കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന് തയ്യാറായില്ല. ഒടുവില്‍ ജലപീരങ്കിയുടെ സംഭരണിയില്‍ വെള്ളം തീര്‍ന്നതും സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ആര്.ഡി.ഒ ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പൊലീസ് തീര്‍ത്ത ബാരിക്കേഡും പ്രവര്‍ത്തകര്‍ മറിച്ചിട്ടു. അരമണിക്കൂര്‍ നേരം പൊലീസ് പിടിച്ചുനിര്‍ത്തിയതിന് പിന്നാലെ ബാരിക്കേഡാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറിച്ചിട്ടത്. ഇതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ബാരിക്കേഡ് മറിച്ചിടുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് കൈക്ക് മുറിവേറ്റത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജു (39), ചീമേനി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് ബാബു (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായര്‍ ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന് അമ്പലത്തറ ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊലീസ് നിലയുറപ്പിച്ചിരുന്നത്.