'ക്ലീന്‍ ബൗള്‍ഡ്!'
ജയാപജയങ്ങള്‍ എവിടെയും സംഭവ്യമാണ്. ജീവിതത്തില്‍, യുദ്ധത്തില്‍, സ്‌പോര്‍ട്‌സില്‍ എല്ലാം ജയങ്ങളുണ്ട്; തോല്‍വിയും. ജയം സ്ഥായിയല്ല. അതാരുടേയും കുത്തകയല്ല. അതുപോലെ പരാജയവും. ആരുടെയെങ്കിലും പേരില്‍ എന്നെന്നേക്കുമായി എഴുതിവെച്ച കരാറും തീരുമാനവുമല്ല. സ്‌പോര്‍ട്‌സിന്റെ കാര്യവും അങ്ങനെത്തന്നെ. എന്നാല്‍, ചില കായിക ഇനങ്ങളിലെങ്കിലും ചില ഭൂഖണ്ഡങ്ങളുടെ, ചില രാജ്യങ്ങളുടെ ജയവും അപ്രമാദിത്വവും ഏറെക്കുറെ പ്രവചിക്കപ്പെടാറുണ്ട്. പക്ഷേ, ഏതൊരു പ്രവചനത്തേയും അപ്രസക്തമാക്കുന്ന ഒരു കായിക ഇനമാണ് ക്രിക്കറ്റ്; അത് എത്രതന്നെ ജനകീയമാണെങ്കിലും അല്ലെങ്കിലും.ഒരു ബൗളറുടെയോ ബാറ്ററുടേയോ ഒന്നോ രണ്ടോ ദിവസത്തെ ജ്വലനം മാത്രം […]
ജയാപജയങ്ങള്‍ എവിടെയും സംഭവ്യമാണ്. ജീവിതത്തില്‍, യുദ്ധത്തില്‍, സ്‌പോര്‍ട്‌സില്‍ എല്ലാം ജയങ്ങളുണ്ട്; തോല്‍വിയും. ജയം സ്ഥായിയല്ല. അതാരുടേയും കുത്തകയല്ല. അതുപോലെ പരാജയവും. ആരുടെയെങ്കിലും പേരില്‍ എന്നെന്നേക്കുമായി എഴുതിവെച്ച കരാറും തീരുമാനവുമല്ല. സ്‌പോര്‍ട്‌സിന്റെ കാര്യവും അങ്ങനെത്തന്നെ. എന്നാല്‍, ചില കായിക ഇനങ്ങളിലെങ്കിലും ചില ഭൂഖണ്ഡങ്ങളുടെ, ചില രാജ്യങ്ങളുടെ ജയവും അപ്രമാദിത്വവും ഏറെക്കുറെ പ്രവചിക്കപ്പെടാറുണ്ട്. പക്ഷേ, ഏതൊരു പ്രവചനത്തേയും അപ്രസക്തമാക്കുന്ന ഒരു കായിക ഇനമാണ് ക്രിക്കറ്റ്; അത് എത്രതന്നെ ജനകീയമാണെങ്കിലും അല്ലെങ്കിലും.ഒരു ബൗളറുടെയോ ബാറ്ററുടേയോ ഒന്നോ രണ്ടോ ദിവസത്തെ ജ്വലനം മാത്രം […]
ജയാപജയങ്ങള്‍ എവിടെയും സംഭവ്യമാണ്. ജീവിതത്തില്‍, യുദ്ധത്തില്‍, സ്‌പോര്‍ട്‌സില്‍ എല്ലാം ജയങ്ങളുണ്ട്; തോല്‍വിയും. ജയം സ്ഥായിയല്ല. അതാരുടേയും കുത്തകയല്ല. അതുപോലെ പരാജയവും. ആരുടെയെങ്കിലും പേരില്‍ എന്നെന്നേക്കുമായി എഴുതിവെച്ച കരാറും തീരുമാനവുമല്ല. സ്‌പോര്‍ട്‌സിന്റെ കാര്യവും അങ്ങനെത്തന്നെ. എന്നാല്‍, ചില കായിക ഇനങ്ങളിലെങ്കിലും ചില ഭൂഖണ്ഡങ്ങളുടെ, ചില രാജ്യങ്ങളുടെ ജയവും അപ്രമാദിത്വവും ഏറെക്കുറെ പ്രവചിക്കപ്പെടാറുണ്ട്. പക്ഷേ, ഏതൊരു പ്രവചനത്തേയും അപ്രസക്തമാക്കുന്ന ഒരു കായിക ഇനമാണ് ക്രിക്കറ്റ്; അത് എത്രതന്നെ ജനകീയമാണെങ്കിലും അല്ലെങ്കിലും.
ഒരു ബൗളറുടെയോ ബാറ്ററുടേയോ ഒന്നോ രണ്ടോ ദിവസത്തെ ജ്വലനം മാത്രം മതി, ടെസ്റ്റ് ക്രിക്കറ്റില്‍ എതിര്‍ ടീമിന്റെ പതിനൊന്നംഗ സംഘത്തെ രണ്ടുവട്ടം ചാമ്പലാക്കാന്‍. ചില താരങ്ങള്‍ അങ്ങനെ കത്തിപ്പടരാന്‍ തുടങ്ങിയാല്‍ അവിടെ രാജ്യം അപ്രസക്തമാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ കരുത്തരായ ആസ്‌ത്രേലിയയും ഇംഗ്ലണ്ടും ബംഗ്ലാദേശിന്റെയോ അഫ്ഗാനിസ്ഥാന്റെയോ മുന്നില്‍ മുട്ടുമടക്കിയേക്കാം. ഒരു ടീം ഒന്നാമിന്നിംഗ്‌സില്‍ 50 റണ്‍സിന് പുറത്തായാലും രണ്ടാമിന്നിംഗ്‌സില്‍ തിരിച്ചുവരവു നടത്തി കൈവിട്ട മത്സരം ജയിച്ചേക്കാം. ഫോളോ ഓണ്‍ ചെയ്യിച്ച ടീമിനെ ഫോളോ ഓണ്‍ ചെയ്ത ടീം തോല്‍പ്പിച്ച ചരിത്രവും ടെസ്റ്റ് ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. ഒന്നാം മിന്നിംഗ്‌സില്‍ 500ന് മുകളില്‍ റണ്‍സ് നേടിയിട്ടും ആ ടീം എതിര്‍ ടീമിനോട് തോറ്റ ചരിത്രം കഴിഞ്ഞ മാസത്തില്‍ പാകിസ്ഥാനില്‍ സംഭവിച്ചതു നാം കണ്ടു. അതുകൊണ്ടു തന്നെയാണ് ക്രിക്കറ്റ് അനിശ്ചിതത്വത്തിന്റെ കളിയാണെന്നും അതില്‍ അവസാനത്തെ പന്തും എറിഞ്ഞു തീരുന്നതു വരെയോ അവസാനത്തെ റണ്‍ അടിച്ചെടുക്കുന്നതു വരെയോ ഒന്നും തന്നെ പ്രവചിക്കാനാവില്ല എന്നും പറയുന്നത്. അവസാന വിക്കറ്റില്‍ നമ്മുടെ മുന്നില്‍ ഇംഗ്ലണ്ട് 199 റണ്‍സ് അടിച്ചിട്ടുണ്ട് എന്നതും ബംഗ്ലാദേശിനെതിരെ നമ്മളും അവസാന വിക്കറ്റില്‍ 140 നടുത്ത് റണ്‍സ് നേടിയിട്ടുണ്ട് എന്നതും ചരിത്രസത്യം. അവസാന ഇന്നിംഗ്‌സില്‍ 147 റണ്‍സ് നേടി-മൂന്നു ദിവസങ്ങള്‍ ഉണ്ടായിട്ടും-ഒരു ടെസ്റ്റ് സ്വന്തം മണ്ണില്‍ പോലും നമ്മുടെ വിഖ്യാതമായ ടീമിന് ജയിക്കാനാവാതെ പോയത് ഏറ്റവും പുതിയ ചരിത്രം.
കുറേ മുമ്പല്ല, ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല ടീം ഇന്ത്യ. ഇംഗ്ലണ്ടിനെയും ബംഗ്ലാദേശിനെയും കടപുഴക്കിയെറിഞ്ഞ ഒരു ടീം വെറും ആഴ്ചകള്‍ കൊണ്ട് എങ്ങനെയാണ് അതിന്റെ ഫോസിലായി മാറിയതെന്നത് അമ്പരപ്പിക്കുന്നതാണ്.
ചില കോച്ചുകളുടെ വരവോടെ സുഭദ്രമായിരുന്ന ഒരു ടീം എങ്ങനെയാണ് പാതാളത്തിലേക്കു കൂപ്പുകുത്തുന്നത് എന്നു കൂടി നാം നേരിട്ടു കാണുകയാണ്. പരിമിത ഓവര്‍ ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും വ്യത്യസ്തങ്ങളായ ഫോര്‍മാറ്റുകളാണെന്നും രണ്ടിനേയും രണ്ടു രീതിയിലാണ് സമീപിക്കേണ്ടതെന്നും തിരിച്ചറിയാത്തയാളായി കോച്ചും മാനേജ്‌മെന്റും കളിക്കാരും ഒരുപോലെ മാറിയതിന്റെ പരിണതിയാണ് ബംഗളൂരുവിലും പുനെയിലും മുംബൈയിലുമായി നാം കണ്ടത്.
രണ്ടു വ്യാഴവട്ടക്കാലത്തിനു മുമ്പാണ്-2000ത്തില്‍ നാം രണ്ടു ടെസ്റ്റുകളടങ്ങിയ ഒരു പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ സ്വന്തം മണ്ണില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടത്. മൂന്നോ അതിലധികമോ ടെസ്റ്റുകളടങ്ങിയ ഒരു പരമ്പരയില്‍ ഇതിനു മുമ്പ് ഒരു ക്ലീന്‍വാഷ് സ്വന്തം തട്ടകത്തില്‍ നാം നേരിട്ടിട്ടുണ്ടോ എന്നു സംശയമാണ്. മൂന്നു വ്യാഴവട്ടക്കാലമായിട്ട് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലാത്ത ന്യൂസിലാന്റിന് മുന്നിലാണ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ നിലയില്‍ നമ്മുടെ കേളികേട്ട ടീം അടിതെറ്റി വീണിരിക്കുന്നത്! ന്യൂസിലാന്റിന്റെ മണ്ണില്‍ കിവികള്‍ നമുക്ക് എത്തിപ്പിടിക്കാനാവാത്ത പക്ഷികള്‍ ആയിരുന്നതു പോലെത്തന്നെ കിവികള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ടീം ഇന്ത്യയും ബാലികേറാ മല തന്നെയായിരുന്നു. എന്നാല്‍, ഒരു ടീം സൗത്തിയേയും മിച്ചല്‍ സാന്റ്‌നറേയും മാറ്റ് ഹെന്റിയേയും മാറ്റി നിര്‍ത്തിയാല്‍ ഐ.പി.എല്ലിലോ ടി 20 അന്താരാഷ്ട്ര മത്സരങ്ങളിലോ ഒക്കെ കളിക്കുന്ന, എടുത്തു പറയാന്‍ വലിയ അനുഭവ സമ്പത്തൊന്നുമില്ലാത്ത, ടോം ലാഥം എന്ന കൊട്ടിഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു നായകന്റെ കീഴിലുള്ള ടീമാണ് നമ്മുടെ വിശ്വവിഖ്യാതങ്ങളായ മൂക്കുകളെ ചെത്തിക്കളഞ്ഞിരിക്കുന്നത്! ഇന്ത്യയിലേക്ക് വിമാനം കയറുമ്പോള്‍ ഒരു ദിവാസ്വപ്‌നം പോലെയെങ്കിലും പ്രതീക്ഷിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത നേട്ടവുമായാണ് കിവികള്‍ ഇവിടെ നിന്നും തിരിച്ചു പറക്കുന്നത്.
ഇന്ത്യന്‍ ടീം രാജ്യത്തിനകത്തും പുറത്തും ഇന്നോളം ജയിച്ചിട്ടുള്ള ടെസ്റ്റുകളില്‍ ബഹുഭൂരിപക്ഷവും സ്പിന്‍ ബൗളിംഗ് മികവുകൊണ്ടു മാത്രമായിരുന്നു. ബിഷന്‍സിംഗ് ബേദി, പ്രസന്ന, ചന്ദ്രശേഖര്‍ ത്രയങ്ങളുടെ ഒരു കാലഘട്ടം. പിന്നീട് വെങ്കട്ട് രാഘവന്‍, രവി ശാസ്ത്രി, ശിവ്ലാല്‍ യാദവ്, നരേന്ദ്ര ഹിര്‍വാനി, ഹര്‍ഭജന്‍സിംഗ്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് തുടങ്ങിയവരുടെ തലമുറക്കൈമാറ്റം. അതിനിടയില്‍ കപില്‍ദേവ്, കഴ്‌സന്‍ ഘാവ്‌റി, മദന്‍ലാല്‍, മൊഹീന്ദര്‍ അമര്‍നാഥ്, ബല്‍വിന്ദര്‍ സന്ധു, ചേതന്‍ ശര്‍മ്മ, മനോജ് പ്രഭാകര്‍, ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ്, ഉമേശ് യാദവ്, ഇശാന്ത് ശര്‍മ്മ, സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങി കുറേപ്പേര്‍ വരുന്നു, പോകുന്നു. ചിലര്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് തങ്ങളുടേതായ ചില അടയാളങ്ങള്‍ അവശേഷിപ്പിച്ചുവെങ്കിലും നാമിവിടെ എതിരാളികളെ നേരിടാന്‍ എന്നും കുഴിച്ചു വെച്ചത് ചതിക്കുഴികള്‍ മാത്രമായിരുന്നു. അശ്വിനും ജഡേജയ്ക്കും വേണ്ടി മാത്രം കുഴിച്ചുവെച്ച ആ കുഴികളില്‍ വീഴ്ത്തിയായിരുന്നു കുറേക്കാലമായിട്ടുള്ള നമ്മുടെ തിണ്ണമിടുക്കിന്റെ 'ത്രസിപ്പിക്കുന്ന' വിജയങ്ങളത്രയും! ഓരോ ടെസ്റ്റ് മത്സരത്തിലും അവര്‍ എതിരാളികളുടെ 20 വിക്കറ്റുകളില്‍ ഭൂരിഭാഗവും പങ്കിട്ടെടുത്തു. പക്ഷേ, ആര്‍ക്കോ വേണ്ടി കുഴിച്ചുവെച്ച അതേ ചതിക്കുഴികളില്‍ നാം സ്വയം വീണൊടുങ്ങുന്ന വിപരീത ചിത്രമാണ് ഇന്നു നമുക്കു മുന്നില്‍ തെളിയുന്നത്. ഒരു കാലത്ത് മൂളിപ്പറക്കുന്ന പന്തുകളായിരുന്നു ബാറ്റര്‍മാരുടെ മനസ്സും സ്റ്റമ്പുകളും ഇളക്കിയിരുന്നതെങ്കില്‍ ഇന്ന് ഏതാണ്ടെല്ലാം ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളും കുത്തിത്തിരിയുന്ന സ്പിന്‍ ബൗളിംഗിനു പിന്നാലെയാണ്. രൗദ്രമായി ഓടിയും വീശിയെറിഞ്ഞും കൈകാലുകളില്‍ ആജീവനാന്ത പരിക്കുമായി ജീവിക്കുന്നതിലും ഭേദം അധികം സ്റ്റാമിന ആവശ്യമില്ലാത്ത സ്പിന്‍ ബൗളിംഗ് ആണെന്ന കാര്യം ക്രിക്കറ്റര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇനിയും ഒരു മാല്‍ക്കം മാര്‍ഷലോ, മൈക്കല്‍ ഹോള്‍ഡിങ്ങോ, ഇയാന്‍ ബിഷപ്പോ, ഗാര്‍നറോ, ഡെന്നിസ് ലില്ലിയോ, അലന്‍ ഡൊണാള്‍ഡോ, പൊള്ളോക്കോ, ഡെയ്ല്‍ സ്റ്റെയിനോ, റിച്ചാര്‍ഡ് ഹാഡ്‌ലിയോ, ജിമ്മി ആന്‍ഡേഴ്‌സനോ, ഗ്ലെന്‍ മക്ഗ്രാത്തോ, ഇമ്രാന്‍ ഖാനോ, വഖാര്‍ യൂനുസോ, വസീം അക്രമോ, ശൊഐബ് അഖ്തറോ, കപില്‍ ദേവോ, ശ്രീനാഥോ, സഹീര്‍ ഖാനോ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ജിം ലേയ്ക്കര്‍മാരും, സോബേഴ്‌സുമാരും, ഷെയ്ന്‍ വോണുമാരും, മുത്തയ്യമാരും, അബ്ദുല്‍ ഖാദിര്‍മാരും, ബേദിമാരും, ചന്ദ്രശേഖര്‍മാരും മറ്റുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടാവാന്‍ പോവുന്നതും. ലോകത്തെ ഒരു ടീമിലും ഇന്ന് ഫാസ്റ്റ് ബൗളിംഗിന്റെ തേരോട്ടമില്ല എന്നു തന്നെ പറയാം.
ഇന്ത്യയിലേക്ക് വരുമ്പോള്‍ ട്രെന്റ് ബോള്‍ട്ടും, ടിം സൗത്തിയുമല്ല മറിച്ച്, സാന്റ്‌നറും ഫിലിപ്‌സും രചിന്‍ രവീന്ദ്രയും ഇശ് സോധിയും അജാസ് പട്ടേലുമാണ് ആവശ്യമെന്നു തിരിച്ചറിഞ്ഞതിന്റെ ഫലമാണ് അവരുടെ ഈ സമ്പൂര്‍ണ്ണ വിജയം. എതിരാളികളെ കുരുക്കാന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണതിന് പലപല കാരണങ്ങളുണ്ട്. ടീം തിരഞ്ഞെടുപ്പില്‍ എല്ലാ കളിക്കാര്‍ക്കും തുല്യവും നിഷ്പക്ഷവുമായ പരിഗണനയായിരിക്കണം എന്ന തത്വത്തെ പാടേ കാറ്റില്‍ പറത്തി ചില രാജകുമാരന്മാരെ ഒരു കാര്യവുമില്ലാതെ അരിയിട്ടു വാഴിച്ചു പോരുന്നതിന്റെ ഫലമനുഭവിക്കേണ്ടി വരുന്നത് ഒരു ടീം മൊത്തമാണ്. രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് കരുത്തും ക്ഷമയും പ്രതിഭയും ഒരുപോലെ തെളിയിച്ച് ദേശീയ ടീമില്‍ എത്തേണ്ടതിനു പകരം ചില താര രാജാക്കന്മാര്‍ക്ക് നേരിട്ട് വാതില്‍ തുറന്നു കൊടുക്കുമ്പോള്‍ അവര്‍ യഥാര്‍ത്ഥ കളി മറന്നു പോകുന്നതും തലക്കനവും അഹങ്കാരവും കൂടിയവരായി മാറുന്നതും വെറും സ്വാഭാവികം. വിരാട് കോഹ്ലി പന്ത്രണ്ടു വര്‍ഷമായിട്ടും, രോഹിത്ത് ശര്‍മ്മ എട്ടു വര്‍ഷമായിട്ടും ഒരൊറ്റ ആഭ്യന്തര മത്സരവും കളിച്ചിട്ടില്ല എന്നറിയുമ്പോള്‍ ചിലരുടെ മേല്‍ എന്തുമാത്രം വാത്സ്യവും മറ്റു ചിലരുടെ മേല്‍ എന്തുമാത്രം വിവേചനവുമാണ് ബി.സി.സി.ഐ എന്ന താപ്പാന ചൊരിഞ്ഞു കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാവും! ആഭ്യന്തര മത്സരങ്ങള്‍ കളിക്കാതെ നേരിട്ട് ബെര്‍ത്ത് ലഭിക്കുന്നവര്‍ ഫാസ്റ്റ് ബൗളിംഗും സ്പിന്‍ ബൗളിംഗും രണ്ടും നേരിടാനാവാതെ അതിദയനീയമായും അപഹാസ്യരായും പുറത്താകുന്നത് നാമിപ്പോള്‍ സ്ഥിരമായി കാണുകയാണ്. അണ്ടര്‍ 19 മത്സരത്തില്‍ തിളങ്ങിയാല്‍ ഐ.പി.എല്ലിലേക്ക്. അവിടെയും തിളങ്ങിയാല്‍ നേരിട്ട് ദേശീയ ടീമിലേക്ക് എന്ന അനാശാസ്യ രീതിയില്‍ നിന്നും ദേശീയ ടീമിലേക്കുള്ള പ്രവേശത്തിനായി നാലും അഞ്ചും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മത്സരങ്ങളില്‍ കൂടി പ്രതിഭ തെളിയിക്കേണ്ടതുണ്ട് എന്ന ഒരു സന്ദേശം നല്‍കുകയും അതൊരു മാനദണ്ഡമാക്കുകയും ചെയ്യാതെ ഇനിയും ഈ ടീം രക്ഷപ്പെടാന്‍ പോകുന്നില്ല. കൗമാര പ്രായത്തില്‍ തന്നെ ദേശീയ ടീമില്‍ എത്തണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ല. 20 വയസ്സൊക്കെ കഴിഞ്ഞു വന്നാലും പ്രതിഭയുണ്ടെങ്കില്‍ പത്തു പതിനഞ്ചു വര്‍ഷം ഒരാള്‍ക്കു കളിക്കാനാവും. അതൊരു നീണ്ട കരിയര്‍ തന്നെയാണ്. താരപദവി പ്രതിഭ പൂര്‍ണ്ണമായും വറ്റിപ്പോയ കളിക്കാരെ സ്വന്തം കുടുംബാന്തരീക്ഷങ്ങളിലേക്ക് മടക്ക ടിക്കറ്റ് നല്‍കി പറഞ്ഞയക്കുന്നതിന് ഒരു തടസ്സവുമാകരുത്. ചില റെക്കോര്‍ഡുകള്‍ തിരുത്തപ്പെടേണ്ടവ അല്ലെങ്കില്‍ അവിടെ നിന്നോട്ടെ. അവ തകര്‍ക്കാനായി ചിലരെ വെറുതേ കെട്ടിവലിക്കേണ്ടതില്ല. നായകന്മാരും കോച്ചുമാരും തങ്ങളുടെ കാര്‍ക്കശ്യവും ധാര്‍ഷ്ട്യവും മാത്രം സഹതാരങ്ങളോട് പ്രകടിപ്പിക്കേണ്ടവരല്ല. ചതിക്കുഴികള്‍ മാത്രം കുഴിച്ചുവെച്ച് അതില്‍ എതിരാളികള്‍ പൂര്‍ണ്ണമായും വീണു കൊള്ളും എന്നാണ് നിങ്ങളുടെ അമിത വിശ്വാസമെങ്കില്‍ പിന്നെ എന്തിനാണ് രണ്ടോ മൂന്നോ ഓവറുകള്‍ എറിയാനായി മാത്രം (സിറാജിനെക്കൊണ്ടും ആകാശ്ദീപിനെക്കൊണ്ടും ഒരൊറ്റ ഓവര്‍ പോലും എറിയിക്കാത്ത രണ്ടു ടെസ്റ്റുകളായിരുന്നു, ആകെയുള്ള മൂന്നില്‍) രണ്ട് സീമര്‍മാരെ എന്തു പുണ്യത്തിനാണ് പതിനൊന്നംഗ ടീമില്‍ ഉള്‍പ്പെടുത്തുന്നത്? രണ്ടോ മൂന്നോ സ്പിന്നര്‍മാരെ മാത്രം വെച്ച് ടെസ്റ്റ് ജയിക്കാനാവും എന്നാണ് തോന്നുന്നതെങ്കില്‍ എട്ടു ബാറ്റര്‍മാരെ കളിപ്പിച്ചു കൂടേ?
അഞ്ചു ദിവസങ്ങള്‍ കൊണ്ടും റിസല്‍ട്ടുണ്ടാവാതെ സമനിലയില്‍ ടെസ്റ്റുകള്‍ അവസാനിച്ചിരുന്ന അവസ്ഥയില്‍ നിന്നും രണ്ടര-മൂന്നു ദിവസം പോലും നീണ്ടുനില്‍ക്കാത്തവയായി അവ പരിണമിച്ചിട്ടുണ്ടെങ്കില്‍ അത് പരിമിത ഓവര്‍ ക്രിക്കറ്റിന്റെ ആധിക്യത്തിന്റെ പരിണതി തന്നെയാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം തീരേ തിരിച്ചറിയാതെ പോകുന്നതില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് നമ്മുടെ കളിക്കാര്‍ തന്നെയാണ്. കോഹ്ലി, രോഹിത്ത്, ജഡേജ, അശ്വിന്‍, കെ.എല്‍. രാഹുല്‍ തുടങ്ങിയ വരിഷ്ഠര്‍ ഒരു മോചനം തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. പിടലികളില്‍ നിന്നും നുകം അഴിച്ച് അവരെ മുക്തരാക്കണം. കോച്ച് ഇത് ഐ.പിഎല്‍ അല്ലെന്നും തനിക്കു നയിക്കാനുള്ളത് കെ.കെ.ആര്‍ എന്ന ഒരു ചൂതാട്ട സംഘത്തിന്റെ ഭാഗത്തെയല്ലെന്നും മറിച്ച്, ഒരു വലിയ രാജ്യത്തിന്റെ വലിയ ടീമിനെയാണെന്നും ഉള്ള ബോധത്തിലേക്കും ഉണരണം.
-റഹ്മാന്‍ മുട്ടത്തൊടി