ചെമ്മനാട്: നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട് എന്ന പേരില്‍ സമ്പൂര്‍ണ്ണമാലിന്യമുക്ത പദ്ധതി നടപ്പിലാക്കി വരുന്ന ചെമ്മനാട് പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയെ ഉപയോഗിച്ച് അജൈവ മാലിന്യ സംസ്ക്കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിനൊപ്പം ജൈവ മാലിന്യ സംസ്ക്കരണത്തിന് കൂടി പ്രാധാന്യം നല്കി കൊണ്ട് റിങ്ങ് കമ്പോസ്റ്റ് പിറ്റുകള്‍ വീടുകൡലെത്തിക്കുന്ന പദ്ധതി ആരംഭിച്ചു. ഉറവിട മാലിന്യ സംസ്ക്കരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ശുചിത്വ മിഷന് പെര്‍ഫോമന്‍സ് ബയ്സ്ഡ് ഇന്റന്‍സീവ് ഗ്രാന്റ് ഉപയോഗിച്ച് ആയിരം റിങ്ങ് കമ്പോസ്റ്റ് യൂണിറ്റുകള്‍ ഈ മാസം വിതരണം ചെയ്യും. ഒരു യൂണിറ്റില്‍ രണ്ട് റിങ്ങുകളാണ് നല്‍കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു. 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് 250 രൂപ ഗുണഭോക്തൃ വിഹിതം വാങ്ങി 2500 രൂപയുള്ള രണ്ട് റിങ്ങുകളാണ് ഒരു വീട്ടിലേക്കായി നല്‍കുന്നത്. ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്ക്കരിച്ചു കൊണ്ട് ജനങ്ങളില്‍ പുതിയ ഒരു മാലിന്യ സംസ്ക്കാരം വളര്‍ത്തിയെടുക്കാനും അതു വഴി ജൈവ കൃഷി രീതി പ്രോത്സഹിപ്പിക്കാനും പഞ്ചായത്ത് ഭരണ സമിതി ലക്ഷ്യമിടുന്നു. റെഡ്കൊ ഏരിയ മാനേജര്‍ അരവിന്ദ് റിംഗ് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തന രീതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരന്, ഷംസുദ്ദീന് തെക്കില്‍, പഞ്ചായത്തംഗങ്ങളായ രാജന് കെ പൊയിനാച്ചി, ഇ മനോജ് കുമാര്‍, കെ.കൃഷ്ണന്, മറിയ മാഹിന്‍, ആസിയ, ടി.ജാനകി, അമീര്‍ പാലോത്ത്, കെ.വി വിജയന്, സുസ്മിത, വി.ഇ.ഒ രാജേന്ദ്രന് സംബന്ധിച്ചു.