കാസര്‍കോട്: കേരളത്തില്‍ ശിശുസംരക്ഷണ മേഖലയില്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരുടെ വെട്ടിക്കുറച്ച വേതനം പുന:സ്ഥാപിക്കുക, കരാര്‍ സമയബന്ധിതമായി പുതുക്കി നല്‍കുക, മൂന്ന് വര്‍ഷ കരാര്‍ നടപ്പിലാക്കുക, ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ സൊസൈറ്റിയായി പ്രവര്‍ത്തിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഐ.സി.പി.എസ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കിന്റെ ഭാഗമായി. കേരള ഐ.സി.പി.എസ് എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു) നേതൃത്വത്തില്‍ കാസര്‍കോട് സിവില്‍ സ്റ്റേഷന് പരിസരത്ത് നടക്കുന്ന അനിശ്ചിതകാല പണിമുടക്ക് അഞ്ചാം ദിനത്തിലേക്ക് കടന്നു. ജിഷ. പി.വി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ സെക്രട്ടറി സനല്‍. എം സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡണ്ട് നാരായണന്, ജില്ലാ കമ്മിറ്റി അംഗം എ.ആര് ധന്യവാദ് സംസാരിച്ചു.