സ്വര്‍ണത്തിളക്കമുണ്ട്, കണ്ണേട്ടന്റെ ജീവിതത്തിന്...
കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ വിളയിച്ചെടുത്ത അപൂര്‍വ്വ ജന്മങ്ങളുടെ സമര്‍പ്പണത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും കഥകള്‍ വായിക്കുമ്പോഴൊക്കെ മനസില്‍ ഓടിയെത്താറുള്ള ആദ്യ മുഖങ്ങളിലൊന്ന് കണ്ണേട്ടന്റേതാണ്. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് പൊന്നൂതിക്കാച്ചി ആകര്‍ഷകമായ ആഭരണങ്ങള്‍ നിര്‍മ്മിച്ച് വളര്‍ന്ന വെറുമൊരു സറാപ്പര്‍ കേരളമാകെ ശ്രദ്ധിക്കപ്പെട്ട സ്വര്‍ണ്ണക്കട മുതലാളിയായി മാറിയത് കഠിനാധ്വാനത്തിന്റെ കനല്‍വഴികള്‍ താണ്ടിയാണ്. 'കണ്ണേട്ടാ...' എന്ന ഒരു വിളിക്കപ്പുറത്ത് പൂ പോലെ വിരിയുന്ന പുഞ്ചിരിയുമായി ഇന്നലെവരെ കെ.വി. കുഞ്ഞിക്കണ്ണന്‍ ഇവിടെയുണ്ടായിരുന്നു. ഇനിയദ്ദേഹത്തിന് നുള്ളിപ്പാടിയിലെ ശാന്തികവാടത്തില്‍ നിത്യ വിശ്രമം. മലര്‍ക്കെ തുറന്ന് വെച്ച് ഓരോ പാഠങ്ങളും […]
കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ വിളയിച്ചെടുത്ത അപൂര്‍വ്വ ജന്മങ്ങളുടെ സമര്‍പ്പണത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും കഥകള്‍ വായിക്കുമ്പോഴൊക്കെ മനസില്‍ ഓടിയെത്താറുള്ള ആദ്യ മുഖങ്ങളിലൊന്ന് കണ്ണേട്ടന്റേതാണ്. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് പൊന്നൂതിക്കാച്ചി ആകര്‍ഷകമായ ആഭരണങ്ങള്‍ നിര്‍മ്മിച്ച് വളര്‍ന്ന വെറുമൊരു സറാപ്പര്‍ കേരളമാകെ ശ്രദ്ധിക്കപ്പെട്ട സ്വര്‍ണ്ണക്കട മുതലാളിയായി മാറിയത് കഠിനാധ്വാനത്തിന്റെ കനല്‍വഴികള്‍ താണ്ടിയാണ്. 'കണ്ണേട്ടാ...' എന്ന ഒരു വിളിക്കപ്പുറത്ത് പൂ പോലെ വിരിയുന്ന പുഞ്ചിരിയുമായി ഇന്നലെവരെ കെ.വി. കുഞ്ഞിക്കണ്ണന്‍ ഇവിടെയുണ്ടായിരുന്നു. ഇനിയദ്ദേഹത്തിന് നുള്ളിപ്പാടിയിലെ ശാന്തികവാടത്തില്‍ നിത്യ വിശ്രമം. മലര്‍ക്കെ തുറന്ന് വെച്ച് ഓരോ പാഠങ്ങളും […]

കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ വിളയിച്ചെടുത്ത അപൂര്‍വ്വ ജന്മങ്ങളുടെ സമര്‍പ്പണത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും കഥകള്‍ വായിക്കുമ്പോഴൊക്കെ മനസില്‍ ഓടിയെത്താറുള്ള ആദ്യ മുഖങ്ങളിലൊന്ന് കണ്ണേട്ടന്റേതാണ്. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് പൊന്നൂതിക്കാച്ചി ആകര്‍ഷകമായ ആഭരണങ്ങള്‍ നിര്‍മ്മിച്ച് വളര്‍ന്ന വെറുമൊരു സറാപ്പര്‍ കേരളമാകെ ശ്രദ്ധിക്കപ്പെട്ട സ്വര്‍ണ്ണക്കട മുതലാളിയായി മാറിയത് കഠിനാധ്വാനത്തിന്റെ കനല്‍വഴികള്‍ താണ്ടിയാണ്. 'കണ്ണേട്ടാ...' എന്ന ഒരു വിളിക്കപ്പുറത്ത് പൂ പോലെ വിരിയുന്ന പുഞ്ചിരിയുമായി ഇന്നലെവരെ കെ.വി. കുഞ്ഞിക്കണ്ണന്‍ ഇവിടെയുണ്ടായിരുന്നു. ഇനിയദ്ദേഹത്തിന് നുള്ളിപ്പാടിയിലെ ശാന്തികവാടത്തില്‍ നിത്യ വിശ്രമം.
മലര്‍ക്കെ തുറന്ന് വെച്ച് ഓരോ പാഠങ്ങളും സസൂക്ഷ്മം പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് കെ.വി. കുഞ്ഞിക്കണ്ണന്റെ ജീവിതം. നീലേശ്വരത്ത് നിന്ന് അഞ്ചുപതിറ്റാണ്ടുകള്‍ക്കപ്പുറത്ത് സഹോദരീ ഭര്‍ത്താവ് ദാമോദരന്റെ ഒപ്പം കാസര്‍കോട്ടെത്തിയ കെ.വി. കുഞ്ഞിക്കണ്ണന്‍ എന്ന കൗമാരക്കാരന്‍ കാസര്‍കോട്ടെ സ്വര്‍ണ വ്യാപാര മേഖലയിലെ അതികായനായി വളര്‍ന്ന കഥ ആ പുസ്തകത്തില്‍ നിന്ന് വായിച്ചെടുക്കാം. അപൂര്‍വ്വം ചില സ്ത്രീകളുടെ ശരീരത്തില്‍മാത്രം സ്വര്‍ണം കണ്ടിരുന്ന ഒരു കാലത്ത് സ്വര്‍ണാഭരണം മുഴുവന്‍ സ്ത്രീകളുടെയും പ്രിയ ആഭരണമാക്കി മാറ്റിയതിന് പിന്നിലെ അധ്വാനത്തിന്റെ കഥ ആ പുസ്തകത്തിലുണ്ട്. നീലേശ്വരത്ത് നിന്ന് സറാപ്പര്‍മാരുടെ വരവ് കാസര്‍കോട്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ രാമനില്‍ നിന്ന് സ്വര്‍ണം ഊതിക്കാച്ചിയെടുക്കുന്നതിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ കുഞ്ഞിക്കണ്ണന്‍ അളിയന്‍ ദാമോദരനോട് ഞാനും വരട്ടെ കാസര്‍കോട്ടേക്ക് എന്ന് തിരക്കി. വന്നോളൂ എന്ന് ദാമോദരന്‍ തലയാട്ടി. കുഞ്ഞിക്കണ്ണന്റെ ആ വരവ് കാസര്‍കോടിന് സ്വര്‍ണശോഭയുടെ തുടക്കമായിരുന്നു. പള്ളം റോഡില്‍ അളിയന്‍ തുടങ്ങിയ കടയില്‍ സറാപ്പറായി ദീര്‍ഘകാലം ജോലി ചെയ്തപ്പോഴേക്കും കുഞ്ഞിക്കണ്ണന്റെ കൈകളിലെത്തുന്ന സ്വര്‍ണത്തിന് അപൂര്‍വ്വ ചാരുത ചാര്‍ത്തപ്പെട്ടിരുന്നു. അക്കാലത്ത് വളരെ കുറഞ്ഞ ആഭരണ നിര്‍മ്മാണകടകള്‍ മാത്രമേ കാസര്‍കോട്ട് ഉണ്ടായിരുന്നുള്ളൂ.
ഉത്തരദേശത്തില്‍ 'ദേശക്കാഴ്ച' എന്ന പംക്തി എഴുതിയിരുന്ന സമയത്ത് കാസര്‍കോട്ടെ ആദ്യത്തെ സ്വര്‍ണക്കടയേതെന്നത് സംബന്ധിച്ച് ഒരു ലേഖനം എഴുതാമോ എന്ന് സുഹൃത്തും പഴയ ബസ്സ്റ്റാന്റ് പരിസരത്തെ അരമന ജ്വല്ലറി പാര്‍ട്ണറുമായ മഹ്‌മൂദ് എന്നോട് തിരക്കുകയുണ്ടായി. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ആദ്യത്തെ സ്വര്‍ണക്കട ആരുടേതാണെന്ന് അന്വേഷിച്ച് യാത്ര തുടങ്ങി. ചെന്നെത്തിയത് കുഞ്ഞിക്കണ്ണേട്ടന്റെ അടുത്താണ്. അദ്ദേഹം കാസര്‍കോട്ടെ സ്വര്‍ണക്കടകളുടെ ഉത്ഭവകഥകളുടെ കെട്ടഴിച്ചുവെച്ചു. റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ കണ്ണാടിപ്പള്ളിക്ക് എതിര്‍വശം പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രകാമത്ത് ആന്റ് സണ്‍സ് ജ്വല്ലറി വര്‍ക്ക്‌സായിരുന്നു കാസര്‍കോട്ടെ ആദ്യത്തെ ജ്വല്ലറി. 1940കളിലാണ് ഈ ജ്വല്ലറി വര്‍ക്‌സ് സ്ഥാപിക്കപ്പെട്ടതെന്നാണ് കരുതുന്നത്. കണ്ണൂരില്‍ നിന്നാണ് രാമചന്ദ്രകാമത്തിന്റെ കുടുംബം കാസര്‍കോട്ടേത്തിയത്. പള്ളം റോഡിലായിരുന്നു താമസം. അദ്ദേഹത്തിന്റെ കാലശേഷം കട നോക്കി നടത്തിയിരുന്ന മകന്‍ കൃഷ്ണ കാമത്ത് അക്കാലത്ത് സ്വര്‍ണാഭരണ നിര്‍മ്മാണ രംഗത്തെ പ്രഗത്ഭനായിരുന്ന കൃഷ്ണ സറാപ്പര്‍ ആയിരുന്നു. കാസര്‍കോട്ട് ജ്വല്ലറി വര്‍ക്‌സിനെ ആദ്യമായി ജ്വല്ലറി ഷോപ്പ് എന്ന തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് കൃഷ്ണ സറാപ്പറുടെ മകന്‍ സി.എസ്. കാമത്താണ്. സി.എസ്. കാമത്ത് ആന്റ് സണ്‍സ് എന്ന പേരിലാണ് കാസര്‍കോട്ടെ ആദ്യത്തെ ജ്വല്ലറി ലൈസന്‍സുള്ളത്.
1966 ലാണ് കെ.വി. കുഞ്ഞിക്കണ്ണന്‍ സഹോദരീ ഭര്‍ത്താവിനൊപ്പം കാസര്‍കോട്ട് എത്തുന്നത്. ദേശക്കാഴ്ചക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ കണ്ണേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ ഒരിക്കല്‍ കൂടി രേഖപ്പെടുത്തുകയാണ്: 'പള്ളം റോഡായിരുന്നു അക്കാലത്ത് സ്വര്‍ണപ്പണിക്കാരുടെ പ്രധാന കേന്ദ്രം. സ്വര്‍ണാഭരണ നിര്‍മ്മാണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച നീലേശ്വരത്തെ സറാപ്പര്‍മാര്‍ കാസര്‍കോട്ടേക്ക് ഒഴുകിയെത്തിയതോടെ സ്വര്‍ണക്കട്ടികള്‍ വിവിധ തരത്തിലുള്ള ആഭരണങ്ങളായി മാറി. അക്കാലത്ത് റെഡിമെയ്ഡ് ആഭരണങ്ങള്‍ ഇല്ലായിരുന്നു. അച്ഛന്‍ രാമന്‍ സറാപ്പറില്‍ നിന്നാണ് ഞാന്‍ ആഭരണ നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. സ്‌കൂള്‍ പഠനം കഴിഞ്ഞ ഉടനെ സഹോദരീ ഭര്‍ത്താവ് ദാമോദരേട്ടനോടൊപ്പം കാസര്‍കോട്ടേക്ക് വരികയായിരുന്നു. അന്ന് സ്വര്‍ണം അപൂര്‍വ്വം ചിലരുടെ മാത്രം സൗഭാഗ്യമായിരുന്നു. മൊത്തം സ്ത്രീകളുടെ പത്തിലൊരു ശതമാനത്തിന്റെ ശരീരത്തിലേ ആഭരണം കാണുകയുള്ളൂ. അവരാണെങ്കില്‍ സമൂഹത്തിലെ വലിയവരായിരുന്നു. അന്ന് ഒരു മാല ചായ്പ്പിച്ചുകിട്ടണമെങ്കില്‍ കുറഞ്ഞത് ഒരു മാസം വേണം. കല്യാണ സമയങ്ങളിലാണ് ആഭരണങ്ങള്‍ ചായ്പ്പിക്കുക. പെണ്‍മക്കളുടെ കല്യാണം അടുക്കുമ്പോള്‍ വീട്ടുകാര്‍ സറാപ്പറെ വന്ന് വിളിപ്പിക്കും. ചെറിയ ത്രാസുള്ള മരപ്പെട്ടിയുമായി ഞങ്ങള്‍ അങ്ങോട്ട് ചെല്ലും. സ്വര്‍ണത്തിന് അന്ന് ചെറിയ വിലയായിരുന്നു. പവന് 2,000 രൂപ പോലും ഉണ്ടായിരുന്നില്ല. ഇന്ന് സ്വര്‍ണം ഒഴിവാക്കാന്‍ ആവാത്ത ഒരു അലങ്കാര വസ്തുവായി മാറി. വിലയും കുത്തനെ ഉയര്‍ന്നു...'-കുഞ്ഞിക്കണ്ണേട്ടന്റെ ഓര്‍മ്മകള്‍ പിന്നോട്ട് പാഞ്ഞപ്പോള്‍ ആ മുഖത്തും സ്വര്‍ണത്തിളക്കം.
നീലേശ്വത്തെ സറാപ്പര്‍മാരുടെ മാത്രം കോളനിയായ 'തട്ടാച്ചേരി'യില്‍ നിന്ന് എന്നും രാവിലെ പാസഞ്ചര്‍ ട്രെയിനില്‍ കാസര്‍കോട്ട് എത്തിയിരുന്ന സറാപ്പര്‍മാര്‍ ഒരു കാലത്ത് വിളയിച്ചെടുത്തിരുന്ന സ്വര്‍ണ ഭംഗിക്ക് മാറ്റ് വെയ്ക്കാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. കഠിനമായ പ്രയത്‌നവും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതുമാണ് കുഞ്ഞിക്കണ്ണേട്ടന്റെ വിജയത്തിളക്കത്തിന്റെ ഒരു പ്രധാന കാരണം. കാസര്‍കോട്ട് പിന്നീട് നിരവധി ജ്വല്ലറികള്‍ ഉയര്‍ന്നു വന്നുവെങ്കിലും കുഞ്ഞിക്കണ്ണേട്ടന്‍ നാലു പതിറ്റാണ്ട്് മുമ്പ് ആരംഭിച്ച ബിന്ദു ജ്വല്ലറി കാസര്‍കോട്ടെ ജ്വല്ലറി സ്ഥാപനങ്ങളുടെ വളര്‍ച്ചയുടെ ബിന്ദുവായി ഇന്നും അടയാളപ്പെടുത്തപ്പെടുന്നു. പള്ളം റോഡിലെ ഒറ്റമുറിയില്‍ അളിയനോടൊപ്പം പൊന്നൂതിക്കാച്ചിയ പഴയകാലത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹം ഒരിക്കലും മറന്നിരുന്നില്ല. ഇരുട്ട് മൂടിയ ആ മുറിയിലെ തീച്ചൂളയില്‍ വിയര്‍ത്തുകുളിച്ച് അവിടെ നിന്ന് കൊരുത്തെടുത്ത ജീവിതത്തിന്റെ സൗഭാഗ്യങ്ങളാണ് അദ്ദേഹം പിന്നീട് അനുഭവിച്ചത്. കാസര്‍കോട്ട് ജ്വല്ലറി ഷോപ്പുകള്‍ക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കിയത് കുഞ്ഞിക്കണ്ണേട്ടനാണ്. ജ്വല്ലറി എന്നാല്‍ കാസര്‍കോട്ടുകാര്‍ക്ക് ഒരുകാലത്തത് കുഞ്ഞിക്കണ്ണേട്ടന്‍ എന്ന നാമം തന്നെയായിരുന്നു. ക്ഷോഭമെന്ന വികാരം കുഞ്ഞിക്കണ്ണേട്ടന് അന്യമായിരുന്നു. സൗമ്യവും മാന്യമായ പെരുമാറ്റവും കൊണ്ട് അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്നിരുന്നു.
മൂന്ന് മക്കളെ ഡോക്ടര്‍മാരാക്കി. ബിന്ദു ജ്വല്ലറി നോക്കി നടത്തുന്ന മകന്‍ കെ.വി അഭിലാഷും ദന്തഡോക്ടറായ കെ.വി അജിതേഷും സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമാണ്. അഭിലാഷ് ജെ.സി.ഐ. കാസര്‍കോടിന്റെ പ്രസിഡണ്ട് സ്ഥാനത്ത് ഇരുന്ന കാലം കാസര്‍കോടിന് സേവനങ്ങളുടെ കാലമായിരുന്നു.
ലയണ്‍സ് ക്ലബ്ബ് കാസര്‍കോടിന്റെ ഭാരവാഹിയായി അജിതേഷും സേവനരംഗത്ത് കയ്യൊപ്പ് ചാര്‍ത്തുന്നു.
കാസര്‍കോട്ടെ സ്വര്‍ണ-വെള്ളി ആഭരണ കടക്കാരെ ഒരു കുടക്കീഴില്‍ അണി നിരത്തുന്നതിലും കണ്ണേട്ടന്‍ വിജയിച്ചു. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കാസര്‍കോട്ടെ സ്ഥാപക നേതാവും പ്രഥമ പ്രസിഡണ്ടും അദ്ദേഹമാണ്. വ്യാപാരി കൂട്ടായ്മയുടെ അമരത്തും കണ്ണേട്ടന്‍ സ്വര്‍ണത്തിളക്കം ചാര്‍ത്തി. അസോസിയേഷന്റെ പ്രയാണ വഴിയില്‍ ഒരു വിളക്ക് മരമായി പ്രകാശിച്ചു നിന്ന കണ്ണേട്ടന്‍ സംഘടനയുടെ രക്ഷാധികാരിയായിരുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാസര്‍കോട് യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു കുഞ്ഞിക്കണ്ണന്‍. മക്കളെ മികച്ച വിദ്യാഭ്യാസം നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
കണ്ണേട്ടന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു പിടി കണ്ണീര്‍പ്പൂക്കള്‍...