ബദിയടുക്ക: സ്വര്‍ണാഭരണത്തിന് തിളക്കം കൂട്ടി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പെന്ന് പരാതി. വീട്ടമ്മയുടെ മൂന്നരപ്പവന്‍ സ്വര്ണമാലയില് നിന്ന് ഒന്നരപ്പവനോളം നഷ്ടപ്പെട്ടതായി പറയുന്നു. ഇന്നലെ വൈകിട്ട് മാന്യയിലാണ് സംഭവം. മാന്യയിലെ ഓട്ടോ ഡ്രൈവര്‍ കടവിലെ അപ്പക്കുഞ്ഞിയെന്ന മോഹനന്റെ വീട്ടിലാണ് തട്ടിപ്പ് നടത്തിയത്. മോഹനന്റെ ഭാര്യയും മകളും സമീപത്തെ വീട്ടിലെ കുട്ടിയും വീട്ടിലുണ്ടായിരുന്നപ്പോഴാണ് നിലവിളക്കിന്റെയും സ്വര്‍ണാഭരണത്തിന്റെയും തിളക്കം കൂട്ടി നല്‍കാമെന്ന് പറഞ്ഞ് ഒരാള്‍ എത്തിയത്. ആദ്യം നിലവിളക്കും തുടര്‍ന്ന് കുട്ടിയുടെ പാദസരവും തിളക്കം കൂട്ടി നല്കി. അതിനിടെയാണ് യുവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല ആവശ്യപ്പെട്ടത്. യുവതി മാല നല്‍കിയതോടെ അയാള്‍ ലായനിയിലിട്ടു. തുടര്‍ന്ന് മാല ചുവപ്പ് നിറത്തിലായി. അരമണിക്കൂറോളം മഞ്ഞള്‍ കലര്‍ത്തിയ വെളളത്തില്‍ മാലയിട്ട് വെച്ചാല്‍ പിന്നീട് നല്ല തിളക്കം ഉണ്ടാവുമെന്നാണത്രെ അയാള്‍ പറഞ്ഞത്. എന്നാല്‍ യുവതി പിന്നീട് മാല നോക്കിയപ്പോള്‍ ചുവപ്പ് നിറത്തില്‍ തന്നെയായിരുന്നുവെന്നും ഒന്നരപ്പവന്‍ നഷ്ടപ്പെട്ടതായും വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്കി. അതേ സമയം തട്ടിപ്പ് നടത്തിയയാളുടെ ഫോട്ടോ വീട്ടിലെ കുട്ടി പകര്‍ത്തിയിട്ടുണ്ട്.