ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണത്തില്‍ രാസപരിശോധനാഫലം വൈകും; സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു

ബേക്കല്‍: പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായി എം.സി. അബ്ദുല്‍ ഗഫൂറി(55)ന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട രാസപരിശോധനാഫലം വൈകുമെന്ന് പൊലീസ്. അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹത്തിലെ വിസറ വിദഗ്ധ പരിശോധനക്കായി കണ്ണൂരിലെ ഫോറന്‍സിക് ലാബിലേക്കാണ് അയച്ചിരിക്കുന്നത്. പരിശോധനഫലം ലഭിക്കാന്‍ രണ്ടാഴ്ചയിലേറെ വേണ്ടിവരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് മൃതദേഹം പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നും പുറത്തെടുത്തത്. ഖബറടക്കിയ സ്ഥലത്ത് വലിയ ടെന്റ് കെട്ടിയായിരുന്നു പോസ്റ്റുമോര്‍ട്ടം. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ കൂടിയായ സബ് കലക്ടര്‍ സൂഫിയാന്‍ അലി അഹമ്മദ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. […]

ബേക്കല്‍: പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായി എം.സി. അബ്ദുല്‍ ഗഫൂറി(55)ന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട രാസപരിശോധനാഫലം വൈകുമെന്ന് പൊലീസ്. അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹത്തിലെ വിസറ വിദഗ്ധ പരിശോധനക്കായി കണ്ണൂരിലെ ഫോറന്‍സിക് ലാബിലേക്കാണ് അയച്ചിരിക്കുന്നത്. പരിശോധനഫലം ലഭിക്കാന്‍ രണ്ടാഴ്ചയിലേറെ വേണ്ടിവരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് മൃതദേഹം പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നും പുറത്തെടുത്തത്. ഖബറടക്കിയ സ്ഥലത്ത് വലിയ ടെന്റ് കെട്ടിയായിരുന്നു പോസ്റ്റുമോര്‍ട്ടം. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ കൂടിയായ സബ് കലക്ടര്‍ സൂഫിയാന്‍ അലി അഹമ്മദ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. എസ്.ആര്‍ ആതിരയുടെ നേതൃത്വത്തിലായിരുന്നു ഖബറില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശോധനക്ക് ശേഷം അതേ ഖബറിടത്തില്‍ മൃതദേഹം മറവ് ചെയ്തു. ശരീരത്തില്‍ നിന്നെടുത്ത ഒന്നിലേറെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതിന്റെ ഫലം കൂടി വന്നാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ. ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ഗഫൂറിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. തലേദിവസം വൈകിട്ട് വരെ വീട്ടില്‍ ഭാര്യ ഷെരീഫയും മകളും മരുമകളും ഒപ്പമുണ്ടായിരുന്നു. മരുമകള്‍ അവരുടെ വീട്ടിലേക്കും ഭാര്യയും മകളും മേല്‍പ്പറമ്പിലെ ബന്ധുവീട്ടിലേക്കും പോയി. നോമ്പ് തുറയ്ക്ക് വരില്ലെന്നും പുലര്‍ച്ചെ അത്താഴത്തിന് മേല്‍പ്പറമ്പിലെ വീട്ടിലെത്താമെന്നുമാണ് അബ്ദുല്‍ ഗഫൂര്‍ ഭാര്യയോട് പറഞ്ഞത്. എന്നാല്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഷെരീഫ ഗഫൂറിന്റെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഇക്കാര്യം ഗഫൂറിന്റെ സഹോദരപുത്രന്‍ ബദറുദ്ദീനെ ഫോണില്‍ വിളിച്ചുപറഞ്ഞു. ബദറുദ്ദീന്‍ പുലര്‍ച്ചെ 4.40 മണിയോടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ച നിലയിലായിരുന്നെങ്കിലും അകത്തുനിന്ന് പൂട്ടിയിരുന്നില്ല. ബദറുദ്ദീന്‍ വാതില്‍ തുറന്ന് അകത്തു കടന്നപ്പോഴാണ് ഗഫൂറിനെ കിടപ്പുമറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് മരണത്തില്‍ സംശയമൊന്നും തോന്നാതിരുന്നതിനാല്‍ മൃതദേഹം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വീട്ടിലുണ്ടായിരുന്ന 600 പവനോളം സ്വര്‍ണം കാണാനില്ലെന്ന് വ്യക്തമായത്. ഇതോടെ ഗഫൂറിന്റെ മരണത്തില്‍ സംശയമുയരുകയും ബന്ധുക്കള്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നടപടിയുണ്ടായത്. കൂടുതല്‍ തെളിവുശേഖരണത്തിന്റെ ഭാഗമായി പൊലീസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചുതുടങ്ങി. ഗഫൂര്‍ ഹാജിയുടെ ബന്ധുക്കളുടെയും അയല്‍വാസികളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു

Related Articles
Next Story
Share it