കാസര്‍കോട്: കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ കെട്ടിടങ്ങള്‍ കാടുമൂടുന്നു. കലക്ടറേറ്റ് കെട്ടിടങ്ങളുടെ മുന്‍വശത്ത് കാടുകള്‍ വെട്ടിത്തെളിച്ച് ശുചീകരണം നടത്തിയിട്ടുണ്ടെങ്കിലും പിറകുവശത്ത് നിറയെ കാടുകള്‍ വളര്‍ന്നിരിക്കുകയാണ്.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനും ലൈബ്രറിക്കും സമീപത്തെ ചെളിക്കുളമായ റോഡിന് സമീപത്ത് വളര്‍ന്ന കാടുകളില്‍ നിന്ന് കാട്ടുവള്ളികളും മരത്തിന്റെ ശാഖകളും കലക്ടറേറ്റ് കെട്ടിടങ്ങളിലേക്കാണ് പടര്‍ന്നിരിക്കുന്നത്. കാട്ടുവള്ളികള്‍ കെട്ടിടങ്ങളുടെ ജനാലയും കടന്ന് അകത്തുകയറിയ നിലയിലാണ്. ഈ കാട്ടുവള്ളികളിലൂടെ പുഴുക്കളും മറ്റ് പ്രാണികളും ഓഫീസുകളിലെത്തുന്നു. ഇത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കലക്ടറേറ്റിലെ വിലപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന റിക്കാര്‍ഡ് റൂമിനും ചുറ്റും കാടുകളാണ്. ഈ ഭാഗം ഇഴജന്തുക്കളുടെ താവളം കൂടിയാണ്.
പാമ്പുകളും മറ്റ് ഇഴജന്തുക്കളും ജീവനക്കാര്‍ക്കും കലക്ടറേറ്റിലെ സന്ദര്‍ശകര്‍ക്കും ഭീഷണിയായിട്ടുണ്ട്. വടക്കുഭാഗത്തുനിന്നും മറ്റും വരുന്ന ജീവനക്കാര്‍ക്ക് കലക്ടറേറ്റിലെ ഓഫീസുകളിലേക്ക് പോകാന്‍ ഈ ഭാഗത്ത് എളുപ്പവഴികളുണ്ട്. എന്നാല്‍ കാടുകള്‍ നിറഞ്ഞതോടെ ഈ വഴിയിലൂടെയുള്ള കാല്‍നടയാത്ര ബുദ്ധിമുട്ടാവുകയാണ്.