കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയടക്കം രാജ്യത്തെ പന്ത്രണ്ട് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള വിവിധ ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (CUCET 2021) സെപ്തംബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള കേന്ദ്ര സര്‍വ്വകലാശാല പരീക്ഷാ കണ്ട്രോളറും സിയുസിഇടി നോഡല്‍ ഓഫീസറുമായ ഡോ. എം. മുരളീധരന് നമ്പ്യാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്ത് പകുതിയോടെ ഇതിന്റെ വിജ്ഞാപനം ഇറങ്ങുമെന്നാണ് പ്രതീക്ഷ. വിവിധ സംസ്ഥാനങ്ങളിലായി 150ലേറെ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. പത്തിലേറെ കേന്ദ്രങ്ങളാണ് കേരളത്തില്‍ ഉള്ളത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് ഇത്തവണത്തേത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി സഹകരിച്ച് പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയാണ് പ്രവേശന പരീക്ഷ കോര്‍ഡിനേറ്റ് ചെയ്യുന്നത്.
പന്ത്രണ്ട് സര്‍വ്വകലാശാലകളിലായി 307 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും 63 ബിരുദ കോഴ്സുകളിലേക്കുമാണ് പ്രവേശനം. ഇതില്‍ ഒരു ബിരുദ കോഴ്സും 26 ബിരുദാനന്തര ബിരുദ കോഴ്സും മൂന്ന് പിജി ഡിപ്ലോമ കോഴ്സുകളുമാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലുള്ളത്. 1384 സീറ്റുകളിലേക്കാണ് പ്രവേശനം. എക്കണോമിക്സ്, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്റ് പോളിസി സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, എജ്യൂക്കേഷന്‍, സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്വിയോണ്മെന്റല് സയന്‍സ്, ജിനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ സ്റ്റഡീസ്, എല്‍എല്‍എം, പബ്ലിക് ഹെല്‍ത്ത്, എംബിഎ, എംബിഎ (ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ്), എംകോം, കന്നഡ എന്നിവയാണ് ബിരുദാനന്തര ബിരുദ കോഴ്സുകള്‍. യോഗ, എന്‍ആര്‍ഐ ലോസ്, ഹിന്ദി എന്നിവയിലാണ് ഡിപ്ലോമ കോഴ്സുകള്‍. തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലുള്ള ഇന്റര്‍നാഷണല്‍ റിലേഷന്‍സാണ് ഏക ബിരുദ കോഴ്സ്.
മൂന്ന് കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിന് ജനറല്‍, ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് 800 രൂപയും എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയുമാണ് ഫീസ്. മൂന്നിലധികം കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിന് ഒരു കോഴ്സിന് 275 രൂപ അധികമായി അടക്കണം. കേരള കേന്ദ്ര സര്‍വ്വകലാശാലയിലേക്കുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. 2018ല്‍ 19,000 അപേക്ഷകള്‍ ഉണ്ടായിരുന്നത് 2019ല്‍ 27,000 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അപേക്ഷകളുടെ എണ്ണം 33,333 ലെത്തി. ഇത്തവണയും വലിയ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672309467, 04672309466 എന്ന നമ്പറുകളിലോ admissions@cukerala.ac.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് സി.യു.കെ പരീക്ഷാ ഡെപ്യുട്ടി നോഡല്‍ ഓഫീസര്‍ ഡോ. രാമചന്ദ്രന് കോതാരമ്പത്ത്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.സുജിത്, ഹിന്ദി ഓഫീസര്‍ ഡോ.ടി.കെ. അനീഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.