ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും ഉള്‍പ്പെടെ ഒന്‍പതിടത്ത് സി.ബി.ഐ റെയ്ഡ്. ഡല്‍ഹി, മുംബൈ ചെന്നൈ, ഒഡീഷ, കര്‍ണാടക, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. ഒമ്പതിടത്തും ഒരേ സമയമാണ് സി.ബി.ഐ സംഘമെത്തിയത്. റെയ്ഡ് 15 മിനിറ്റോളം നീണ്ടു. കാര്‍ത്തി ചിദംബരത്തിന്റെ 2010 മുതല്‍ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടക്കുന്നുണ്ട്.
പഞ്ചാബിലെ ഒരു പ്രൊജക്ടില്‍ ജോലി ചെയ്യുന്നതിനായി ചില ചൈനീസ് പൗരന്മാര്‍ക്ക് വിസ സൗകര്യം ഒരുക്കാന്‍ 50 ലക്ഷം രൂപ കാര്‍ത്തി ചിദംബരം കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ പി.ചിദംബരവും കാര്‍ത്തി ചിദംബരവും നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്. പി.ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കം മറ്റു കേസുകളിലും കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം റെയ്ഡിനെ പരിഹസിച്ച് കാര്‍ത്തി ചിദംബരം രംഗത്തെത്തി. ‘റെയ്ഡ് ഇത് എത്രാമത്തെ തവണയാണെന്ന് എനിക്കു തന്നെ നിശ്ചയമില്ല. ഇത് റെക്കോര്‍ഡ് ആയിരിക്കും’ -റെയ്ഡിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.