കോടതി ജീവനക്കാര്‍ക്ക് പുറമെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്; നിയമപോരാട്ടം മുറുകുന്നു

കാസര്‍കോട്: കോടതി ജീവനക്കാര്‍ക്കുപുറമെ മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നു. കോടതി ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തത്. കാസര്‍കോട് ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥരായ ബിനീഷ്, ജിജോ വിജയ്, നിസാര്‍ തുടങ്ങി 4 പേര്‍ക്കെതിരെയാണ് കേസ്. മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം 18 കോടതി ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. വാഹനം തടഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ […]

കാസര്‍കോട്: കോടതി ജീവനക്കാര്‍ക്കുപുറമെ മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നു. കോടതി ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തത്. കാസര്‍കോട് ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥരായ ബിനീഷ്, ജിജോ വിജയ്, നിസാര്‍ തുടങ്ങി 4 പേര്‍ക്കെതിരെയാണ് കേസ്. മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം 18 കോടതി ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. വാഹനം തടഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ക്കെതിരായ പരാതി. കോവിഡ് കാരണം പൊതുഗതാഗത സംവിധാനം കുറവായതിനാല്‍ കോണ്‍ട്രാക്ട് ഗാരിജ് ബസിലാണ് ജീവനക്കാര്‍ കോടതിയിലെത്തിയിരുന്നത്. ഈ ബസ്, സ്‌കെയില്‍ ഗാരിജ് ബസുകളുടെ രീതിയില്‍ സ്റ്റോപ്പില്‍ നിന്ന് ആളുകളെ കയറ്റിയെന്നാരോപിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത്. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കലക്ടര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയെ തുടര്‍ന്ന് ബഹളവും തര്‍ക്കവും ഉണ്ടായതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പരാതിയില്‍ 18 കോടതി ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയാണുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായാണ് കോടതി ജീവനക്കാരും പരാതി നല്‍കിയത്. ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ അറസ്റ്റിലാകുന്ന സാഹചര്യമാണുള്ളത്. അറുപത് കോടതി ജീവനക്കാര്‍ ചേര്‍ന്ന് 20 പരാതികളാണ് നല്‍കിയത്. ഇതോടെ ഓരോ കേസിലും വെവ്വേറെ നിയമനടപടികളായിരിക്കും വേണ്ടിവരിക. കേസിലെ വകുപ്പുകള്‍ ഓരോന്നും വ്യത്യസ്ത ജഡ്ജിമാര്‍ക്ക് കീഴിലാണ് കൈകാര്യം ചെയ്യേണ്ടത്. ജില്ലാകോടതി. സി.ജെ.എം കോടതി, മുന്‍സിഫ് കോടതി, അഡീഷണല്‍ ജില്ലാകോടതി, ഫസ്റ്റ് ക്ലാസ് ജില്ലാ മജിസ്‌ട്രേട്ട് കോടതി തുടങ്ങി വിവിധ കോടതികളിലെ ജീവനക്കാരാണ് പരാതിക്കാര്‍.

Related Articles
Next Story
Share it