ഭാഷയാണ് പ്രശ്‌നം...

കേരളത്തിലെ സ്‌കൂളുകളില്‍നിന്ന് മലയാളം മെല്ലെമെല്ലെ പുറത്തായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രവിദ്യാഭ്യാസാവകാശ നിയമ പ്രകാരം പ്രൈമറി സ്‌കൂളുകളില്‍ മാതൃഭാഷയിലാവണം വിദ്യാഭ്യാസം. അധ്യാപകസംഘടനകള്‍ അത് കണ്ടതായി നടിക്കുന്നില്ല. അവര്‍ക്ക് തൊഴില്‍ സംരക്ഷണം മാത്രമാണ് വിഷയം. സ്‌കൂളില്‍ കുട്ടികള്‍ ഇല്ലെങ്കിലും തസ്തിക നിലനിന്നാല്‍ മതി!
കാല്‍നൂറ്റാണ്ട് മുമ്പാണ്. വിവര്‍ത്തകനും ബഹുഭാഷാ പണ്ഡിതനും ഉത്തരദേശം പത്രാധിപരുമായിരുന്ന സി. രാഘവന്‍ മാഷെ അദ്ദേഹത്തിന്റെ വീട്ടില്‍പോയി കാണുകയുണ്ടായി ഈ ലേഖകന്‍. നിരഞ്ജനയുടെ ചിരസ്മരണയുടെ വിവര്‍ത്തകനെന്ന നിലയില്‍ ചെറുപ്പത്തിലേ മനസില്‍ പതിഞ്ഞ പേരാണ് സി. രാഘവന്‍ മാഷുടേത്. ദീര്‍ഘകാലം ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ചിട്ട് അധികകാലമായിരുന്നില്ല. സപ്തഭാഷകളുടെ സംഗമ ഭൂമിയെന്നറിയപ്പെടുന്ന കാസര്‍കോട്ടെ സ്‌കൂളുകളില്‍ മലയാളം അവഗണിക്കപ്പെടുന്നതിനെക്കുറിച്ചാണ് അന്ന് അല്‍പം രോഷാകുലനായിത്തന്നെ അദ്ദേഹം ഞങ്ങളോട് സംസാരിച്ചത്. മലയാളം ഡിവിഷനില്ലാത്ത സ്‌കൂളുകള്‍ ഏറെയുണ്ട്. കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം പാരലല്‍ ഡിവിഷന്‍ വേണമെന്ന ആവശ്യം പോലും നടപ്പാകുന്നില്ല. വീട്ടില്‍ മലയാളം സംസാരിക്കുന്ന കുട്ടി സ്‌കൂളില്‍ പോയാല്‍ മലയാളം പറയാനോ പഠിക്കാനോ സാധിക്കാത്ത അവസ്ഥ. ഒരു സ്‌കൂളില്‍ മലയാളം പാരലല്‍ ഡിവിഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് യോഗം നടത്തിയവരെ പടക്കമെറിഞ്ഞ് ഓടിച്ചു. ഒരിടത്ത് മലയാളം പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നിഷേധിച്ചു. എന്നിങ്ങനെ കുറെയധികം കാര്യങ്ങള്‍ രാഘവന്‍ മാഷ് രോഷത്തോടെയും സങ്കടത്തോടെയും പറയുകയുണ്ടായി. ഡി.ഇ.ഒ. എന്ന നിലയില്‍ നേരിട്ട് പരിചയമുള്ളതും ഇടപെട്ടതുമായ പ്രശ്‌നങ്ങള്‍. കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം മാതൃഭാഷയായ കുട്ടികള്‍ക്ക് പോലും മലയാളത്തെ അന്യമാക്കുന്നുവെന്ന ആക്ഷേപമാണ് അദ്ദേഹം ഉന്നയിച്ചത്.
ഇത് കാസര്‍കോട്ടെ പ്രശ്‌നമല്ല. കേരളത്തില്‍ എല്ലായിടത്തും ഈ പ്രശ്‌നമുണ്ട് -ഏറിയും കുറഞ്ഞും. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം ഒന്നാം ഭാഷയും നിര്‍ബന്ധിത പാഠ്യവിഷയവുമാക്കാന്‍ 2011ല്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിക്കുകയും ഉത്തരവിറങ്ങുകയും ചെയ്തു. എന്നാല്‍ ആ ഉത്തരവ് നിയമസഭയില്‍ പാസാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. അതായത് നിയമത്തിന്റെയടിസ്ഥാനത്തിലായിരുന്നില്ല. ആ ഉത്തരവ് പൂര്‍ണരൂപത്തില്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് 2015ല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നിയമസഭയില്‍ ഒരു ബില്‍ കൊണ്ടുവന്ന് ഐകകണ്‌ഠ്യേന പാസാക്കിയത്. മലയാളഭാഷ (വ്യാപനവും പോഷണവും) ബില്‍. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം ഒന്നാം ഭാഷയും നിര്‍ബന്ധിത പാഠ്യവിഷയവുമാക്കുന്നതും കീഴ്‌കോടതികളിലെ വിധിയും മറ്റും മലയാളത്തിലാക്കുന്നതുമൊക്കെയാണ് ആ ബില്ലിലെ വിഷയങ്ങള്‍. എന്നാല്‍ ഈ ബില്‍ അന്നത്തെ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനക്കയച്ചു. പത്തുവര്‍ഷമായി രാഷ്ട്രപതിഭവനിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലുമായി കിടപ്പായിരുന്നു. ഇപ്പോഴത് പൊങ്ങിവന്നിരിക്കുന്നു. ആ ബില്‍ രാഷ്ട്രപതി നിരാകരിച്ചിരിക്കുന്നു. പത്തുകൊല്ലത്തെ പഠനമാണ് രാഷ്ട്രപതിഭവനും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടത്തിയത്! ഇപ്പോഴെങ്കിലും അതില്‍ തീര്‍പ്പായത് സുപ്രിംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാകണം. സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പ്രഖ്യാപിച്ചത്. ഏത് ബില്ലായാലും കാരണമൊന്നും പറയാതെ കല്‍പാന്തകാലത്തോളം മരവിപ്പിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ സാധിക്കുന്ന സ്ഥിതിയുണ്ടാവരുത്, അങ്ങനെയുണ്ടായാല്‍ ഫെഡറലിസത്തിന് ഭീഷണിയാണ് എന്നാണ് പരമോന്നത നീതിപീഠം വിധിച്ചത്. ആ വിധിയുമായി ബന്ധപ്പെട്ട് രാഷ്ട്രപതി സുപ്രിംകോടതിയില്‍നിന്ന് ചില വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതെന്തോ ആവട്ടെ മാതൃഭാഷ പാഠ്യവിഷയമാക്കുന്നതാണിവിടെ ചര്‍ച്ചാവിഷയം. 2015ല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാറിന്റെ കാലത്ത് പാസാക്കിയ ബില്ലാണിപ്പോള്‍ രാഷ്ട്രപതിയുടെ നിരാകരണത്തോടെ അസാധുവായത്.
എന്തുകൊണ്ടാണ് നിരാകരിക്കുന്നതെന്നോ, ബില്ലില്‍ ഏതുകാര്യമാണ് അസ്വീകാര്യമെന്നോ പറയാതെ കണ്ണടച്ചുള്ള നിരാകരണമാണ്. അതിനാല്‍ ദുരൂഹത നിലനില്‍ക്കുന്നു. അതിരിക്കട്ടെ... 2017ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിയമസഭയില്‍ മലയാളഭാഷാ ബില്‍ അവതരിപ്പിച്ച് പാസാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ ഒപ്പിട്ടതോടെ അത് നിയമമാവുകയും ചെയ്തതാണ്. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കണമെന്നതാണതിന്റെ അന്തസ്സത്ത.
എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ സ്‌കൂളുകളില്‍നിന്ന് മലയാളം മെല്ലെമെല്ലെ പുറത്തായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രവിദ്യാഭ്യാസാവകാശ നിയമപ്രകാരം പ്രൈമറി സ്‌കൂളുകളില്‍ മാതൃഭാഷയിലാവണം വിദ്യാഭ്യാസം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. അടക്കം എല്ലാ സ്‌കൂളുകളിലും മാതൃഭാഷ മാധ്യമമാക്കിയാല്‍ എന്ത് സംഭവിക്കും. അടിമാലിയിലെ ഒരു സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്‌കൂള്‍ തുറന്ന ദിവസംതന്നെ രക്ഷിതാക്കള്‍ പ്രശ്‌നമുണ്ടാക്കിയല്ലോ. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം -അതായത് സ്‌കൂളുകള്‍ അണ്‍ ഇക്കണോമിക് ആയി അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ കെ.ഇ.ആറിലെ വ്യവസ്ഥകളെത്തന്നെ കാറ്റില്‍പറത്തി പരക്കേ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങുകയാണ് മലയാളം മീഡിയം സ്‌കൂളുകളില്‍. കഴിഞ്ഞ വര്‍ഷം എസ്. എസ്.എല്‍.സി. പരീക്ഷയെഴുതിയവരില്‍ 60 ശതമാനവും ഇംഗ്ലീഷ് മീഡിയത്തിലാണ്. കെ.ഇ.ആറിലെ വ്യവസ്ഥപ്രകാരം മൂന്ന് ഡിവിഷനുണ്ടെങ്കില്‍ അതിലൊന്ന് വേണ്ടിവന്നാല്‍ ഇംഗ്ലീഷ് മീഡിയമാക്കാം. ഇപ്പോള്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്. അധ്യാപകസംഘടനകള്‍ അത് കണ്ടതായി നടിക്കുന്നില്ല. അവര്‍ക്ക് തൊഴില്‍ സംരക്ഷണം മാത്രമാണ് വിഷയം. സ്‌കൂളില്‍ കുട്ടികള്‍ ഇല്ലെങ്കിലും തസ്തിക നിലനിന്നാല്‍ മതി! ഫലത്തില്‍ മലയാളം മീഡിയം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതേസമയം കേന്ദ്രസര്‍ക്കാര്‍ മാതൃഭാഷയെക്കുറിച്ച് പറയുന്നതില്‍ ദുഷ്ടലാക്കാണുള്ളത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന്റെ മറവിലാണ് ഇംഗ്ലീഷിനെ അപ്രസക്തമാക്കുന്ന മാതൃഭാഷാനയം.
മെഡിക്കല്‍ കോളേജുകളിലടക്കം മാതൃഭാഷ മാധ്യമമാകുമ്പോള്‍ വിദേശ ജോലിസാധ്യയ്ക്കാണ് മങ്ങലേല്‍ക്കുകയെന്ന വിമര്‍ശമുണ്ട്. ലക്ഷദ്വീപില്‍ ത്രിഭാഷാപദ്ധതി നടപ്പാക്കിയപ്പോള്‍ ദ്വീപിലെ ഭാഷകള്‍ അവഗണിക്കപ്പെടുന്നതായും അതില്‍ പ്രതിഷേധമുയരുന്നതായുമുള്ള വാര്‍ത്തകള്‍ രണ്ടുദിവസം മുമ്പാണ് പുറത്തുവന്നത്.
സ്‌കൂള്‍വര്‍ഷം ആരംഭിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട്. ഇതൊന്നും വേണ്ടവിധം ചര്‍ച്ചചെയ്യപ്പെടുന്നില്ല, വിവാദങ്ങള്‍ക്ക് പിന്നാലെ മാത്രമാണ് എല്ലാവരും പോകുന്നത്.
പക്ഷേ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മുമ്പ് പലപ്പോഴുമെന്നപോലെ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന വിഷയം ഭാഷയാണ്. തമിഴ്‌നാട്ടില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയംതന്നെ ഭാഷയായിരിക്കുമെന്ന് വ്യക്തമാണ്. കേരളത്തില്‍ അത്തരത്തില്‍ ഭാഷാ മൗലികവാദം ഇല്ലെന്നത് നല്ലകാര്യമാണ്. പക്ഷേ ജനതയെ ഏകീകരിക്കുന്നത് ഭാഷയാണ്, മറ്റെല്ലാ ഭേദചിന്തകള്‍ക്കും അപ്പുറമുള്ള യോജിപ്പിന്റെ ചരടാണത്. രാജ്യത്ത ് അംഗീകരിക്കപ്പെട്ട ക്ലാസിക് ഭാഷകളിലൊന്നായിട്ടും അതിന്റെ മഹത്വവും പ്രാധാന്യവും ഭരണാധികാരികള്‍ വേണ്ടവിധം പരിഗണിച്ച് നടപടിയെടുക്കുന്നില്ലെന്നത് ദുഃഖകരവും അപമാനകരവുമാണ്.
ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ആരൂഢമേതെന്ന ചര്‍ച്ചയ്ക്ക് തിരികൊളുത്തപ്പെട്ടിരിക്കുകയാണല്ലോ. മൂപ്പിളമ തര്‍ക്കമായി അത് കുറച്ചുകാലത്തേക്ക് വിവാദമായേക്കും. കമല്‍ഹാസന്‍ തമാശപോലെ സാന്ദര്‍ഭികമായി പറഞ്ഞ ഒരുവാക്കാണല്ലോ ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. തഗ് ലൈഫ് എന്ന തന്റെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ചടങ്ങില്‍ കമല്‍ പ്രസംഗം തുടങ്ങിയത് ഉയിരേ ഉറവേ തമിഴേ എന്ന വരിയോടെയാണ്. വേദിയില്‍ കന്നട നടന്‍ ശിവരാജ്കുമാറുമുണ്ട്. തമിഴേ എന്ന വാക്കുച്ചരിച്ചശേഷം വേദിയില്‍ ശിവരാജ്കുമാറിനെ നോക്കി സാഹോദര്യം പ്രകടമാക്കാന്‍ പറഞ്ഞതാണ്, കന്നഡ തമിഴില്‍നിന്നുണ്ടായതാണ്, അതിനാല്‍ താന്‍ പാടിയ പാട്ടില്‍ കന്നഡിഗരും ഉള്‍പ്പെടുന്നുവെന്നാണ് സൂചിപ്പിച്ചത്. തമിഴില്‍ നിന്നാണ് കന്നഡയുണ്ടായതെന്ന പ്രസ്താവനയാണ് കന്നഡക്കാരെ പ്രകോപിതരാക്കിയത്. തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ വിടില്ലെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി. റിലീസ് നടന്നുമില്ല. കമല്‍ഹാസന്റെ സിനിമാകമ്പനി ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
വാസ്തവത്തില്‍ കമല്‍ഹാസന്‍ പറഞ്ഞതില്‍ പിഴവ് കണ്ടെത്താം. തമിഴും കന്നഡയും മലയാളവും തെലുഗുമെല്ലാം ദ്രാവിഡ ഭാഷാ ഗോത്രത്തില്‍പ്പെട്ട ഭാഷകളാണ്. മൂലദ്രാവിഡഭാഷയില്‍നിന്ന് പല കാലത്തായി പിരിഞ്ഞ് സ്വത്വമാര്‍ജിച്ച ഭാഷകളാണ് തമിഴും കന്നഡയും മലയാളവും തെലുഗുമെല്ലാം. തമിഴില്‍നിന്നുണ്ടായത് എന്ന് ഖണ്ഡിതമായി പറയുന്നത് അടിസ്ഥാനമില്ലാത്തതാണ്. ആ നിലയില്‍ കന്നഡിഗര്‍ക്ക് വ്യത്യസ്താഭിപ്രായമുണ്ടാകാം. ദ്രാവിഡഭാഷകളുടെ ഉത്ഭവത്തെയും രൂപീകരണത്തെയും പരിണാമങ്ങളെക്കുറിച്ചും വിശദവും വ്യാപകവുമായ ചര്‍ച്ചക്ക് വഴിയൊരുക്കുന്ന പരാമര്‍ശമായാണ് കമല്‍ഹാസന്റെ പ്രസ്താവനയെ കാണേണ്ടത്.
ഭാഷകളുടെ ഉത്ഭവവും രൂപീകരണവും സംബന്ധിച്ച് വ്യത്യസ്ത പക്ഷങ്ങളും അതിനുള്ള ദൃഷ്ടാന്തങ്ങളുമുണ്ട്. ഭാഷകളുടെ ഉത്ഭവത്തെക്കുറിച്ച് ഖണ്ഡിതവും സുസ്ഥിരവുമായ സൂത്രവാക്യങ്ങളൊന്നും നിലവിലില്ലെന്നതാണ് വാസ്തവം. ഒരേ ഭാഷാകുടുംബത്തില്‍പ്പെട്ട സോദരഭാഷകള്‍ തമ്മില്‍ കലഹത്തിനല്ല, യോജിപ്പിനാണ് പ്രസക്തി.