തിരുവനന്തപുരം: നിയമസഭാസമ്മേളനത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നടപടി ചോദ്യം ചെയ്ത് അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമഭേദഗതിക്കെതിരെ സംയുക്ത പ്രമേയം പാസാക്കുന്നതിനായാണ് നിയമസഭ ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ നുമതി നിഷേധിക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തില്‍ തുറന്നടിച്ചു. മുഖ്യമന്ത്രി നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.