പ്രിയപ്പെട്ട ജൗഹര്‍ നിനക്ക് പെട്ടെന്ന് പോകാനുണ്ടെന്ന് പറഞ്ഞത് ഇതായിരുന്നോ?

കഴിഞ്ഞ ദിവസം രാത്രി ഇന്റീരിയര്‍ ഡിസൈനിംഗ് അധ്യാപകന്‍ അന്‍സ്വബ് റോസയുടെ തുരുതുരെയുള്ള മെസേജ് കണ്ടപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം വിറങ്ങലിച്ചുപോയി. കാരണം, ഡ്രീം സോണ്‍ വിദ്യാര്‍ത്ഥി ജൗഹര്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു എന്ന ദുഃഖകരമായ കാര്യമായിരുന്നു അന്‍സ്വബ് റോസാക്ക് എന്നെ അറിയിക്കാനുണ്ടായിരുന്നത്. കാസര്‍കോട് കാഡ് സെന്ററിലും ഡ്രീം സോണിലുമായി 13 വര്‍ഷമായി ജോലി ചെയ്യുന്ന എന്റെ കരിയറിനിടക്ക് ആദ്യമായിട്ടാണ് ഒരു വിദ്യാര്‍ത്ഥിയുടെ മരണം തേടിയെത്തുന്നത്. അതും ഞാനുമായി ഏറ്റവും നല്ല സ്‌നേഹ ബന്ധം കാണിച്ച പ്രിയപ്പെട്ട […]

കഴിഞ്ഞ ദിവസം രാത്രി ഇന്റീരിയര്‍ ഡിസൈനിംഗ് അധ്യാപകന്‍ അന്‍സ്വബ് റോസയുടെ തുരുതുരെയുള്ള മെസേജ് കണ്ടപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം വിറങ്ങലിച്ചുപോയി. കാരണം, ഡ്രീം സോണ്‍ വിദ്യാര്‍ത്ഥി ജൗഹര്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു എന്ന ദുഃഖകരമായ കാര്യമായിരുന്നു അന്‍സ്വബ് റോസാക്ക് എന്നെ അറിയിക്കാനുണ്ടായിരുന്നത്.
കാസര്‍കോട് കാഡ് സെന്ററിലും ഡ്രീം സോണിലുമായി 13 വര്‍ഷമായി ജോലി ചെയ്യുന്ന എന്റെ കരിയറിനിടക്ക് ആദ്യമായിട്ടാണ് ഒരു വിദ്യാര്‍ത്ഥിയുടെ മരണം തേടിയെത്തുന്നത്. അതും ഞാനുമായി ഏറ്റവും നല്ല സ്‌നേഹ ബന്ധം കാണിച്ച പ്രിയപ്പെട്ട ജൗഹര്‍, 2019 സെപ്റ്റംബര്‍ മുതലാണ് ജൗഹറിനെ ഡ്രീം സോണില്‍ പരിചയപ്പെടുന്നത്, ജൗഹര്‍ 2019 ഏപ്രില്‍ മുതല്‍ അവിടെ പഠിക്കുന്നുണ്ടെങ്കിലും ആ സമയത്ത് ഞാന്‍ കാഞ്ഞങ്ങാട് കാഡ് സെന്ററിലായിരുന്നു, എല്ലാ കാര്യത്തിലും ആക്റ്റിവുള്ള വിദ്യാര്‍ത്ഥി, ഡ്രീം സോണിനകത്ത് വലിയൊരു സൗഹൃദ വലയം ജൗഹറിനുണ്ടായിരുന്നു. കോവിഡ് 19 മഹാമാരി ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സ് പൂര്‍ത്തീകരിച്ച് ഡിസൈനറായി ജോലി ചെയ്യേണ്ട ആളായിരുന്നു ജൗഹര്‍, 2020 ഫെബ്രുവരി 14ന് തുരുത്തിയിലെ പുതുക്കി പണിത പള്ളിയുടെ ഉദ്ഘാടന പരിപാടിക്ക് ജൗഹര്‍ പിതാവ് മുഹമ്മദ് ഹനീഫ ഉസ്താദിന് ഒന്നിച്ച് നാട്ടില്‍ വന്നിരുന്നു. അപ്പോഴാണറിഞ്ഞത് ഹനീഫ ഉസ്താദ് പഠിച്ചത് തുരുത്തിയിലാണെന്നും ഞങ്ങളുടെ ഖത്വീബ് ടി.കെ അഹമ്മദ് ഫൈസി ഉസ്താദിന്റെ ശിഷ്യനുമാണെന്ന്. അന്ന് വൈകുന്നേരം മുതല്‍ രാത്രി വരെ ജൗഹറും പിതാവും നാട്ടിലുണ്ടായിരുന്നു. അങ്ങനെ ജൗഹറുമായുള്ള സ്‌നേഹ ബന്ധം ഒന്നുകൂടി വര്‍ധിച്ചു. 2020 മാര്‍ച്ച് 11 മുതല്‍ ലോക്ഡൗണായി നീണ്ട 6 മാസങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബറില്‍ ഡ്രീം സോണ്‍ തുറന്നു. വീണ്ടും പതുക്കെ പതുക്കെ സജീവമായി 2021ന്റെ പുതുവര്‍ഷം ആഘോഷിക്കാന്‍ 2020 ഡിസംബര്‍ 31ന് ഡ്രീം സോണില്‍ സംഘടിപ്പിച്ച കള്‍ച്ചറല്‍ പരിപാടിയിലാണ് ജൗഹര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളോട് കൂടുതലായി അടുക്കുന്നത്. അന്ന് രാത്രി മറ്റൊരു വിദ്യാര്‍ത്ഥിയുടെ പെങ്ങളുടെ കല്യാണത്തിന് ഞങ്ങള്‍ ഒരുമിച്ചാണ് പോയത്, രാത്രി കല്യാണം കൂടി ഒന്നിച്ചു ഫോട്ടോയൊക്കെ എടുത്താണ് മടങ്ങിയത്. ശേഷം ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ജൗഹറിന്റെ ഉപ്പ എന്നെ വിളിച്ച് ജൗഹര്‍ ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല ഡ്രീം സോണില്‍ പരിപാടി കഴിഞ്ഞില്ലേ എന്ന് ചോദിച്ചു. പിന്നീട് ഞാന്‍ അദ്ദേഹത്തെ കല്ല്യാണത്തിന് പോയ കാര്യം പറഞ്ഞ് മനസ്സിലാക്കി. ജൗഹര്‍ ഒരിക്കല്‍ എന്റെ അടുത്ത് വന്ന് കുറേ സംസാരിച്ചു. അവന്റെ ലൈഫ് സ്‌റ്റൈലിനെ കുറിച്ചായിരുന്നു അധികവും. അതായത് തന്റെ പിതാവിന് താനൊരു മത പണ്ഡിതനായി കാണാനായിരുന്നു ആഗ്രഹമെന്നും പക്ഷേ എനിക്കത് സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഉപ്പാക്ക് എന്നോട് ചെറിയ ദേഷ്യമുണ്ടെന്നുമൊക്കെ പറഞ്ഞ് സങ്കടപ്പെട്ടിരുന്നു. മാത്രമല്ല, ഒരു വിദ്യാര്‍ത്ഥി എന്ന നിലക്ക് ചിലപ്പോഴൊക്കെ ചില കാര്യങ്ങളില്‍ ജൗഹറിനോട് ഞാന്‍ ദേഷ്യപ്പെട്ടിരുന്നു, പിന്നീട് എല്ലാം പറഞ്ഞ് ശരിയാക്കും. അതൊക്കെ ഒരിക്കലും വ്യക്തിപരമായിരുന്നില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളോടുള്ള അച്ചടക്കത്തിന്റെ ഭാഗമായിരുന്നു. പഠിച്ച് പെട്ടെന്ന് ജോലി നേടണമെന്ന് അതിയായി ആഗ്രഹിച്ചവനായിരുന്നു ജൗഹര്‍. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ ഡ്രീം സോണ്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ മുഖ്യ സംഘാടകനായിരുന്നു ജൗഹര്‍. 2021 ഏപ്രിലില്‍ കോവിഡ് രണ്ടാം തരംഗം ഉണ്ടാകുന്നത് വരെ കൃത്യമായി ക്ലാസില്‍ വന്നിരുന്നു ജൗഹര്‍. വീണ്ടും ലോക് ഡൗണായതോടുകൂടി പരസ്പരം കാണാതെയായി. രണ്ടാഴ്ച മുമ്പ് ജൗഹര്‍ ഡ്രീം സോണില്‍ വന്നിരുന്നു. നടത്തത്തിന് ചെറിയ മുടന്തുള്ളത് കൊണ്ട് ഞാന്‍ എന്തു പറ്റി എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു കാര്‍ ആക്‌സിഡണ്ടായി വീട്ടിലായിരുന്നു. കൈക്കും, നടുവിനുമൊക്കെ പരിക്കുണ്ടെന്ന്.
അന്ന് എന്നോട് പറഞ്ഞു; സര്‍ എനിക്ക് പെട്ടെന്ന് കോഴ്‌സ് തീര്‍ക്കണം, എനിക്ക് ഇവിടെന്ന് പെട്ടെന്ന് പോകണം എന്നെ ഒന്ന് വിടു സര്‍ എന്ന്, ഇങ്ങനെ പോകാനായിരുന്നോ ജൗഹര്‍ നീ എന്നോട് തിടുക്കം പറഞ്ഞത്? നിന്റെ ചിരിക്കുന്ന, ദേഷ്യപ്പെടുന്ന, ആ മുഖം ഇനി കാണില്ലല്ലോ, മാത്രമല്ല ഇനി തുടങ്ങാനിരിക്കുന്ന ഇന്റീരിയര്‍ ഡിസൈനിന്റെ ബാച്ചിലേക്ക് നാട്ടുക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ ജൗഹര്‍ റഫര്‍ ചെയ്തിരുന്നു. അതിന്റെ കാര്യവും എന്നോട് പറഞ്ഞു. ഇനി ഈ പരിക്കൊക്കെ ഒന്ന് മാറിയിട്ട് വരാം സാര്‍, അന്ന് എനിക്ക് പെട്ടെന്ന് ക്ലാസ് തീര്‍ത്തു തരണം എന്ന് ആവര്‍ത്തിച്ച് കൊണ്ടായിരുന്നു അവന്‍ ഡ്രീം സോണ്‍ വിട്ടു പോയത്.
ഇല്ല ജൗഹര്‍ നിന്നെ മറക്കാനാവുന്നില്ല. നീ ഇനി ഡ്രീം സോണില്‍ വരില്ല എന്നറിയാം എന്നാലും നിന്റെ ഓര്‍മ്മകള്‍ എന്നും ഡ്രീം സോണില്‍ നിലനില്‍ക്കും, നിന്റെ ഈ വിടവാങ്ങല്‍ വല്ലാത്തൊരു വേദനയാണ് സമ്മാനിച്ചത്. പ്രിയപ്പെട്ട ജൗഹറിന്റെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാകട്ടെ. പാപങ്ങള്‍ പൊറുത്തു കൊടുക്കട്ടെ...ആ കുടുംബത്തിന് സമാധാനം നല്‍കട്ടെ ആമീന്‍...

Related Articles
Next Story
Share it