കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പ് നല്‍കി സ്‌കൂള്‍ വര്‍ഷത്തിന് ആഘോഷത്തുടക്കം

കാസര്‍കോട്: കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പ് നല്‍കി സ്‌കൂള്‍ വര്‍ഷത്തിന് തുടക്കമായി. അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും ചേര്‍ന്ന് വര്‍ണാഭമായ വരവേല്‍പ്പാണ് ഇത്തവണ നല്‍കിയത്. കരഞ്ഞും ചിരിച്ചും ആടിയും പാടിയും അവര്‍ സ്‌കൂള്‍ മുറ്റത്തെത്തി. നിറപ്പകിട്ടോടെയായിരുന്നു പൊതുവിദ്യാലയങ്ങളിലെ പ്രവേശനോത്സവം. ഉപജില്ല, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടന്നു. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍, കലാ-സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രതിഭകള്‍, എന്നിവര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രവേശനോത്സവത്തില്‍ പങ്കാളികളായി. സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തില്‍ മുരുകന്‍ കാട്ടാക്കടയുടെ […]

കാസര്‍കോട്: കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പ് നല്‍കി സ്‌കൂള്‍ വര്‍ഷത്തിന് തുടക്കമായി. അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും ചേര്‍ന്ന് വര്‍ണാഭമായ വരവേല്‍പ്പാണ് ഇത്തവണ നല്‍കിയത്. കരഞ്ഞും ചിരിച്ചും ആടിയും പാടിയും അവര്‍ സ്‌കൂള്‍ മുറ്റത്തെത്തി. നിറപ്പകിട്ടോടെയായിരുന്നു പൊതുവിദ്യാലയങ്ങളിലെ പ്രവേശനോത്സവം. ഉപജില്ല, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടന്നു. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍, കലാ-സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രതിഭകള്‍, എന്നിവര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രവേശനോത്സവത്തില്‍ പങ്കാളികളായി. സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തില്‍ മുരുകന്‍ കാട്ടാക്കടയുടെ രചനയില്‍ ഗായിക മഞ്ജരി ആലപിച്ച മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം..സൂര്യനെ പിടിക്കണം..പിടിച്ചു സ്വന്തമാക്കണം എന്ന പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി. പാട്ടും നൃത്തവുമൊക്കെ ഉള്‍പ്പെടുത്തിയ ആഘോഷങ്ങള്‍ക്കു ശേഷം മധുരവും നല്‍കിയാണ് കുട്ടികളെ തിരികെ വീട്ടിലേക്ക് അയച്ചത്. ആദ്യദിനം കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും എത്തിയതിനാല്‍ പലയിടത്തും വിദ്യാലയങ്ങള്‍ക്കു മുന്നില്‍ ജനത്തിരക്കും ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടു. പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസിന്റെയും നേതൃത്വത്തില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചു.
ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ വൃക്ഷ തൈ നട്ട് കേരള തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അക്ഷരലോകത്തേക്ക് പുതിയതായി എത്തിയ കുരുന്നുകളെ വാരിപ്പുണര്‍ന്നും താലോലിച്ചുമാണ് മന്ത്രി വരവേറ്റത്. ഉത്സവാന്തരീക്ഷത്തിലാണ് ഈ വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ ആരംഭിച്ചത്. പുതുതായി വിദ്യാലയത്തിലേക്കെത്തിയ കുട്ടികളെ അക്ഷര തൊപ്പികള്‍ അണിയിച്ചും അക്ഷര കാര്‍ഡുകള്‍ നല്‍കിയുമാണ് വിദ്യാലയത്തിലേക്ക് എതിരേറ്റത്. പുതുതായി സ്‌കൂളിലെത്തിയ 57 വിദ്യാര്‍ഥികള്‍ അവരുടെ പേരുകള്‍ നല്‍കിയ വൃക്ഷത്തൈകള്‍ സ്‌കൂള്‍ അങ്കണത്തില്‍ നട്ടു. പ്രകൃതി സംരക്ഷണത്തിന്റെയും പ്രവേശനോത്സവത്തിന്റെയും ഭാഗമായി ജില്ലാ പഞ്ചായത്ത് ഒരുക്കിയ പദ്ധതിയാണ് പഠിച്ചു തുടങ്ങാം വൃക്ഷത്തൈ നട്ട്. ജില്ലയില്‍ ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി ഒരുക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെ വിവിധ സ്‌കൂളുകളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ഥികള്‍ വൃക്ഷത്തൈ നടും. ജൂണ്‍അഞ്ചിന് ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പദ്ധതിക്ക് സമാപനമാവും.
ഉദ്ഘാടനചടങ്ങുകള്‍ക്ക് മുന്നേ വേദിയില്‍ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടന പ്രസംഗം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിനിമ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി.

Related Articles
Next Story
Share it