കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകനെ പുതുപ്പള്ളി നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. പ്രതീക്ഷിച്ചതിലും വലിയ ഭൂരിപക്ഷത്തിന് വിജയിച്ച് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്ക് ടിക്കറ്റ് നേടി. 37719 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്റെ മിന്നും ജയം. ഇടത് മുന്നണിയുടെ ജെയ്ക് സി. തോമസിന് ഹാട്രിക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ബി.ജെ.പി അമ്പേ പരാജയപ്പെട്ടു.
ചാണ്ടി ഉമ്മന് (യു.ഡി.എഫ്) 80144 വോട്ടും ജെയ്ക് സി. തോമസിന് (എല്‍.ഡി.എഫ്) 42425 വോട്ടും ലിജിന്‍ ലാലിന് (എന്‍.ഡി.എ) 6558 വോട്ടുകളുമാണ് ലഭിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്ന പുതുപ്പള്ളിയില്‍ വന്‍ തരംഗം തീര്‍ത്ത് ആദ്യം മുതല്‍ തന്നെ ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പായിരുന്നു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ചാണ്ടിയുടെ ലീഡ് നില 34,000 കടന്നിരുന്നു.
ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക് സി. തോമസിന് വോട്ടെണ്ണലിന്റെ ഒരു വേളയില്‍ പോലും മുന്നിലെത്താന്‍ കഴിഞ്ഞില്ല. ബി.ജെ.പി എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെയ്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മന്റെ കുതിപ്പായിരുന്നു.
അയര്‍ക്കുന്നത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡായിരുന്നുവെങ്കില്‍ അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് സാധിച്ചു.
ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനെയാണ് പിന്തുണച്ചത്. ജെയ്ക്ക് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മണര്‍കാടും കൈവിട്ടതോടെ എല്‍.ഡി.എഫ് സ്വപ്‌നം പാടെ പൊലിഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളില്‍ ഒന്നായിരുന്നു മണര്‍ക്കാട്. ഇവിടെ അന്ന് ജെയ്കിന് 1213 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ചാണ്ടി ഉമ്മനാണ് ലീഡ് സമ്മാനിച്ചത്.