ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം നടത്തേണ്ടിവരുമെന്ന് തല്ക്കാലം പ്രതിപക്ഷത്തിരിക്കാമെന്നും ഇന്ത്യാ മുന്നണി യോഗം ഇന്നലെ തീരുമാനിച്ചുവെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടരണമെന്ന നിലപാട് തുടരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഈ ആവശ്യം മമത ബാനര്‍ജി ആവര്‍ത്തിക്കുകയാണ്. ബി.ജെ.പി മുന്നണി വീണ്ടും അധികാരത്തില്‍ വരുന്നതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ടെന്നും അതിന്റെ അലയടിയാണ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമം നടത്തണമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം.
അതിനിടെ, എന്‍.ഡി.എ പക്ഷത്തുള്ള ചന്ദ്രബാബു നായിഡുവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഇന്ത്യ സഖ്യകക്ഷിയിലെ ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന് കൂടിക്കാഴ്ച നടത്തിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വര്‍ഷങ്ങളായുള്ള സൗഹൃദം ആണെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള സ്റ്റാലിന്റെ പ്രതികരണം. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അവകാശം നായിഡു സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്ന് സ്റ്റാലിന് പറഞ്ഞു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി ഡല്‍ഹിയില്‍ വാദിക്കുമെന്ന് വിശ്വാസമുണ്ടെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.