കാസര്‍കോട്/ബന്തിയോട്: കടലാക്രമണം രൂക്ഷമായതോടെ ജില്ലയിലെ തീരദേശ മേഖല ഭീതിയില്‍. നാല് മീറ്റര്‍ വരെ തിരമാല ഉയരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ മുസോടി, ചേരങ്കൈ, കാപ്പില്‍, അഴിത്തല തൈകടപ്പുറം തുടങ്ങിയ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി. ചേരങ്കൈ കടപ്പുറത്ത് 50 ലേറെ വീടുകള്‍ ഭീഷണിയിലാണ്. ഇന്നലെ രാത്രിമുതലാണ് ഇവിടെ കടലാക്രമണം രൂക്ഷമായത്. പ്രദേശവാസികളുടെ ഭീതിയകറ്റാന്‍ നടപടിയുണ്ടാവണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിത്തി നിര്‍മ്മാണത്തിന് കല്ലുകള്‍ ഇറക്കിയിരുന്നുവെങ്കിലും അവ കടലെടുത്തു. പിന്നീട് ലക്ഷങ്ങള്‍ മുടക്കി മണല്‍ ചാക്കുകള്‍ വെച്ച് താല്‍ക്കാലിക ഭീത്തിയുണ്ടാക്കിയെങ്കിലും ഇവയും കടലെടുത്തു. കടലാക്രമണ വിവരമറിഞ് കാസര്‍കോട് തഹസില്‍ദാര്‍ ടി. വിജയന്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.വി രമേശന്, ടി.ആര് ലാല്‍, വില്ലേജ് ഓഫീസര്‍ ആനന്ദന് സെബാസ്റ്റ്യന്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സത്യനാരായണന്, നഗരസഭാ അംഗങ്ങളായ എം ഉമ, മുസ്താഖ് ചേരങ്കൈ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചേരങ്കൈയിലെ സഫിയയുടെ വീട് അപകടാവസ്ഥയിലാണ് നിലകൊള്ളുന്നത്.
ഷിറിയയിലും മുസോടി കടപ്പുറത്തും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ഷിറിയയില്‍ ഒരു കിലോമീറ്ററോളം കടല്‍ഭിത്തി തകര്‍ന്നു. മുസോടിയില്‍ ഒരു വീട് അപകട ഭീഷണിയിലാണ്. ഷിറിയയില്‍ ഇന്നലെ ഉച്ചമുതലാണ് കടലാക്രമണം രൂക്ഷമായത്. മുസോടിയില്‍ കഴിഞ്ഞ ദിവസം രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മുസോടിയിലെ ഇസ്മായിലിന്റെ വീട് അപകട ഭീഷണിയിലാണ്. ഇന്നും കടല്‍ ക്ഷോഭം ഉണ്ടായാല്‍ ഈ കുടുംബത്തെ മാറ്റി സ്ഥാപിക്കും.
ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം കടലാക്രമണം മൂലം 200 മീറ്ററോളം കടല്ഭീത്തികള് തകര്‍ന്നു. പ്രദേശവാസികള്‍ ആശങ്കയിലാണ്. തീരദേശ മേഖലയിലെ പല വീടുകളിലും തിരയടിച്ച് വെള്ളം കയറുകയാണ്. ഈ മേഖയിലെ തെങ്ങുകളടക്കം അപകടഭീഷണിയിലാണ്.