ജദീദ് റോഡിന്റെ മറ്റൊരു വിളക്കുകൂടി അണഞ്ഞു

തളങ്കര ജദീദ് റോഡിന് ഇരട്ട പ്രഹരമായി ത്രീ സ്റ്റാര്‍ അന്തായിച്ച എന്ന ഇ. അബ്ദുല്ലയും യാത്രയായി. പീടേക്കാരന്‍ അക്കൂച്ച എന്ന പി. അബൂബക്കര്‍ ഈ ലോകത്തോട് വിട പറഞ്ഞത് മിനിഞ്ഞാന്ന് ചൊവ്വാഴ്ച രാത്രിയാണ്. അന്തച്ചയും അക്കൂച്ചയും തമ്മിലുള്ള ഹൃദയംഗമമായ സൗഹൃദം ജദീദ് റോഡ് ആവോളം അനുഭവിച്ചതാണ്. രണ്ടു പേരും ആത്മമിത്രങ്ങള്‍. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിലൂടെ കൈവന്ന ആത്മബന്ധമാണത്. രണ്ടുപേരും ഏതാണ്ട് സമ പ്രായക്കാര്‍. ഒരാള്‍ ജദീദ് റോഡ് പള്ളിയുടെ തൊട്ടപ്പുറത്തും മറ്റെയാള്‍ പള്ളിയുടെ തൊട്ടിപ്പുറത്തും താമസം. അന്തായിച്ച […]

തളങ്കര ജദീദ് റോഡിന് ഇരട്ട പ്രഹരമായി ത്രീ സ്റ്റാര്‍ അന്തായിച്ച എന്ന ഇ. അബ്ദുല്ലയും യാത്രയായി. പീടേക്കാരന്‍ അക്കൂച്ച എന്ന പി. അബൂബക്കര്‍ ഈ ലോകത്തോട് വിട പറഞ്ഞത് മിനിഞ്ഞാന്ന് ചൊവ്വാഴ്ച രാത്രിയാണ്. അന്തച്ചയും അക്കൂച്ചയും തമ്മിലുള്ള ഹൃദയംഗമമായ സൗഹൃദം ജദീദ് റോഡ് ആവോളം അനുഭവിച്ചതാണ്. രണ്ടു പേരും ആത്മമിത്രങ്ങള്‍. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിലൂടെ കൈവന്ന ആത്മബന്ധമാണത്. രണ്ടുപേരും ഏതാണ്ട് സമ പ്രായക്കാര്‍. ഒരാള്‍ ജദീദ് റോഡ് പള്ളിയുടെ തൊട്ടപ്പുറത്തും മറ്റെയാള്‍ പള്ളിയുടെ തൊട്ടിപ്പുറത്തും താമസം. അന്തായിച്ച പള്ളികമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടാണെങ്കില്‍ പി.അബൂബക്കര്‍ ഖജാഞ്ചി... എന്നും അഞ്ചുനേര പ്രാര്‍ത്ഥനാ വേളകളില്‍ ഇരുവരും കണ്ടുമുട്ടും. കുശലം പറയും. തമാശപറഞ്ഞ് ചിരിക്കും. അന്തച്ചയാണെങ്കില്‍ മിതഭാഷിയാണ്.
ആ കൂട്ടുകാര്‍ രണ്ടുപേരും അസുഖ ബാധിതരായി ഏതാണ്ട് ഒരേ നേരത്ത് ആസ്പത്രിയിലാവുന്നു. ത്രീസ്റ്റാര്‍ അബ്ദുല്ല കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി അസുഖം ഭേദപ്പെട്ട് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. അപ്പോഴേക്കും പ്രിയ കൂട്ടുകാരന്‍ പി. അബൂബക്കര്‍ രോഗം മൂര്‍ച്ഛിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അക്കുവിന് അസുഖം ഭേദമായോ എന്ന് ത്രീസ്റ്റാര്‍ അബ്ദുല്ല ഇടക്കിടെ മകന്‍ റഫീഖിനോട് തിരക്കുന്നുണ്ടായിരുന്നു.
സമാനതകള്‍ മക്കളുടെ കാര്യത്തിലുമുണ്ട്. റഫീഖും പി.അബൂബക്കറിന്റെ മകന്‍ മിയാദും സമ പ്രായക്കാര്‍, മദ്രസയില്‍ ഒരേ ക്ലാസുകാര്‍, ആത്മമിത്രങ്ങള്‍...
പി. അബൂബക്കര്‍ മംഗളൂരുവിലെ ആസ്പത്രിയിലായതിന് തൊട്ടു പിന്നാലെ ത്രീ സ്റ്റാര്‍ അബ്ദുല്ലയും വീണ്ടും രോഗം കലശലായി അതേ ആസ്പത്രിയില്‍ എത്തുന്നു. ഇണപിരിയാത്ത കൂട്ടുകാരെ അല്ലാഹു എല്ലായിടത്തും ഒന്നിപ്പിക്കുകയാണ്. രണ്ടു പേര്‍ക്കും അസുഖം ഇടക്ക് ഭേദപ്പെടുകയും വീണ്ടും മൂര്‍ച്ഛിക്കുകയും ചെയ്തു കൊണ്ടിരുന്നു. കുറേ നാളായി ജദീദ് റോഡ് ഒന്നടങ്കം ഇരുവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനയിലായിരുന്നു. വായനശാലയിലും ജദീദ് റോഡ് പള്ളിയിലും നിരന്തരം പ്രാര്‍ത്ഥനകള്‍... രണ്ടുപേരും ജദീദ് റോഡിന്റെ നന്മ വിളക്കുകള്‍. നാടിന്റെ സകല കാര്യങ്ങള്‍ക്കും നായകത്വം വഹിക്കുന്നവര്‍. എല്ലാ കാര്യങ്ങളിലും മുന്നില്‍ നിന്ന് ജദീദ്റോഡിനെ നയിക്കുന്നവര്‍. ജദീദ് റോഡിന്റെ മത-വിദ്യാഭ്യാസ- സാംസ്‌കാരിക-കായിക രംഗങ്ങളിലെല്ലാം രണ്ടുപേരും മുന്നിലുണ്ടാവും.

പക്ഷെ,,,
പ്രാര്‍ത്ഥനകളെയെല്ലാം വിഫലമാക്കി ചൊവ്വാഴ്ച രാത്രി ആദ്യം പി. അബൂബക്കറാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ത്രീസ്റ്റാര്‍ അബ്ദുല്ലയുടെ ആരോഗ്യ സ്ഥിതി മാറി മറിഞ്ഞു കൊണ്ടിരുന്നു. ഇന്നു രാവിലെ പി.കെ. സത്താര്‍ വിളിച്ചാണ് പറഞ്ഞത്, അന്തായിച്ചക്ക് അസുഖം കൂടുതലാണെന്നും ഐ.സി.യു.വില്‍ നിന്ന് റൂമിലേക്ക് മാറ്റുകയാണെന്നും. ഉടന്‍ മകന്‍ റഫീഖിനെ വിളിച്ചു. അവന്‍ ഫോണെടുത്തില്ല. ഉപ്പയെ റൂമിലേക്ക് മാറ്റുന്ന തിരക്കിലായിരിക്കും എന്ന് കരുതി. എത്രയും പെട്ടെന്ന് മംഗലാപുരത്തെ ആസ്പത്രിയില്‍ എത്തണമെന്ന് മനസ് മന്ത്രിച്ചു. സമയം 11.30. ലീഡ് ന്യൂസ് കൊടുത്തു കഴിഞ്ഞാല്‍ ഞാന്‍ ഫ്രീയാവും. സുഹൃത്തുക്കളായ ഇക്ബാല്‍ കൊട്ട്യാടിയെയും ഇബ്രാഹിം ബാങ്കോടിനെയും വിളിച്ച് കാറുമായി വരാന്‍ പറഞ്ഞു. അപ്പോഴേക്കും ളുഹര്‍ നിസ്‌കരിച്ച ഉടന്‍ എത്താമെന്ന് ഇക്ബാലും ഇബ്രാഹിമും അറിയിച്ചു.

പെട്ടെന്നാണ് മംഗലാപുരത്ത് നിന്ന് റഫീഖിന്റെ ഫോണ്‍ കോള്‍ വന്നത്. ഉപ്പയ്ക്ക് എങ്ങനെയുണ്ടെന്ന് അങ്ങോട്ട് തിരക്കും മുമ്പേ ഇടറിയ വാക്കുകളില്‍ റഫീഖ് ആ നടുക്കുന്ന വിവരം പറഞ്ഞു കഴിഞ്ഞിരുന്നു; 'ഷാഫി ഭായ്...ഉപ്പ മരിച്ചു പോയി... ഉപ്പയുടെ മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക.'

ജദീദ് റോഡിന്റെ മറ്റൊരു പ്രകാശം കൂടി അണഞ്ഞു. ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല, അക്കൂച്ചയും അന്തായിച്ചയും ഇല്ലാത്ത ജദീദ് റോഡിന്റെ ഭാവി എന്തായിരിക്കുമെന്ന്. ഇനി ഞങ്ങളെ ആരാണ് കൈപിടിച്ച് മുന്നോട്ട് നയിക്കുക...

ആര്‍ക്കും ശല്യമാവാതെ, ആരെയും ദ്രോഹിക്കാതെ ജീവിച്ച ഒരു നാട്... ആ നാടിന്റെ വഴിവിളക്കായി നിന്ന രണ്ട് പ്രകാശ ഗോപുരങ്ങള്‍... ആ രണ്ടു പ്രകാശവും ഒന്നിച്ച് കെട്ടു പോകുമ്പോഴുള്ള അന്ധതയുണ്ടല്ലോ, അത് സഹിക്കാനാവുന്നില്ല റബ്ബേ...
ഞങ്ങള്‍ കൂരിരുട്ടിലാണിപ്പോള്‍... കൊടും ശൂന്യതയില്‍...

അല്ലാഹുവെ, ആ രണ്ട് ജീവനുകള്‍ കുറച്ചു കാലം കൂടി ഞങ്ങളോടൊപ്പം ഉണ്ടാവണമെന്ന് ഞങ്ങള്‍ വല്ലാണ്ട് ആഗ്രഹിച്ചു പോയിരുന്നു. രണ്ടു പേരെയും നിന്റെ സന്നിധിയിലേക്ക് വിളിച്ചു. ഇരുവര്‍ക്കും സ്വര്‍ഗം നല്‍കി അനുഗ്രഹിക്കേണമേ റബ്ബേ... ഞങ്ങളുടെ തേട്ടം നീ കേള്‍ക്കണേ അല്ലാഹ്...

Related Articles
Next Story
Share it