ആഭ്യന്തര മന്ത്രിയാണെന്ന് നോക്കില്ല; സ്ഥാനത്തിന് നിരക്കാത്ത രീതിയില്‍ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടിവരും; മുസ്ലിം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ സ്വരം കനക്കുന്നതെന്തിനാണ്? ഇത് കേരളമാണ്, ഗുജറാത്തല്ല; സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ ഓര്‍മയുണ്ടോ? ഇല്ലെങ്കില്‍ ഓര്‍മിപ്പിക്കും; അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരുമെന്നും കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമാണ്. സ്ഥാനത്തിരിക്കുമ്പോള്‍ സ്ഥാനത്തിന്റെ വിലയില്‍ സംസാരിക്കണം. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ സ്വരം കനക്കുന്നതെന്തിനാണ്? അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വലിയ തോതില്‍ വര്‍ഗീയത പ്രകടനമാണല്ലോ ഉണ്ടായത്. പ്രസംഗത്തിനിടക്ക് മുസ്ലിം എന്ന വാക്ക് ഉച്ചരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം […]

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരുമെന്നും കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമാണ്. സ്ഥാനത്തിരിക്കുമ്പോള്‍ സ്ഥാനത്തിന്റെ വിലയില്‍ സംസാരിക്കണം. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ സ്വരം കനക്കുന്നതെന്തിനാണ്? അദ്ദേഹം ചോദിച്ചു.

അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വലിയ തോതില്‍ വര്‍ഗീയത പ്രകടനമാണല്ലോ ഉണ്ടായത്. പ്രസംഗത്തിനിടക്ക് മുസ്ലിം എന്ന വാക്ക് ഉച്ചരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കനക്കുകയാണ്. ഇതാണല്ലോ രീതി. എങ്ങനെ വര്‍ഗീയത വളര്‍ത്താമെന്നും അതിന് വേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളുമാണ് ഷാ. ഗുജറാത്ത് വംശഹത്യ നടന്നപ്പോള്‍ പത്രപ്രവര്‍ത്തകനായ രാജീവ് ഷാ, അമിത് ഷായില്‍ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് എഴുതിയിരുന്നു. കലാപത്തെ കുറിച്ച് എന്തിനാണ് ബേജാറാകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് രാജീവ് ഷാ പറഞ്ഞിരുന്നു.

ഹിന്ദു- മുസ്ലിം മൈത്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ താങ്കളുടെ വീട് ഹിന്ദുക്കളുടെ ഭാഗത്താണോ മുസ്ലീമിന്റെ ഭാഗത്താണോ എന്നാണ് ഷാ ചോദിച്ചത്. ഒരു പൊതു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുക്കളുടെ പ്രദേശത്താണേല്‍ നിങ്ങള്‍ ഭയപ്പെടേണ്ട, ഒരാക്രമണവും നടക്കില്ല എന്ന് പറഞ്ഞു.

'മതനിരപേക്ഷതക്ക് പേരുകേട്ട നാടായ കേരളത്തില്‍ വന്നിട്ടാണ് അദ്ദേഹത്തിന്റെ ഉറഞ്ഞു തുള്ളല്‍ ഉണ്ടായത്. ഞാനേതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായിട്ട് ജയിലില്‍ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, ഇങ്ങനെയുള്ള ഗുരുതരമായ കേസുകളൊക്കെ നേരിടേണ്ടി വന്നത് ആരായിരുന്നുവെന്ന് അമിത് ഷാ സ്വയം ഒന്ന് ചിന്തിക്കണം'- മുഖ്യമന്ത്രി പറഞ്ഞു.

'അദ്ദേഹം ഏതോ ഒരു സംശയാസ്പദ മരണത്തെ കുറിച്ചു സംസാരിച്ചു. അത് ഏതാണെന്നു അദ്ദേഹം പറഞ്ഞാല്‍ അന്വേഷിക്കാന്‍ തയ്യാറാകും. ഏതു സംഭവം നടന്നാലും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഇടപെടുന്നതാണ് കേരള പൊലീസ്. ദുരൂഹതയെപ്പറ്റി അദ്ദേഹം പറയുമ്പോള്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ അദ്ദേഹത്തിന് ഓര്‍മ വേണം. വ്യാജ ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തതിന്റെ പേരില്‍ ആര്‍ക്കെതിരെയാണ് ചാര്‍ജ് ഷീറ്റ് ഇട്ടിട്ടുള്ളത്?'

'ആ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. ഓര്‍മ്മയില്ലെങ്കില്‍ ഓര്‍മ്മിപ്പിക്കും. ആ കേസ് കേള്‍ക്കാനിരുന്ന സി.ബി. ഐ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്. ബി.ജെ.പി യുടെ ഏതെങ്കിലും നേതാവ് അതിനെപ്പറ്റി മിണ്ടിയിട്ടുണ്ടോ? വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും ജയിലില്‍ കിടന്നതും ആരായിരുന്നു?'

വര്‍ഗീയതയുടെ ഒരു മനുഷ്യ രൂപം സങ്കല്‍പ്പിച്ചാല്‍ അതാണ് നേരത്തെയുള്ള അമിത് ഷാ. പുതിയ സ്ഥാനത്തെത്തിയെങ്കിലും വലിയ മാറ്റമുണ്ടായില്ല എന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഇടപെടല്‍ കാണിക്കുന്നത്. മതപരമായി ഭിന്നിപ്പിക്കുക എന്നതാണ് വര്‍ഗീയതയുടെ പ്രത്യേകത. അതിന് നേരത്തെ ആര്‍ എസ് എസ് അംഗീകരിച്ച തത്വശാസ്ത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it