ബേഡകം: ദേശീയ തൊഴിലാളി പ്രസ്ഥാനമായ സി.ഐ.ടി.യുവിന്റെ സ്ഥാപക ദിനം രാജ്യമെമ്പാടും കൊണ്ടാടുമ്പോഴും പങ്കാളിയാകാന്‍ കഴിയാത്ത വിഷമത്തിലാണ് ജില്ലയിലെ സി.ഐ.ടി.യു.വിന്റെ അമരക്കാരനായ പി.രാഘവന്. കഴിഞ്ഞ തവണ സി.ഐ.ടി.യു.വിന്റെ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് നടക്കുമ്പോള്‍ അതില്‍ പങ്കടുക്കാന്‍ കഴിയാതെ മനസുകൊണ്ട് അവിടെയെത്തിയ നേതാവാണ് പി.രാഘവന്. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ മുന്നാട്ടെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. പക്ഷെ ഒരു ജീവിതം മുഴുവന്‍ തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി നീക്കിവെച്ച പി.ആറിന് ഇതൊരു നഷ്ടമാണ്. സി.ഐ.ടി.യു സമ്മേളനങ്ങളുടെയും സമരസംഘടനാ പരിപാടി കളുടെയും മുഖ്യ സംഘാടകനായും പിന്നീട് നേതൃനിരയായും പ്രവര്‍ത്തിച്ച് സംഘടന കെട്ടിപെടുക്കുന്നതിന് രാപകല്‍ ഭേദമന്യെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പി.രാഘവന് സി.ഐ.ടി.യു സ്വന്തം ജീവനായിരുന്നു. വിവിധ മേഖലകളിലെ അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്‍നിര പ്രവര്‍ത്തനം നടത്തി. അടുത്ത കാലം വരെ സി.ഐ.ടി.യുവിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി.ആര് ജില്ലയില്‍ ആ പ്രസ്ഥാനത്തെ അരക്കിട്ടുറപ്പിച്ച ശേഷമാണ് നേതൃത്വ സ്ഥാനത്ത് നിന്ന് മാറിയത്. സ്ഥാപകദിനാചരണ പരിപാടികള്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തിലാണ് അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന് തൊഴിലാളി വര്‍ഗ പോരാട്ട സമരങ്ങളുടെ നീണ്ട അനുഭവസമ്പത്തുണ്ട്. കണ്ണൂര്‍ ആശുപത്രിയിലെ ചികിത്സക്കൊപ്പം വീട്ടില്‍ വിശ്രമത്തിലാണങ്കിലും അദ്ദേഹത്തിന്റെ ചിന്തയും മനസും ഇപ്പോഴും താന്‍ സ്നേഹിച്ച പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ്. പ്രവര്‍ത്തന പാരമ്പര്യം കൊണ്ട് സി.പി.എമ്മിന്റെ ജില്ലയിലെ മുന്‍നിര പ്രവര്‍ത്തകനാണ് പി.ആര്. സംഘടനാ പ്രവര്‍ത്തകരില്‍ ആവേശവും അതിലേറെ സംഘടനാ പാടവും കാണിക്കുന്ന പി.ആറിന്റെ പ്രവര്‍ത്തനവും സംഘടനയെ ഏറെ മുന്നിലെത്തിച്ചു. സഹകരണ മേഖലയില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ക്ക് രൂപം നല്കിയ അദ്ദേഹം സംസ്ഥാനത്തെ സഹകാരികളില്‍ അഗ്രഗണ്യനായി. ചെറുതും വലുതുമായ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ക്ക് രൂപം നല്കാന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.
ബാങ്കിംഗ്, വിദ്യാഭ്യാസം, ആസ്പത്രി തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ ശ്രമഫലമായി സഹകരണ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നു. തൊഴിലാളി വര്‍ഗവും സഹകരണ മേഖലയും പരസ്പരം ബന്ധപെട്ടതാണെന്ന് തെളിയിക്കുന്നതായിരുന്നു ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. 10 വര്‍ഷത്തെ നിയമസഭംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനവും അരനൂറ്റാണ്ടിലേറെയുള്ള പൊതുപ്രവര്‍ത്തനവും കൂട്ടിയെടുത്തതാണ് അദ്ദേഹത്തിന്റെ ജീവിതവും. സംഘടനാ പ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്റെ അസാന്നിധ്യം സഹപ്രവര്‍ത്തകര്‍ക്ക് നഷ്ടമാണ്.
ആവേശോജ്വലമായ സമര സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പി.ആര്. നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് ആവേശം നല്കുന്നവ ആയിരുന്നു.
ഇന്ന് ജില്ലയിലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കരുത്താര്ജിച്ചിട്ടുണ്ടെങ്കില് പി.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രചോദനമാണ്.