കൊച്ചി: കേരളത്തില്‍ കെട്ടടങ്ങാതെ കിടക്കുന്ന നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. സമൂഹത്തിലെ മതസൗഹാര്‍ദത്തിനും, ഐക്യത്തിനും കോട്ടം തട്ടാന്‍ അനുവദിക്കരുത്. മതവികാരങ്ങള്‍ മുറിപ്പെടുന്ന സാഹചര്യങ്ങളുണ്ടാകുമ്പോള്‍ വിവേകത്തോടെയും പരസ്പര ബഹുമാനത്തോടെയും ചര്‍ച്ചകള്‍ നടത്തി പരിഹാരം ഉണ്ടാക്കണം. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ-സമുദായ-മത നേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിച്ചു മുന്നോട്ട് പോകണമെന്നതുമാണ് സഭയുടെ നിലപാട്. ഇതില്‍ നിന്ന് മാറാതിരിക്കാന്‍ സഭാംഗങ്ങള്‍ ശ്രദ്ധിക്കണം. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ക്രൈസ്തവ സഭകളോ സഭാ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ ദുര്‍വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും കര്‍ദിനാള്‍ പറഞ്ഞു.
അതിനിടെ കടുത്ത വര്‍ഗീയ വിദ്വേഷം പരത്തുന്ന പരാമര്ശമായിട്ടും മന്ത്രി വി എന്‍ വാസവന് ബിഷപ്പിനെ വെള്ള പൂശുന്ന നിലപാട് സ്വീകരിച്ചത് മുസ്ലിം മതനേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജിഫ്രി തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും രംഗത്തെത്തിയിരുന്നു.