തൂക്കിലേറ്റപ്പെട്ട പൂച്ചയും കീരിയും സമൂഹ മനഃസാക്ഷിയോട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മനുഷ്യജീവന് തന്നെ വിലയില്ലാത്ത ഈ കാലത്ത് പൂച്ചയെയും കീരിയെയും പോലുള്ള നിസാരജീവികള്‍ കൊല്ലപ്പെടുന്നതില്‍ എന്താണ് അത്ഭുതം എന്ന ലാഘവത്വം നിറഞ്ഞ അഭിപ്രായം ഉന്നയിക്കാന്‍ വരട്ടെ. തിരുവനന്തപുരത്തെ ഒരു ക്ലബ് കെട്ടിടത്തില്‍ കെട്ടിത്തൂക്കപ്പെട്ട ഗര്‍ഭിണിയായ പൂച്ചയും കാസര്‍കോട്ടെ കുംബഡാജെ മാര്‍പ്പിനടുക്കയില്‍ അക്കേഷ്യ മരക്കൊമ്പില്‍ തൂങ്ങിയാടിയ രണ്ട് കീരികളും സമൂഹമനസാക്ഷിയോട് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.ജഡാത്മകമായ അവസ്ഥയിലും എറിയുന്ന മൂകമായ ആ ചോദ്യശരങ്ങള്‍ ഒരു ഉത്തരവുമില്ലാതെ അന്തരീക്ഷത്തില്‍ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു. നിസഹായതയുടെയും നിരാലംബതയുടെയും ചാരത്ത് ഒരുഗതിയുമില്ലാതെ ജീവിക്കുന്ന ഏഴകളായ ജന്‍മങ്ങളുടെ ജീവിതത്തിന് […]

മനുഷ്യജീവന് തന്നെ വിലയില്ലാത്ത ഈ കാലത്ത് പൂച്ചയെയും കീരിയെയും പോലുള്ള നിസാരജീവികള്‍ കൊല്ലപ്പെടുന്നതില്‍ എന്താണ് അത്ഭുതം എന്ന ലാഘവത്വം നിറഞ്ഞ അഭിപ്രായം ഉന്നയിക്കാന്‍ വരട്ടെ. തിരുവനന്തപുരത്തെ ഒരു ക്ലബ് കെട്ടിടത്തില്‍ കെട്ടിത്തൂക്കപ്പെട്ട ഗര്‍ഭിണിയായ പൂച്ചയും കാസര്‍കോട്ടെ കുംബഡാജെ മാര്‍പ്പിനടുക്കയില്‍ അക്കേഷ്യ മരക്കൊമ്പില്‍ തൂങ്ങിയാടിയ രണ്ട് കീരികളും സമൂഹമനസാക്ഷിയോട് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.ജഡാത്മകമായ അവസ്ഥയിലും എറിയുന്ന മൂകമായ ആ ചോദ്യശരങ്ങള്‍ ഒരു ഉത്തരവുമില്ലാതെ അന്തരീക്ഷത്തില്‍ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു. നിസഹായതയുടെയും നിരാലംബതയുടെയും ചാരത്ത് ഒരുഗതിയുമില്ലാതെ ജീവിക്കുന്ന ഏഴകളായ ജന്‍മങ്ങളുടെ ജീവിതത്തിന് ഒരു വിലയും പ്രാധാന്യവുമില്ലെന്നും അവര്‍ക്ക് ആരെയും എന്തും ചെയ്യാമെന്നുമുള്ള പൊതുധാരണയുടെ അടയാളങ്ങളാണ് ഈ മിണ്ടാപ്രാണികളുടെ ജീര്‍ണിച്ച ശരീരങ്ങള്‍ സമൂഹത്തിന് കാണിച്ചുകൊടുത്തിരിക്കുന്നത്. എവിടെയും ആശ്രയമില്ലാത്ത മനുഷ്യജീവികളുടെ അവസ്ഥയും ഇതിന് സമാനമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഏത് മേഖലയിലായാലും കയ്യൂക്കുള്ളവരുടെ കാര്യം ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയാത്ത സാഹചര്യം തന്നെയാണ് ആധുനിക കാലത്തും കേരളത്തില്‍ നിലനില്‍ക്കുന്നത്. അധികാരവും പണവും സ്വാധീനവും ഉള്ളവര്‍ അതില്ലാത്ത വിഭാഗങ്ങളുടെ നേര്‍ക്ക് നടത്തുന്ന അധീശത്വവും ബലപ്രയോഗവും പല രീതികളിലാണ് ഇരകളാക്കപ്പെടുന്നവര്‍ അനുഭവിക്കുന്നത്. വെട്ടിപ്പിടിച്ചും വേട്ടയാടിയും കയ്യൂക്കുള്ളവര്‍ ഏതുവിധേനയും തങ്ങളുടെ കാര്യങ്ങള്‍ നേടിയെടുക്കുന്നു. നീതിയെയും നിയമത്തെയും പോലും വിലക്കെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. കൊടുംക്രൂരതകളും അനീതികളും ഉള്ളവര്‍ക്ക് ഇല്ലാത്തവര്‍ക്കുനേരെ നിഷ്പ്രയാസം നടത്താന്‍ കഴിയുന്ന അവകാശങ്ങളായി മാറുന്നു. രാഷ്ട്രീയഉദ്യോഗസ്ഥനിയമപന്ഥാവുകളിലെ പ്രാമാണികശക്തികള്‍ക്ക് അധികാരത്തിന്റെ ഒരുതലത്തിലും സ്വാധീനമില്ലാത്തവരെ ചവിട്ടിയരക്കാന്‍ കഴിയുന്നതിലൂടെ ലഭിക്കുന്ന ഒരുതരം ആത്മസംതൃപ്തിയുണ്ട്. ഉന്നതങ്ങളില്‍ പിടിപാടുണ്ടെങ്കില്‍ ആരെയും കൊല്ലാനും ഉപദ്രവിക്കാനും നശിപ്പിക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്ന മനോഭാവത്തിലൂടെയുണ്ടാകുന്ന ക്രൗര്യം നിറഞ്ഞ ഉന്‍മാദാവസ്ഥ. അതിന്റെ മൂര്‍ത്തരൂപങ്ങളായ നരാധമന്‍മാരാണ് വാളയാറില്‍ ദളിതരായ രണ്ട് പിഞ്ചുകുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ തെളിവിന്റെ അഭാവത്തില്‍ കോടതിയുടെ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആഹ്ലാദാരവങ്ങളുമായി സമൂഹമനസാക്ഷിയെ പരിഹസിച്ചുകൊണ്ട് ഇപ്പോഴും സൈ്വര്യവിഹാരം നടത്തുന്നത്. അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം എന്ത് കൊടിയ പാപം ചെയ്താലും കഴുകിക്കളയുന്ന പാപനാശിനിയാകുമെന്ന ബോധം വരും കാലങ്ങളിലും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ക്രിമിനല്‍ ചിന്താഗതിയുള്ളവരെ പ്രചോദിപ്പിക്കുമ്പോള്‍ ഇടങ്ങള്‍ ഇല്ലാത്ത മനുഷ്യസമൂഹത്തെസംബന്ധിച്ചിടത്തോളം അഭയം തേടാന്‍ നീതിയുടെ ഒരു സങ്കേതം പോലും വാതില്‍ തുറന്ന് കിടക്കുന്നില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നു. അങ്ങനെയുള്ള ഒരു സാമൂഹ്യാവസ്ഥയില്‍ നിന്നാണ് വാളയാറില്‍ പിച്ചിച്ചീന്തിയ ശേഷം കൊന്ന് തൂക്കിയ ദളിത് പിഞ്ച് ശരീരങ്ങളെയും അതിന് ശേഷം ഇതേ രീതിയില്‍ കെട്ടിത്തൂക്കിയ മിണ്ടാപ്രാണികളെയും വിലയിരുത്തേണ്ടത്. ദളിത് പെണ്‍കുട്ടികളെ കെട്ടിത്തൂക്കിയവരുടെ ലക്ഷ്യം തങ്ങള്‍ക്കെതിരെ വരാവുന്ന മൊഴികളെയും അന്വേഷണങ്ങളെയും തെളിവുകളെയും ഇല്ലാതാക്കി നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ട് തങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നതായിരുന്നു. നിര്‍ധനരായ പട്ടികജാതി കുടുംബത്തിലെ കുരുന്നുകളായതിനാല്‍ ജീവിതത്തില്‍ നിന്ന് ഈ വാടിയ പൂക്കളെ ഇറുത്ത് മാറ്റുന്നത് ഇവിടത്തെ അധികാരത്തെയും നിയമത്തെയും അലോസരപ്പെടുത്തില്ലെന്ന വ്യക്തമായ അവബോധം ക്രൂരകൃത്യം നടത്തിയ ആളുകള്‍ക്കുണ്ടായിരുന്നു.
ആദിവാസി ദളിത് സ്‌നേഹവായ്ത്താരികളും നവോത്ഥാനമാനവിക വിടുവായത്തങ്ങളും പൗരാവകാശ സംരക്ഷണവാദങ്ങളും ലിംഗസമത്വവും സാമൂഹ്യനീതിയും ബാലാവകാശവിശകലനങ്ങളും തരാതരം ഉദ്‌ഘോഷിക്കുന്ന കേരളത്തില്‍ വാളയാര്‍ കേസിലുണ്ടായ നീതിനിഷേധത്തിനും വിവേചനത്തിനുമെതിരെ ശക്തമായി പ്രതികരിക്കാനോ തെരുവിലിറങ്ങാനോ കേരളത്തിലെ ഒരു സാംസ്‌കാരികനായകനും സമയമുണ്ടായില്ല. ഭരണത്തിലിരിക്കുന്നവര്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന തരത്തില്‍ പ്രതികരിച്ചാല്‍ അവാര്‍ഡുകളും സ്ഥാനമാനങ്ങളും ലഭിക്കാതെ പോയെങ്കിലോ എന്ന ആശങ്കയായിരുന്നു ഈ ദുരൂഹമൗനത്തിന് കാരണം. വാളയാര്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ ക്രൂരമായ അനുഭവത്തിന് സമാനമായ അത്രിക്രമങ്ങളും പീഡനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍ക്കുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കാറുള്ള കേരളത്തിലെ സാംസ്‌കാരികനായകര്‍ സ്വന്തം നാട്ടിലെ അതിഭീകരമായ കുറ്റകൃത്യത്തെ ഒന്ന് അപലപിക്കാന്‍ പോലും ധൈര്യപ്പെടാതെ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു.വാ തുറക്കുമ്പോള്‍ വാള എന്ന് പറയാതിരിക്കാനായി വിമ്മിഷ്ടപ്പെടുന്ന സാംസ്‌കാരികമുഖങ്ങളൊക്കെയും കോടിപ്പോയി വടക്കോട്ട് തന്നെ ദൃഷ്ടിയൂന്നി ഇരിക്കുന്ന കാഴ്ചയാണ് ഇപ്പോഴുമുള്ളത്. ഏത് അനീതിക്കെതിരെയാണെങ്കിലും പ്രതികരിക്കണമെങ്കില്‍ രാഷ്ട്രീയവും മതവും ജാതിയുമൊക്കെ പരിശോധിക്കുന്ന വര്‍ത്തമാനപരിതസ്ഥിതിയില്‍ മിണ്ടാപ്രാണികളെ യാതൊരു മനസാക്ഷിയുമില്ലാതെ ഹിംസിക്കുന്ന പ്രവണതക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ പോലും സമൂഹത്തില്‍ വിവേചനമുണ്ട്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സസ്തനികള്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ സാധുജീവജാലങ്ങളെ എത്ര ഉപദ്രവിച്ചാലും രാഷ്ട്രീയക്കാര്‍ ഇതിനെതിരെ ചെറുവിരല്‍പോലുമനക്കില്ല. ഒരു വ്യക്തിയോട് മാത്രമുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പറശിനിക്കടവിലെ സ്‌നേക്ക് പാര്‍ക്കില്‍ കയറി പാമ്പുകളെയും മൃഗങ്ങളെയും പക്ഷികളെയും ചുട്ടുകൊന്ന ക്രൂരതയുടെചരിത്രം സ്വന്തമായുള്ള നാടാണ് കേരളം. ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും പേരില്‍ വംശനാശം സംഭവിക്കുന്ന വന്യജീവികളെ പോലും വേട്ടയാടി കൊന്നൊടുക്കുന്നതില്‍ നമുക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല. അറവിന് കൊണ്ടുപോകുന്ന മൃഗങ്ങളോട് ജീവിച്ചിരിക്കുന്ന സമയത്തുപോലും ദയ കാണിക്കാത്ത മനുഷ്യസമൂഹമാണ് ഇവിടെയുള്ളത്. കന്നുകാലികളെ വാഹനങ്ങളില്‍ വരിഞ്ഞുകെട്ടിയും കുത്തിനിറച്ചും കൊണ്ടുപോകുന്നത് സമൂഹമനസാക്ഷിയെ ഒരുവിധത്തിലും അലോസരപ്പെടുത്തുന്നില്ല. മൃഗസ്‌നേഹികളും പക്ഷിസ്‌നേഹികളും മാത്രം പ്രതിഷേധിക്കേണ്ടവിഷയത്തിനപ്പുറം ഇതിനെതിരെ പൊതുവായ പ്രതികരണങ്ങളൊന്നും ഉയര്‍ന്നുവരുന്നില്ല.
രണ്ട് ആദിവാസി പെണ്‍കുട്ടികളെ കൊന്നവരെയും പൂച്ചയെയും കീരികളെയും കൊന്നവരെയും നയിക്കുന്നത് ഒരേതരം സാഡിസ്റ്റ് മാനസികഘടനയാണ്. സ്‌നേഹം, ദയ, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മനുഷ്യത്വത്തിലൂന്നിയ നിര്‍മലമായ വികാരങ്ങള്‍ നഷ്ടമായവരുടെ ചെയ്തികളാണിതെല്ലാം. ബാല്യകാലങ്ങളില്‍ ചെറുജീവികളെ വേദനിപ്പിച്ച് കൊല്ലുന്നതില്‍ രസം കണ്ടെത്തുന്നവരുണ്ട്. തവളകളെ കല്ലെറിഞ്ഞ് കൊല്ലുന്നതിലും നായയുടെ കാല് ഉരുളന്‍ കല്ലെടുത്തെറിഞ്ഞ് ഒടിക്കുന്നതിലുമെല്ലാം ആനന്ദം കണ്ടെത്തുന്ന കുട്ടികള്‍ പ്രായം ചെല്ലുമ്പോഴും ഈ ശീലം ഉപേക്ഷിക്കുന്നില്ലെങ്കില്‍ മുതിര്‍ന്നുകഴിഞ്ഞാല്‍ അത്തരക്കാര്‍ മനുഷ്യരെ തന്നെ കൊല്ലാന്‍ മടികാണിക്കാത്തവരായി മാറിയെന്നുവരാം.പാന്‍പരാഗില്‍ നിന്ന് മദ്യത്തിലേക്കും അവിടെനിന്ന് കഞ്ചാവിലേക്കും ലഹരിയുടെ മേച്ചില്‍പുറങ്ങള്‍ കണ്ടെത്തുന്നവന്റെ ചുവടുമാറ്റം പോലെയാണത്. ചെറിയ ക്രിമിനലിസത്തില്‍ നിന്ന് വലിയ ക്രിമനലാകുന്നതിന്റെ ലക്ഷണശാസ്ത്രം. ലോകത്തിലെ കുപ്രസിദ്ധരായ പല കൊലയാളികളും ചെറുപ്പകാലത്ത് ഈ രീതിയിലുള്ള മനോവൈകൃതത്തിന് ഉടമകളായിരുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Related Articles
Next Story
Share it