ഇന്ത്യയ്ക്ക് 10 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച് കാനഡ, ഒരു മില്യണ്‍ ഡോളര്‍ ന്യൂസിലാന്‍ഡും നല്‍കും; പണം കേന്ദ്രസര്‍ക്കാരിന് നേരിട്ട് നല്‍കില്ല, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വഴി ഉപകരണങ്ങള്‍ വാങ്ങി നല്‍കും

ന്യൂഡെല്‍ഹി: ഇന്ത്യയെ കോവിഡില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സഹായങ്ങളുമായി കൂടുതല്‍ വിദേശ രാജ്യങ്ങള്‍. മില്യണ്‍ ഡോളറുകള്‍ പ്രഖ്യാപിച്ച് കാനഡയും ന്യൂസിലാന്‍ഡും. കാനഡ 10 മില്യണ്‍ കനേഡിയന്‍ ഡോളറും (60 കോടിയിലേറെ ഇന്ത്യന്‍ രൂപ) ന്യൂസിലാന്‍ഡ് ഒരു മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറും ( അഞ്ച് കോടി 36 ലക്ഷം രൂപ) നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനേഡിയന്‍ വിദേശകാര്യ മന്ത്രി നേരിട്ട് ബന്ധപ്പെട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. […]

ന്യൂഡെല്‍ഹി: ഇന്ത്യയെ കോവിഡില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സഹായങ്ങളുമായി കൂടുതല്‍ വിദേശ രാജ്യങ്ങള്‍. മില്യണ്‍ ഡോളറുകള്‍ പ്രഖ്യാപിച്ച് കാനഡയും ന്യൂസിലാന്‍ഡും. കാനഡ 10 മില്യണ്‍ കനേഡിയന്‍ ഡോളറും (60 കോടിയിലേറെ ഇന്ത്യന്‍ രൂപ) ന്യൂസിലാന്‍ഡ് ഒരു മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറും ( അഞ്ച് കോടി 36 ലക്ഷം രൂപ) നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനേഡിയന്‍ വിദേശകാര്യ മന്ത്രി നേരിട്ട് ബന്ധപ്പെട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്ത് സഹായം ചെയ്യാന്‍ കഴിയുമെന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. മെഡിക്കല്‍ ഉപകരണങ്ങളും ആംബുലന്‍സ് സജ്ജീകരണങ്ങളും കാനഡ വാഗ്ദാനം ചെയ്തവയിലുണ്ട്. മഹാമാരിക്കെതിരെ പോരാടുന്ന സുഹൃത്തുക്കള്‍ക്കായി നിലകൊള്ളണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി മാര്‍ക് ഗാര്‍നോ ട്വിറ്ററില്‍ കുറിച്ചിരുന്നു.

കോവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് ഒരു മില്യന്‍ ഡോളറിന്റെ സഹായം നല്‍കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. ഓക്സിജന്‍ അടക്കം കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനുള്ള അവശ്യ വസ്തുക്കള്‍ വാങ്ങി വിതരണം ചെയ്യുന്നതിനാണ് ഈ തുകയെന്നും ജസീന്ത അറിയിച്ചു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും തുടര്‍ന്നും സഹായങ്ങളുണ്ടാകുമെന്നും വിദേശകാര്യ മന്ത്രിയും അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ ചെറിയ രാജ്യമാണ്. പക്ഷേ അത് ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും പിന്തുണ നല്‍കുന്നതിനും തടസമല്ല. ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സിജന്‍ കോണ്‍സെട്രേറ്ററുകള്‍ മറ്റ് അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനാണ് തുക വിനിയോഗിക്കുക. ഇതിനൊപ്പം ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഇന്ത്യയ്ക്ക് നല്‍കും. ഇന്ത്യയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇനിയും ഇന്ത്യക്ക് എതെങ്കിലും രീതിയില്‍ പിന്തുണ ആവശ്യമുണ്ടെങ്കില്‍ അത് നല്‍കുമെന്നും ജസീന്ത പറഞ്ഞു.

അതേസമയം ഇരുരാജ്യങ്ങളും കേന്ദ്രസര്‍ക്കാരിന് പണം നേരിട്ട് നല്‍കില്ല. പകരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്ക് പണം കൈമാറി ആവശ്യമായ ഉപകരണങ്ങളും മറ്റും കേന്ദ്രസര്‍ക്കാരിന് കൈമാറാനാണ് തീരുമാനം. കാനഡയിലെ റെഡ് ക്രോസ് സൊസൈറ്റി വഴി ഇന്ത്യയിലെ റെഡ് ക്രോസ് സൊസൈറ്റിക്ക് പണം കൈമാറുമെന്ന് ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. നേരത്തെ യു.എസ്, ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.

Related Articles
Next Story
Share it