ഹൃദയ ചികിത്സാരംഗത്തെ നൂതന സംവിധാനങ്ങളുമായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു

കാഞ്ഞങ്ങാട്: ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ് മേക്കര്‍ തുടങ്ങി ചെലവേറിയ ചികിത്സകള്‍ ഇനി സാധാരണക്കാര്‍ക്കും ലഭിക്കും. ഹൃദയ ചികിത്സാരംഗത്തെ നൂതന സംവിധാനങ്ങളുമായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. ജില്ലയുടെ ആരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാരിന്റെ എട്ട് കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ജില്ലാ ആസ്പത്രിയില്‍ കാത്ത് ലാബ് സംവിധാനം ഒരുക്കിയിട്ടുള്ളത്. രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായും മന്ത്രി പറഞ്ഞു.ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ […]

കാഞ്ഞങ്ങാട്: ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ് മേക്കര്‍ തുടങ്ങി ചെലവേറിയ ചികിത്സകള്‍ ഇനി സാധാരണക്കാര്‍ക്കും ലഭിക്കും. ഹൃദയ ചികിത്സാരംഗത്തെ നൂതന സംവിധാനങ്ങളുമായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. ജില്ലയുടെ ആരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാരിന്റെ എട്ട് കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ജില്ലാ ആസ്പത്രിയില്‍ കാത്ത് ലാബ് സംവിധാനം ഒരുക്കിയിട്ടുള്ളത്. രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായും മന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ നടത്തും. രണ്ടാം ഘട്ടത്തില്‍ ആന്‍ജിയോ പ്ലാസ്റ്റിയും ഇവിടെ ആരംഭിക്കും. രക്തധമനികളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്നു ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നതു തടയാനുള്ള ഐ.സി.ഡി സംവിധാനവും കാത്ത് ലാബിലുണ്ട്. കുറഞ്ഞ ചെലവില്‍ ഹൃദ്രോഗ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കുകയെന്നാണ് കാത്ത് ലാബിലൂടെ ലക്ഷ്യം വെക്കുന്നത്.
ഹൃദയത്തിന്റെ രക്തധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ തന്നെ ചികിത്സാ സംവിധാനമുണ്ടാകുന്നത് ആരോഗ്യരംഗത്തെ മുന്നേറ്റമാണ്. കാത്ത് ലാബ് സി.സി.യുവില്‍ 7 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഇ.ഇ.ജി സംവിധാനവും ജില്ലാ ആസ്പത്രിയില്‍ സജ്ജമായിട്ടുണ്ട്. അപ്‌സമാര രോഗ നിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇ.ഇ.ജി. വിവിധ തരത്തിലുള്ള മസ്തിഷ്‌ക രോഗബാധ വിലയിരുത്താന്‍ ഇ.ഇ.ജി ഉപകരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഈ സൗകര്യം വലിയ ആശ്വാസമാണ്. പൂര്‍ണമായും സൗജന്യമായ ഇ.ഇ.ജി സൗകര്യമാണ് ജില്ലാസ്പത്രിയില്‍ ഒരുക്കിയിട്ടുള്ളത്.
2019ല്‍ കാത്ത് ലാബിനുള്ള സ്ഥലം എച്ച്.എല്‍.എമ്മിന് കൈമാറിയിരുന്നു. 2021 ഫെബ്രുവരി എട്ടിന് കാത്ത് ലാബ് ഉദ്ഘാടനം ചെയ്തു. ജൂലൈയില്‍ സി.സി.യു പൂര്‍ത്തിയായി. ആഗസ്ത് 13 മുതല്‍ ഹൃദ്രോഗവിദഗ്ധന്റെ സേവനം ലഭ്യമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിമിതികളും പരാതികളുമായി ഒതുങ്ങിപ്പോയിരുന്ന കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ്. ഗ്രാമീണ ആരോഗ്യമിഷന്‍ സംസ്ഥാനത്തെ മികച്ച ആസ്പത്രികള്‍ക്ക് നല്‍കി വരുന്ന കായകല്‍പ്പ പുരസ്‌കാരം, ആരോഗ്യകേരളം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ജില്ലാ ആസ്പത്രിക്ക് ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it