്ങള്‍ കണ്ട മാധവന്‍ ഇനി ഉണ്ടാവില്ല.
കോവിഡ് എന്ന ഭീകരന്‍ മാധവന്റെ ജീവനെ ഒരു പുഷ്പത്തെ പറിച്ചെടുക്കുന്ന ലാഘവത്തോടെ കൊണ്ടുപോയി.
മയങ്ങാറുണ്ടായിരുന്നില്ലവനോളം വൈകിയൊരു നക്ഷത്രവും.
ഒരൊറ്റ സൂര്യനും അവനോളം നേരത്തേ പിടഞ്ഞെണീറ്റുമുണ്ടാവില്ല. മരണം ഒരനിവാര്യതയാണ്. എല്ലാവര്‍ക്കും ഒരിക്കല്‍ ഇവിടം വിട്ട് പോകേണ്ടിവരും. അതിന് മുമ്പ് നമുക്ക് ചെയ്യാനുള്ളത് നാമോരോരുത്തരും ഓരോ മാധവനാകുക എന്നത് മാത്രം!

Related Articles
Next Story
Share it