തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തി. സംസ്ഥാനത്തിന്റെ സമഗ്ര വികസവുമായി ബന്ധപ്പെട്ട് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു. 50ലേറെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് അഭിവൃദ്ധിക്ക് വേണ്ട നയം ആവിഷ്കരിക്കണമെന്ന് സഭ മേലധ്യക്ഷന്മാര് നിര്‍ദേശിച്ചു. മെച്ചപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കണം. റോഡ് വികസനം, ദലിത് സംരക്ഷണം, തീരദേശസംരക്ഷണം തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന താഴെത്തട്ടിലുള്ള ജനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ ശ്രമം വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമീഷന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും എല്ലാവര്ക്കും അര്‍ഹമായത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.