മംഗളൂരു: ആര്‍എസ്എസ് നേതാവ് ഡോ. കല്ലഡ്ക്ക പ്രഭാകര്‍ ഭട്ടിനെ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഉദ്ഘാടകനാക്കിയതിനെ ചൊല്ലി വിവാദം. ഇതിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. കാമ്പസ് ഫ്രണ്ട് ബുധനാഴ്ച കൊണാജെയിലെ മംഗളൂരു സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന് യോഗവും ചേര്‍ന്നു. ആര്‍.എസ്.എസ് നേതാവിനെ ഉദ്ഘാടകനാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റോഡില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിദ്യാര്‍ത്ഥി നേതാവടക്കം നിരവധി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക പരിപാടിയിലേക്ക് വിദ്വേഷ പ്രസംഗകനെ ക്ഷണിക്കുന്നത് കാമ്പസിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ തകിടം മറിക്കുമെന്ന് കാമ്പസ് ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു.
തീരദേശത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തതിന് കല്ലഡ്ക്ക പ്രഭാകര്‍ ഭട്ടിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കല്ലഡ്ക പ്രഭാകറിനെ സര്‍വകലാശാലയിലേക്ക് ക്ഷണിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. കാമ്പസിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പ്രഭാകര്‍ ഭട്ടിനെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് സിഎഫ്‌ഐ അംഗങ്ങള്‍ മംഗളൂരു സര്‍വകലാശാല അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പ്രഭാകര്‍ ഭട്ടിനെ ഉദ്ഘാടകനാക്കുമെന്ന നിലപാടില്‍ തന്നെയാണ് സര്‍വകലാശാല അധികൃതര്‍. കാമ്പസില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.