ആവേശവും ആകാംക്ഷയും ഏറെയുണ്ടായിരുന്നു. കണ് നിറയെ ലോകം കാണാന്‍ പോവുകയാണ്. ലോകത്തിന്റെ സകലദിക്കുകളില്‍ നിന്നുമെത്തിയ ലക്ഷോപലക്ഷം പേരില്‍ ഒരാളായി അലിഞ്ഞുചേര്‍ന്ന് ഞാനും കുടുംബവും രണ്ടു കൂട്ടുകാരും ദുബായ് എക്സ്പോയിലാണ്. സമയം 11 മണി ആയിട്ടും വെയിലിന്റെ കാഠിന്യം ഒട്ടുമില്ല. ചുട്ടുപൊള്ളാറുള്ള ഗള്‍ഫില്‍ നല്ല കാലാവസ്ഥയാണിപ്പോള്‍.
കൂട്ടുകാരന് സമീര്‍ ചെങ്കളം ഞങ്ങളെ എക്സ്പോ നഗരിയിലേക്കുള്ള പ്രധാനപാതയില്‍ ഇറക്കി വിഷ് ചെയ്തു.
‘അടിച്ചപൊളിക്ക്. നിങ്ങള്‍ ലോക വിസ്മയമാണ് കാണാന്‍ പോകുന്നത്. കണ്ടാലും കണ്ടാലും തീരാത്ത അത്ഭുതമാണത്. അര്ദ്ധരാത്രിയാകുമ്പോഴേക്കും ഞാനെത്താം…’
‘അര്‍ദ്ധരാത്രിയോ… അതുവരെ…?
വെട്ടിയിട്ട പോലുള്ള എന്റെ ചോദ്യം കേട്ട് സമീര്‍ ചിരിച്ചു; ‘അര്‍ദ്ധരാത്രിയായാലും കണ്ടുതീരില്ല. അത്രയ്ക്കുണ്ട് ആ കാഴ്ചകള്‍. ഒന്നുകയറി നോക്ക്…’
മുന്നില്‍ കുറേ ബസുകളുണ്ട്. പ്രധാന കവാടത്തിനരികിലേക്ക് പോവാനായി ഞങ്ങള്‍ മുന്നിലെ ബസില്‍ തന്നെ കയറി. അവിടന്ന് രണ്ടുമിനിട്ട് സഞ്ചരിച്ചാല്‍ മതി എക്സ്പോ കവാടത്തിന് മുന്നിലെത്താന്‍. ഇറങ്ങാന്‍ നേരത്ത് ടിക്കറ്റ് ചാര്‍ജ് നീട്ടിയപ്പോള്‍ ചിരിച്ചുകൊണ്ട് ഡ്രൈവര്‍ കൈകൂപ്പി. സൗജന്യമാണ് ബസ് സര്‍വീസ്. എന്റെ വിരലില്‍ തൂങ്ങുകയായിരുന്ന ഇളയ മകള്‍ ഹാജറ സഫയ്ക്ക് ഡ്രൈവര്‍ ഒരു ചോക്ലേറ്റ് നീട്ടി.
അത്ഭുതങ്ങളുടെ ലോകത്തേക്കുള്ള കവാടത്തിലാണ് ഞങ്ങളിപ്പോള്‍. എക്സ്പോ 2020 എന്നെഴുതിയ മനോഹരമായ കൂറ്റാന്‍ കവാടത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാനുള്ള നല്ല തിരിക്കുണ്ട്. 2022 ആയിട്ടും എക്സ്പോയ്ക്ക് എന്തേ 2020 എന്ന പേരെന്ന് ചിന്തിച്ചേക്കാം. 2020ല്‍ തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് ഒരു വര്‍ഷം കവര്‍ന്നെടുത്തു. 2021 ഒക്ടോബര്‍ ഒന്നിനാണ് തുടക്കം കുറിച്ചത്. ആറ് മാസം നീണ്ടുനില്‍ക്കുന്ന അത്ഭുതങ്ങളുടെ ഈ വിസ്മയ കാഴ്ച അവസാനിക്കാന്‍ ഇനി കൃത്യം ഒരുമാസം മാത്രം. മാര്‍ച്ച് 31ന് തിരശ്ശീല വീഴും.
തിരക്കൊഴിയാനായി ഞങ്ങള്‍ കാത്തിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇബ്രാഹിം ബാങ്കോട് സ്കൂട്ടറില്‍ കയറി ഇരിക്കുന്നത് പോലെ ഓടിച്ചെന്ന് ഇരുവശങ്ങളിലും കാലുകളിട്ട് EXPO യുടെ X ല്‍ കയറി ഇരുന്നു. ചിരിപടര്‍ത്തിയെങ്കിലും നല്ല പോസാണ്. കെ.എം ഹാരിസിന്റെ ക്യാമറക്ക് ആ കാഴ്ച കോളായി. ഹാരിസ് ക്യാമറ നിറയെ അത് ഒപ്പിയെടുത്തു. പിന്നീട് വന്നവരെല്ലാം എക്സില്‍ തൂങ്ങിതന്നെയായി ഫോട്ടോ പിടിത്തം. ഇബ്രാഹിം കോളര്‍ പൊക്കി; ‘എല്ലാവരും എന്നെ ഫോളോ ചെയ്യുന്നുണ്ട് കണ്ടോ…’
ടിക്കറ്റ് ഓണ്‍ലൈനില്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നതിനാല്‍ കൗണ്ടറിന് മുന്നിലെ വലിയ ക്യൂവില്‍ നില്‍ക്കേണ്ടിവന്നില്ല ഞങ്ങള്‍ക്ക്. കോവിഡ് പതുക്കെ പടിയിറങ്ങിതുടങ്ങിയതോടെ എക്സ്പോ നഗരിയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് ഏറിവരികയാണ്. ടിക്കറ്റ് മാത്രം പോര. വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കൂടി വേണം. കറുത്ത യൂണിഫോമിട്ട നല്ല പൊക്കമുള്ള സെക്യൂരിറ്റി ജീവനക്കാരന് എല്ലാം കൃത്യമായി പരിശോധിക്കുന്നുണ്ട്.
ഞങ്ങള്‍ വിസ്മയങ്ങളുടെ മഹാകാഴ്ചകളിലേക്ക് കാലുകുത്തുകയാണ്.
1080 ഏക്കര്‍ സ്ഥലത്ത് 192 രാജ്യങ്ങളുടെ പവലിയനുകള്‍. പവലിയന് എന്ന് കേള്‍ക്കുമ്പോള്‍ നാട്ടിലെ എക്സ്പോ വേദികളില്‍ സാധാരണ കാണാറുള്ള സ്റ്റാളുകള്‍ പോലുള്ളവ എന്ന് കരുതിയാല്‍ തെറ്റി. ഒരോ പവലിയനും ഓരോ അത്ഭുതമാണ്. നാലും അഞ്ചും നിലകളൊക്കെയുള്ള ബഹുനില കെട്ടിടങ്ങള്‍. അവയുടെ നിര്‍മ്മിതി അക്ഷരാര്‍ത്ഥത്തില്‍ തന്നെ അത്ഭുതപ്പെടുത്തുന്നതരത്തിലാണ്. ഏതൊക്കെ രൂപത്തില്‍, എത്രമാത്രം ഭംഗിയിലാണ് ഓരോ പവലിയനുകളും നിര്‍മ്മിച്ചിരിക്കുന്നത്! വ്യത്യസ്തമായിട്ടുള്ള നിര്‍മ്മാണ രീതി. ഇഷ്ടികയും ഹോളോബ്രിക്സും കൊണ്ടുള്ളവയല്ല, പൈപ്പുകളും വലിയ വയറുകളും അടക്കം പലതും ഉപയോഗിച്ചുള്ള, വളഞ്ഞുംപുളഞ്ഞും കമിഴ്ന്നുമൊക്കെയുള്ള പുതിയ നിര്‍മ്മാണ രീതി. അവയുടെ പുറംകാഴ്ചതന്നെ കണ്‍കുളിര്‍മ പകരുന്നതാണ്. നടന്നുനീങ്ങുന്ന വഴികള്‍ മനോഹരമായി സംവിധാനിച്ചിരിക്കുന്നു. മനോഹരമായ നടപ്പാതകള്‍, എല്ലാവഴിയിലും മേല്കൂരയാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുള്ള തണല്‍ സംവിധധാനങ്ങളും. വശങ്ങളില് നിറയെ പൂക്കളങ്ങളുമുണ്ട്.
മൂന്ന് വിഭാഗങ്ങളിലായി എക്സ്പോ നഗരിയെ വേര്‍തിരിച്ചിട്ടുണ്ട്. ഓപ്പര്‍ച്യൂണിറ്റി, മൊബൈലിറ്റി, സബ്സ്റ്റൈനിബിലിറ്റി എന്നിങ്ങനെ. ഞങ്ങള്‍ ഓപ്പര്‍ച്യൂണിറ്റി ഡിസ്ട്രിക്ടിലേക്കാണ് ആദ്യം കടന്നത്. ഇന്ത്യയുടെ പവലിയന് ഈ വിഭാഗത്തിലാണ്. കോടികള്‍ ചെലവഴിച്ചാണ് ഓരോ പവലിയനും ഒരുക്കിയിട്ടുള്ളത്.
ഓപ്പര്‍ച്യൂണിറ്റി പ്രതീക്ഷയുടെ കവാടമാണ്. മുന്നില്‍ ആദ്യം കണ്ടത് ബഹ്റൈനിന്റെ ബഹുനില പവലിയന്. വിസ്മയങ്ങളുടെ അത്യപൂര്‍വ്വ വിരുന്നാണ് ഓരോ പവലിയനും. എല്ലാം ഒന്നിനൊന്ന് വിഭിന്നം. എത്രമാത്രം ആകര്‍ഷകമാക്കാം അത്രമാത്രം ആകര്ഷകമാക്കിയിട്ടുണ്ട്. അതാത് രാജ്യങ്ങള്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ ഖ്യാതിയും പ്രൗഢിയും പവലിയന്റെ നിര്‍മ്മാണ ഭംഗിതൊട്ട് അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തം.
ഗുഹ പോലുള്ള ഒരു വഴിയിലൂടെ ഞങ്ങള്‍ ബഹ്റൈനിലേക്ക് ‘കടന്നു’. കൈകൊണ്ട് നെയ്തെടുത്ത കൂറ്റന്‍ തുണി നീട്ടിക്കെട്ടിയ ഹാളിലേക്കാണ് ആദ്യം കടന്നത്. കന്തൂറയിട്ട അറബികള്‍ അറബിയിലും ഇംഗ്ലീഷിലും ഞങ്ങള്‍ക്ക് ഓരോ കാഴ്ചകളെ വിവരിച്ചുതന്നു. ബഹ്റൈന്റെ പ്രൗഡി കണ്‍കുളിര്‍ക്കെ ആസ്വദിച്ച് പുറത്തിറങ്ങിയപ്പോഴാണ് സമീറിന്റെ ഫോണ്‍കോള്‍.
‘പാസ്പോര്‍ട്ട് വാങ്ങിയോ’
‘പാസ്പോര്‍ട്ടോ.. അത് നിന്റെ കയ്യിലല്ലേ’-എന്നായി ഞാന്‍.
സമീര്‍ ചിരിച്ചു. ‘ആ പാസ്പോര്ട്ടല്ല ഷാഫി ഭായീ. എക്സ്പോ നഗരിയില്‍ വഴിനീളെ പാസ്പോര്‍ട്ട് വില്‍ക്കുന്നുണ്ട്. 20 ദിര്‍ഹമാണ് വില. ഒരോ പവലിയന് സന്ദര്‍ശിച്ച് ഇറങ്ങുമ്പോഴും അതാത് രാജ്യങ്ങളുടെ സ്റ്റാമ്പടിച്ച് തരും. പവലിയനുകള്‍ സന്ദര്‍ശിച്ചതിനുള്ള തെളിവാണത്. ഭാവിയില്‍ ദുബായ് എക്സ്പോയുടെ ഓര്‍മ്മക്കായി ഒരപൂര്‍വ്വ നിധിപോലെ സൂക്ഷിക്കാവുന്നതും…’
ബഹ്റൈനില്‍ നിന്നിറങ്ങിയ ഞങ്ങളുടെ തൊട്ടുമുന്നില്‍ തന്നെ ആഫ്രിക്കന്‍ വംശജയായ സ്ത്രീ പാസ്പോര്‍ട്ടും മറ്റും വില്പന നടത്തുന്ന കൗണ്ടര്‍ കണ്ടു. അടുക്കിവെച്ചിരിക്കുന്ന മഞ്ഞനിറത്തിലുള്ള പാസ്പോര്‍ട്ട് ചൂണ്ടി ഹാരിസ് ചോദിച്ചു.
‘ഹൗ മച്ച്?’
‘ട്വന്റി ദിര്‍ഹം..’
‘ഫിഫ്റ്റീന്‍…?’ -ഞാന്‍ വിലപേശിനോക്കി.
ആ സ്ത്രീ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് പാസ്പോര്‍ട്ട് തിരികെ വെച്ചു.
‘എയ്റ്റീന്‍…?’-ഞാന്‍ വിട്ടില്ല.
അവര്‍ എന്നെ അടിമുടിയൊന്നുനോക്കി. മലയാളിയാണെന്ന് തിരിച്ചറിഞ്ഞുകാണും. ഒരു പുച്ഛഭാവം ആ നോട്ടത്തിലുണ്ടായിരുന്നോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.
ഞാന്‍ ’19 ദിര്‍ഹം’ എന്ന് ചോദിക്കുംമുമ്പേ ഇബ്രാഹിം ഇടപെട്ടു. ‘നക്കിത്തരം കാണിക്കണ്ട. അവര്‍ തരില്ല. 20 ദിര്‍ഹം കൊടുത്ത് വാങ്ങ്…’
ഒരൊറ്റ ദിര്‍ഹം പോലും കുറച്ചില്ല. 80 ദിര്‍ഹം കൊടുത്ത് ഞങ്ങള്‍ നാല് പാസ്പോര്ട്ടുകള് വാങ്ങി. ഒരെണ്ണമെടുത്ത് ഫില്‍സ സ്റ്റാമ്പ് ചെയ്യാനായി ‘ബഹ്റൈനി’ലേക്ക് വീണ്ടുമോടി. ഫില്‍സ എന്റെ രണ്ടാമത്തെ മകളാണ്. തക്കം നോക്കി ഫിദ (മൂത്തമകള്‍) പാസ്പോര്‍ട്ട് പിടിച്ച് നില്ക്കുന്ന സെല്‍ഫിയെടുത്ത് ചടപടാന്ന് വാട്സാപ്പ് സ്റ്റാറ്റസിട്ടു. ദുബായ് എക്സ്പോ സന്ദര്‍ശിച്ചതിന് പാസ്പോര്‍ട്ടും പിടിച്ചുനില്‍ക്കുന്ന ഫോട്ടോയെക്കാളും വലിയ തെളിവ് വേറെയില്ല. ഫിദയുടെ വാട്സ്ആപ് സ്റ്റാറ്റസില്‍ നിമിഷ മേരങ്ങള്ക്കകം ലൈക്കുകളുടെ കൂമ്പാരം വന്നുനിറഞ്ഞു.
തൊട്ടടുത്ത് ഫലസ്തീനിന്റെ പവലിയനാണ്. ഇഴഞ്ഞുനീങ്ങിയാല്‍ 192 പവലിയന് പോയിട്ട് പത്തെണ്ണമെങ്കിലും കണ്ടിറങ്ങാന്‍ കഴിയില്ലെന്ന് ഭാര്യ ഫാത്തിമ ഇടക്കിടെ എന്നെ ഉണര്‍ത്തുന്നുണ്ട്.
ഫലസ്തീനോട് കുട്ടിക്കാലം തൊട്ടെ ഒരു ഹൃദയബന്ധമുണ്ട്. ഫലസ്തീന് ജനത നേരിട്ട കൊടിയ ദുരിതങ്ങളുടെ കെടുതികളോര്ത്തുള്ള സങ്കടമാണ് അങ്ങനെയൊരു ബന്ധത്തിന്റെ കാരണം. ഫലസ്തീന് ഹൃദയം നുറുങ്ങുന്ന വേദനയാണ് എനിക്ക്. ആ രാജ്യത്തോടുള്ള ഹൃദയ ഐക്യം അടയാളപ്പെടുത്താനായി ഫലസ്തീന്റെ പവലിയനില്‍ കയറി. യു.കെ തൊട്ടടുത്തുണ്ട്. വഴികണ്ടുപിടിക്കാമോ എന്ന ഗെയിം പോലെ തോന്നിപ്പിക്കുന്ന വളഞ്ഞുപുളഞ്ഞ ഒരു കെട്ടിടം. മേലേക്ക് പടവുകള്‍ പരുന്നുപോകുന്നുണ്ട്. യു.കെ പവലിയന് മുന്നില്‍ കണ്ട നീണ്ട നിര ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചു. ആളുകള്‍ കൂടുന്നിടത്താണല്ലോ നമുക്ക് കൂടുതല്‍ താല്പര്യം. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം വഴി തുറന്നുകിട്ടി. വളഞ്ഞുംപുളഞ്ഞും പടവുകള്‍ കയറണം. അത്യാകര്‍ഷകമായ എന്തോ കാണാന്‍ പോകുകയാണെന്ന ആവേശത്തില്‍ ഞങ്ങള്‍ക്ക് മുന്നില്‍ പടവുകളുടെ ദൈര്‍ഘ്യം കുറഞ്ഞതുപോലെ തോന്നി. വരും കാലത്തിന്റെ വിപ്ലവകരമായ ടെക്നോളജി മുന്നേറ്റത്തെ പരിചയപ്പെടുത്തുന്ന ചില കാഴ്ചകള്‍. വശങ്ങളില് ടാബുകള്‍ നിരത്തിയിട്ടുണ്ട്. കുറേപേര്‍ അവയെ സമീപിച്ചു. ഞങ്ങള്‍ കയറിയ വേഗത്തില്‍ തന്നെ പടവുകള്‍ ഇറങ്ങി യു.കെയോട് വിട ചൊല്ലി.
ഞങ്ങളുടെ കണ്ണുകള്‍ തിരഞ്ഞത് ഇന്ത്യയെയാണ്. എവിടെയാണ് ഇന്ത്യന്‍ പവലിയന് ? ഒരു ബഗ്ഗി ഡ്രൈവറോട് തിരക്കി. രണ്ടു വളവുകള്‍ കഴിഞ്ഞ് മുന്നോട്ടുപോയാല്‍ ഇന്ത്യയെ കാണാം. ലെബനിന്റെയും അറേബ്യന്‍ സ്റ്റേറ്റ് ഓഫ് ഗള്‍ഫിന്റെയും പവലിയനുകളില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തി ഞങ്ങള്‍ വെച്ചങ്ങ് നടന്നു. നട്ടുച്ചനേരമാണ്. ചുട്ടുപൊള്ളുന്ന മണലാരണ്യമാണ്. പക്ഷെ ആരും ഒട്ടുംമുഷിഞ്ഞിട്ടില്ല. നല്ല കാലാവസ്ഥ. നട്ടുച്ചനേരത്ത് പോലും ഇളം തണുത്ത കാറ്റിന്റെ തലോടല്‍. ചുറ്റും കണ്‍കുളിര്‍മയുള്ള വര്‍ണകാഴ്ചകള്‍. വിവിധ വര്ണ്ണപൂക്കങ്ങള് കണ്ണുകളെ ആനന്ദം കൊള്ളിച്ചു.
മുന്നില്‍ ഡോമിനോസിന്റെ കൗണ്ടര്‍ കണ്ടപ്പോള്‍ ഹാജറ സഫയുടെ വയറ്റില്‍ കോഴികുഞ്ഞ് കൂവാന്‍ തുടങ്ങി. മറ്റൊരു കൗണ്ടറിലൊട്ടിച്ച ഒരു പയ്യന് ബര്‍ഗര്‍ കടിച്ചുനില്‍ക്കുന്ന കൂറ്റന്‍ ചിത്രം ഞങ്ങളേയും വിശപ്പറിയിച്ചു. ക്യൂവുണ്ട്. എങ്കിലും എത്രവേഗത്തിലാണ് ഓര്‍ഡര്‍ കൊടുത്തുതീര്‍ക്കുന്നത്.
തൊട്ടരികില്‍ നിന്ന ഒരു ഒമാനിയനും ഭാര്യയും ഞങ്ങളോട് കുശലം പറയാന്‍ തുടങ്ങി. എത്ര പവലിയന് കണ്ടു എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അഞ്ചെണ്ണം എന്ന് പറഞ്ഞപ്പോള്‍ അറബിയും ഭാര്യയും കൈകോര്‍ത്ത് പിടിച്ച് ചിരിച്ചു. അവരെന്തോ പറഞ്ഞു. ഒച്ചിനെ പോലെ നീങ്ങിയാല്‍ ഒന്നും കണ്ടുതീരില്ലല്ലോ എന്നായിരിക്കും. ഞങ്ങളും ചിരിച്ചു.
എന്നാല്‍ അത് ഞങ്ങള്‍ക്ക് ഒരു ഉണര്‍ത്തായി. വേഗം കൂട്ടാന്‍ തീരുമാനിച്ചു. ബര്‍ഗറും വാങ്ങി ഇരിപ്പിടം തിരഞ്ഞു നടന്നപ്പോള്‍ ഒരിടവും ഇല്ല. ഭാര്യയ്ക്കും ബാര്ബിഗേളിനെപോലെ സുന്ദരിയായ കൊച്ചുമകള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന റഷ്യക്കാരനായ വെളുത്ത് ചുവന്ന ഒരു മധ്യവയസ്കന് ഞങ്ങളെ അരികില്‍ വിളിച്ച് ടേബിള്‍ ഷെയര്‍ ചെയ്തോളു എന്നറിയിച്ചു. തിക്കിതിരക്കി ഞങ്ങള്‍ ഏഴുപേരുമിരുന്നു. ‘നോ കൊരോന’ അദ്ദേഹം എന്തൊക്കെയോ പറഞ്ഞുചിരിച്ചു. ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ‘യാ…യാ’ എന്ന് പറഞ്ഞ് ഞങ്ങളും തലകുലുക്കി ചിരിച്ചു. ലോകം കാണുക മാത്രമല്ല, ലോകത്തോട് അടുക്കുകയായിരുന്നു ഞങ്ങള്‍. ലോകം ഇവിടെ പരസ്പരം മിണ്ടുന്നു. സൗഹൃദം സ്ഥാപിക്കുന്നു. കാതുകളില്‍ വിവിധ ഭാഷകളുടെ പുഴയൊഴുകുന്നു. ലോകത്തെ കൈക്കുമ്പിളില്‍ വെച്ചുകാട്ടി ദാ, കണ്‍കുളിര്‍ക്കെ കണ്ടോളൂ എന്ന് വിളിച്ചുപറയുന്ന ദുബായിയോട് വല്ലാത്തൊരു ആരാധന തോന്നിത്തുടങ്ങിയിരുന്നു ഞങ്ങള്‍ക്ക്.
ഇനി ഞങ്ങളുടെ ഊഴം ഇന്ത്യയാണ്. ഇന്ത്യക്കാരായ ഞങ്ങള്‍ മറ്റൊരു രാജ്യത്ത് ചെന്ന് ഇന്ത്യയുടെ നേട്ടങ്ങളും കുതിപ്പും കാണാന്‍ പോവുകയാണ്. പോയി കണ്ടുനോക്കാം.
wait and see…