16 ദിവസം ഗതാഗതം നിരോധിച്ച് പ്രവൃത്തി നടത്തിയചന്ദ്രഗിരി റോഡ് തകര്‍ന്നു; പ്രതിഷേധം ശക്തം

കാസര്‍കോട്: 16 ദിവസം ഗതാഗതം നിരോധിച്ച് പണി നടത്തിയിട്ടും കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന് സമീപത്തെ കെ.എസ്.ടി.പി റോഡ് തകര്‍ന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്രയും ദിവസം ഗതാഗതം പോലും നിരോധിച്ചിട്ട് പണിയെടുത്തിട്ടും റോഡ് തകര്‍ന്നതിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്നാണ് ആക്ഷേപം. അറ്റകുറ്റപ്പണി നടത്താനായി കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ 16 ദിവസമാണ് ഗതാഗതം നിരോധിച്ചത്. ഇതുവഴി സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ദേശീയപാത വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്. പണി കഴിഞ്ഞ് കെ.എസ്.ടി.പി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് […]

കാസര്‍കോട്: 16 ദിവസം ഗതാഗതം നിരോധിച്ച് പണി നടത്തിയിട്ടും കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന് സമീപത്തെ കെ.എസ്.ടി.പി റോഡ് തകര്‍ന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്രയും ദിവസം ഗതാഗതം പോലും നിരോധിച്ചിട്ട് പണിയെടുത്തിട്ടും റോഡ് തകര്‍ന്നതിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്നാണ് ആക്ഷേപം. അറ്റകുറ്റപ്പണി നടത്താനായി കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ 16 ദിവസമാണ് ഗതാഗതം നിരോധിച്ചത്. ഇതുവഴി സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ദേശീയപാത വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്. പണി കഴിഞ്ഞ് കെ.എസ്.ടി.പി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് പുലിക്കുന്നില്‍ വീണ്ടും റോഡ് തകര്‍ന്നത്. ഇവിടെ പാകിയ ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകി വേര്‍പെട്ട നിലയിലാണ്. ഭാരവാഹനങ്ങള്‍ പോകാന്‍ തുടങ്ങിയതോടെയാണ് റോഡ് വീണ്ടും തകരാന്‍ തുടങ്ങിയത്. ശാസ്ത്രീയപരിശോധന പോലുമില്ലാതെയാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയതെന്നാണ് ആരോപണം.
ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ മേല്‍നോട്ടമുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. റോഡ് നിര്‍മ്മിച്ച കാലം മുതല്‍ തന്നെ ഈ ഭാഗത്ത് റോഡ് തകരുന്നുണ്ട്. എല്ലാ വര്‍ഷവും അറ്റകുറ്റപണികള്‍ നടത്താറുണ്ടെങ്കിലും പിന്നീട് റോഡ് തകരുന്നു. കഴിഞ്ഞ വര്‍ഷവും ഇവിടെ കൊരുപ്പുകട്ടകള്‍ പാകിയെങ്കിലും താമസിയാതെ വലിയ കുഴികളുണ്ടായി. അപകടങ്ങള്‍ പതിവാകുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ ചെലവഴിച്ച തുക കണക്കാക്കിയാല്‍ നല്ല റോഡ് നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നു. അധികൃതരുടെ ദീര്‍ഘവീക്ഷണില്ലാത്ത സമീപനം കൊണ്ട് റോഡ് തകരുകയും ചെലവഴിച്ച തുകകളെല്ലാം പാഴാകുകയും ചെയ്തു. റോഡ് തകരാറിലായത് കാരണം കുഴികളില്‍ വീണ് നിരവധി വാഹനങ്ങളാണ് ഇക്കാലയളവില്‍ അപകടത്തില്‍പെട്ടത്.
റോഡ് തകര്‍ച്ചയെ തുടര്‍ന്ന് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പുലിക്കുന്നിലെത്തി പ്രതിഷേധമറിയിച്ചു. വെല്‍ഫയര്‍പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

Related Articles
Next Story
Share it