പുത്തൂര്‍: ഉപ്പിനങ്ങാടി ഷിരാഡി ഗ്രാമത്തിലെ അദ്ദഹോളില് കാര്‍ പാലത്തിലിടിച്ച് പുഴയിലേക്ക് മറിഞ്ഞ് ഒരു യാത്രക്കാരന് മരിച്ചു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് ഹൊസൂരില്‍ നിന്ന് ധര്‍മസ്ഥലയിലേക്ക് പോവുകയായിരുന്ന കാര്‍ യാത്രക്കാരനായ ഹരിപ്രസാദ് (45) ആണ് മരിച്ചത്. ഡ്രൈവര്‍ ഗോപി(45)യുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ മയങ്ങിപ്പോയതോ അല്ലെങ്കില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതോ മൂലമാകാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണതെന്നാണ് നിഗമനം. ഇതുവഴി പോയ വാഹനങ്ങളിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയും ചെയ്തു. പൊലീസും സ്ഥലത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.