ചെര്‍ക്കളയുടെ സ്വന്തം ലത്തീഫ് ഡോക്ടര്‍

കാസര്‍കോട് ജില്ലയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത മഴയുടെ ദുര്‍വിധിയില്‍ മരിച്ച് ജീവിക്കുന്ന കുറേ മനുഷ്യര്‍. ആരോ ചെയ്ത ക്രൂരതയ്ക്ക് നിരന്തരം വേട്ടയാടപ്പെടുന്ന മനുഷ്യരുടെ ആരോഗ്യപ്രശ്‌നം കത്തിപ്പടരുന്ന അവസ്ഥയില്‍ നിന്നും മോചനം കാണാതെ വിഷമിക്കുന്ന കാസര്‍കോടിന്റെ മണ്ണില്‍ ലോകത്തെ തന്നെ നടുക്കിയ കോവിഡ് മഹാമാരിയും കടന്നുവന്നതോടെ ഇവിടത്തെ ജനതയുടെ ജീവിതം വീണ്ടും വഴിമുട്ടി. ജീവന്‍ നിലനിര്‍ത്താന്‍ അയല്‍ സംസ്ഥാനത്തെ ആശ്രയിച്ചിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് കോവിഡ് വന്നതോടെ നേരിടേണ്ടിവന്നത്. […]

കാസര്‍കോട് ജില്ലയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത മഴയുടെ ദുര്‍വിധിയില്‍ മരിച്ച് ജീവിക്കുന്ന കുറേ മനുഷ്യര്‍. ആരോ ചെയ്ത ക്രൂരതയ്ക്ക് നിരന്തരം വേട്ടയാടപ്പെടുന്ന മനുഷ്യരുടെ ആരോഗ്യപ്രശ്‌നം കത്തിപ്പടരുന്ന അവസ്ഥയില്‍ നിന്നും മോചനം കാണാതെ വിഷമിക്കുന്ന കാസര്‍കോടിന്റെ മണ്ണില്‍ ലോകത്തെ തന്നെ നടുക്കിയ കോവിഡ് മഹാമാരിയും കടന്നുവന്നതോടെ ഇവിടത്തെ ജനതയുടെ ജീവിതം വീണ്ടും വഴിമുട്ടി. ജീവന്‍ നിലനിര്‍ത്താന്‍ അയല്‍ സംസ്ഥാനത്തെ ആശ്രയിച്ചിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് കോവിഡ് വന്നതോടെ നേരിടേണ്ടിവന്നത്. അതിര്‍ത്തികള്‍ അടച്ച് കര്‍ണ്ണാടക തീര്‍ത്തും മനുഷ്യത്വരഹിതമായാണ് പ്രവര്‍ത്തിച്ചത്. മാരക രോഗം ബാധിച്ചവരും അപകടത്തില്‍പ്പെട്ടവരും തുടര്‍ ചികിത്സ തേടുന്നവരുമെല്ലാം അനിശ്ചിതത്വത്തിലായി. ഇരുപത്തിരണ്ട് വിലപ്പെട്ട ജീവനുകള്‍ ഇങ്ങനെ നഷ്ടപ്പെട്ടു.
ഏറെ പ്രതീക്ഷയോടെ നിര്‍മ്മാണം ആരംഭിച്ച കാസര്‍കോട് മെഡിക്കല്‍ കോളേജ്, വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും പണിതീരാതെ കിടക്കുന്നു. കൊറോണ കാലത്ത് അടിയന്തിരമായി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിയത് കോവിഡ് രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കി. എന്നാല്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനം പ്രതീക്ഷിച്ച് കഴിയുന്ന കാസര്‍കോട്ടെ ജനങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് മെഡിക്കല്‍ കോളേജിലുള്ള ഉദ്യോഗസ്ഥന്മാരെക്കൂടി സ്ഥലം മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത് എന്ന വാര്‍ത്ത വലിയ ആശങ്കയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍കോടിന് കിട്ടണം എന്നത് ഏറ്റവും ഉചിതമായ ആവശ്യമാണ്. കാരണം, കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജും അതുപോലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ഉണ്ട്. ആരോഗ്യരംഗത്തും വലിയ പ്രതിസന്ധിയില്‍ ഉള്ള കാസര്‍കോടിന് എയിംസ് അനുവദിക്കപ്പെടണം. ആവശ്യമായ സ്ഥലവും സൗകര്യവുമുള്ളപ്പോള്‍ ഒരു ദുര്‍വിധിപോലെ എന്താണ് കാസര്‍കോടിനെ അവഗണിക്കുന്നത്. എയിംസിനുവേണ്ടിയുള്ള സമര ശബ്ദങ്ങളില്‍ മുഖ്യ രാഷ്ട്രീയകക്ഷികള്‍ കാണിക്കുന്ന നിശബ്ദതയും നിസങ്കതയും ജനങ്ങള്‍ക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. വോട്ടുചെയ്തു വിജയിപ്പിച്ച് ഭരണരംഗത്തേക്ക് അയച്ചവരോട് ജനപ്രതിനിധികള്‍ക്ക് വലിയ കടപ്പാടുകളില്ലേ? ഇത് കാസര്‍കോടിന്റെ ജനകീയ പ്രശ്‌നമാണ്. ഇവിടെ പാര്‍ട്ടിയല്ല നോക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ രോഗികളോടും അതുപോലെ മറ്റു മാരകമായ രോഗികള്‍ക്കും ചികിത്സാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അയല്‍ സംസ്ഥാനത്തെ മെഡിക്കല്‍ മാഫിയകളുടെ കൊള്ളയില്‍ നിന്നും കാസര്‍കോട്ടെ ജനങ്ങളെ രക്ഷിക്കുന്നതിനും ജില്ലയിലെ എം.എല്‍.എമാരും, എം.പിയും അതുപോലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒന്നിച്ച് ഒരു സമരപോരാട്ടം നടത്തിയാല്‍ മാത്രമേ കാലങ്ങളായി തുടരുന്ന ആരോഗ്യരംഗത്തെ അനാസ്ഥയ്ക്ക് മാറ്റം വരികയുള്ളൂ.
നമ്മുടെ ആരോഗ്യരംഗത്തെ ദു:ഖകരമായ സ്ഥിതി വിവരിക്കുമ്പോഴും ആതുരസേവനം ഒരു തപസ്യപോലെ നടത്തുന്ന ചിലര്‍ നമുക്കിടയില്‍ ഉണ്ടെന്ന സത്യം വലിയ സന്തോഷം പകരുന്നു. ആ ഗണത്തില്‍പ്പെടുന്ന ഞങ്ങളുടെ, ചെര്‍ക്കളക്കാരുടെ സ്വന്തം അബ്ദുല്‍ ലത്തീഫ് ഡോക്ടര്‍ നീണ്ട സേവന പാതയില്‍ നിസ്വാര്‍ത്ഥ സേവനം തുടരുകയാണ് എണ്‍പത്തിരണ്ടാം വയസ്സിലും. മറ്റെല്ലാ രംഗത്തുമെന്നപോലെ ആരോഗ്യരംഗത്തും പ്രതിസന്ധികള്‍ നിറഞ്ഞ സമയം ചെര്‍ക്കളയില്‍ ഒരു ആരോഗ്യകേന്ദ്രം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത് 1973ലാണ്. അവിടെ ആദ്യ ഡോക്ടറായി എത്തുകയായിരുന്നു അബ്ദുല്‍ ലത്തീഫ് എന്ന ലത്തീഫ് ഡോക്ടര്‍.
മാതാപിതാക്കള്‍ കര്‍ണാടക സംസ്ഥാനക്കാരാണെങ്കിലും വാപ്പ എം.എം. ഹുസൈന്‍ എറണാകുളം സെന്‍ട്രല്‍ ബാങ്ക് മാനേജരായി അവിടെ എത്തിയത് കൊണ്ട് ലത്തീഫിന്റെ വിദ്യാഭ്യാസവും എറണാകുളത്തായിരുന്നു.
1963-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് നല്ല മാര്‍ക്കില്‍ പാസായി. 1964ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനം ആരംഭിച്ചു. കുറച്ചു വര്‍ഷങ്ങള്‍ കോഴിക്കോട് കോട്ടപ്പുറം ജനറല്‍ ആശുപത്രിയിലും സേവനം തുടര്‍ന്നു.
ഇതിനിടയില്‍ വിവാഹം നടന്നു. കാസര്‍കോട് മൊഗ്രാലിലെ പ്രശസ്ത കുടുംബത്തില്‍ നിന്നുമാണ് ആയിഷയെ വധുവായി സ്വീകരിച്ചത്. അതുവഴി കാസര്‍കോട്ടെ ജനസേവനരംഗത്തെ വലിയ വ്യക്തിത്വങ്ങള്‍ അടങ്ങുന്ന ഷംനാട് കുടുംബത്തിലെ പുതിയാപ്ലയായി. 1967ല്‍ കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ എത്തി. അക്കാലത്ത് ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി ഷംനാട്, ഡോ. സുബ്രഹ്‌മണ്യന്‍, ശിവദാസ് തുടങ്ങിയവര്‍ സഹപ്രവര്‍ത്തകരായിരുന്നു. മൂന്ന് വര്‍ഷം അവിടെ രോഗികളുടെ പ്രിയ ഡോക്ടറായി സേവനം ചെയ്തു. 1970ല്‍ മുളിയാര്‍ പ്രാഥമിക കേന്ദ്രത്തില്‍ എത്തി. അവിടെനിന്നും 1973ല്‍ ചെര്‍ക്കളയില്‍ ആരംഭിച്ച ചെങ്കള ആരോഗ്യ കേന്ദ്രത്തില്‍ സേവനം തുടങ്ങി. പുഞ്ചിരിതൂകി രോഗികളോട് സൗമ്യമായി രോഗവിവരങ്ങള്‍ അന്വേഷിച്ച് മരുന്നിനേക്കാള്‍ ആശ്വാസം നല്‍കുന്ന പതിഞ്ഞ സംസാരശൈലി, ജനങ്ങളുടെ മനസ്സില്‍ ലത്തീഫ് ഡോക്ടര്‍ക്ക് വലിയ സ്ഥാനം നേടിക്കൊടുത്തു. തന്റെ മുന്നില്‍ വരുന്ന രോഗിയുടെ മനസ്സ് വായിച്ചെടുക്കാനുള്ള ഡോക്ടറുടെ കഴിവ് തന്നെയാണ് അദ്ദേഹത്തെ അവരുടെ പ്രിയപ്പെട്ട ഡോക്ടറാക്കി മാറ്റിയത്. ചെര്‍ക്കളയിലെയും പരിസരപ്രദേശങ്ങളിലെയും ഒരു കുടുംബബന്ധുവായി മാറുകയായിരുന്നു ലത്തീഫ് ഡോക്ടര്‍. നാട്ടിലെ എല്ലാ ആഘോഷങ്ങളിലും ദു:ഖങ്ങളിലും ഡോക്ടര്‍ നാട്ടുകാരുടെ കൂടെ ചേര്‍ന്നു.
1980ല്‍ ചട്ടഞ്ചാലില്‍ സേവനം ചെയ്തുവരുമ്പോള്‍ കാഞ്ഞങ്ങാട് ഡി.എം.ഒയായി പ്രമോഷന്‍ ലഭിച്ചെങ്കിലും വളണ്ടറി പെന്‍ഷന്‍ വാങ്ങി താന്‍ ഏറെ ഇഷ്ടപ്പെടുന്ന, തന്നെ സ്‌നേഹബഹുമാനങ്ങള്‍ കൊണ്ട് പൊതിയുന്ന ചെര്‍ക്കളയില്‍ തന്നെ സ്ഥിരതാമസമാക്കി. ആരോഗ്യരംഗത്ത് തീരെ പുരോഗതിയില്ലാത്ത ചെര്‍ക്കളയിലും അതുപോലെ അടുത്ത പ്രദേശത്തും ഉള്ള രോഗികള്‍ക്ക് ഇത് വലിയ ആശ്വാസം നല്‍കി. പണത്തിനും പദവിക്കും മുകളില്‍ ആതുരസേവനത്തെ ഒരു തപസ്യയായി കാണാന്‍ ലത്തീഫ് ഡോക്ടര്‍ക്ക് കഴിഞ്ഞു. രോഗങ്ങളുമായി തനിക്ക് മുന്നില്‍ എത്തുന്ന രോഗിയെ എങ്ങനെ കൊള്ളയടിക്കാം എന്ന ചിന്തയില്‍ എല്ലാതരം ടെസ്റ്റുകളും രോഗികള്‍ക്ക് വിധിച്ച് പണം കൊയ്യുന്ന ഇന്നത്തെ ചികിത്സാരീതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ലത്തീഫ് ഡോക്ടര്‍. പണമില്ലാത്തത് കൊണ്ട് രോഗികള്‍ ഒരിക്കലും ബുദ്ധിമുട്ടരുത് എന്ന മനസ്സാണ് ഡോക്ടര്‍ക്ക്. ഫീസ് ആരോടും ചോദിച്ചുവാങ്ങില്ല. കൈയ്യില്‍ ഉള്ളതുകൊടുത്താല്‍ സന്തോഷം. അതുപോലെ ഡോക്ടറുടെ പരിശോധനയില്‍ കണ്ടെത്തുന്ന രോഗവിവരങ്ങള്‍ അധികവും ഏത് ഡോക്ടര്‍മാരുടെ മുന്നില്‍ എത്തിയാലും അത് അംഗീകരിക്കപ്പെടുന്നു. അദ്ദേഹം സ്ഥിരീകരിച്ച രോഗനിര്‍ണ്ണയം, അത് വളരെ ശരിയായിരിക്കും. മരുന്ന് ആവശ്യമുള്ള രോഗികള്‍ക്ക് അത് എഴുതി കൊടുക്കും.
തുടര്‍ ചികിത്സയാണ് വേണ്ടതെങ്കില്‍ അത് തുറന്നു പറയും. അതിന് പറ്റിയ ഡോക്ടര്‍മാരെയും ആശുപത്രിയെയും കുറിച്ച് പറഞ്ഞുകൊടുക്കും. ഇപ്പോള്‍ വയസ്സ് എണ്‍പത് കടന്നെങ്കിലും മുന്നില്‍ എത്തുന്ന രോഗിക്ക് യൗവ്വനത്തുടിപ്പോടെ മരുന്നുകള്‍ കുറിച്ചുനല്‍കും. മൂന്ന് മക്കളും ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തി.
മകന്‍ ആസ്‌ത്രേലിയയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. മക്കളും പേരമക്കളും എല്ലാം ഉന്നത വിദ്യാഭ്യാസത്തില്‍ ഉയരങ്ങള്‍ കീഴടക്കിയതിന്റെ സന്തോഷം തന്റെ ഏകാന്ത ജീവിതത്തില്‍ വലിയ സംതൃപ്തി പകരുന്നതായി മുഖത്തെ തെളിച്ചം അടയാളപ്പെടുത്തുന്നു.

Related Articles
Next Story
Share it